ആയുർവേദ ഗ്രന്ഥങ്ങളുടെ പരിഷ്കരണം അവഗണിക്കുന്നു; കേന്ദ്രത്തിന്റെ സംയോജിത എം.ബി.ബി.എസ്-ബി.എ.എം.എസ് ബിരുദത്തെ എതിർത്ത് ആയുർവേദ ഗവേഷകരും പ്രഫസർമാരും

ന്യൂഡൽഹി: സംയോജിത എം.ബി.ബി.എസ്-ബി.എ.എം.എസ് ബിരുദ പ്രോഗ്രാം അവതരിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ പദ്ധതിയെ ചോദ്യം ചെയ്ത് ആയുർവേദ ഗവേഷകരും അധ്യാപകരും. ആയുർവേദത്തിലെ പരമ്പരാഗത വൈദ്യശാസ്ത്ര രീതി പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന രീതി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന ആവശ്യം അധികൃതർ അവഗണിക്കുന്നുവെന്നും അവർ പറഞ്ഞു.

നിരവധി പ്രാഥമിക പരിചരണ വൈകല്യങ്ങൾ പരിഹരിക്കാൻ ആയുർവേദത്തിന് കഴിവുണ്ടെങ്കിലും കാലഹരണപ്പെട്ട ഗ്രന്ഥങ്ങളെയും പരമ്പരാഗത വിശ്വാസങ്ങളെയും തുടർച്ചയായി ആശ്രയിക്കുന്നതിനാൽ ഈ വിഭാഗം ബൗദ്ധികമായി സ്തംഭനാവസ്ഥയിലാണ്.

ആയുർവേദ ഗ്രന്ഥങ്ങൾ സമയബന്ധിതമായ പരിഷ്കാരങ്ങൾക്ക് വിധേയമായിട്ടില്ല. നിലവിൽ ആയുർവേദ കോളജുകളിൽ പഠിപ്പിക്കുന്നത് സത്യങ്ങളുടെയും അസത്യങ്ങളുടെയും മിശ്രിതമാണെന്നും ബംഗളൂരുവിലെ നാഷനൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിലെ ഗവേഷകനായ ജി.എൽ. കൃഷ്ണ പറഞ്ഞു. ആയുർവേദം അതിന്റെ കാലഹരണപ്പെട്ട ഭാഗങ്ങൾ ഉപേക്ഷിച്ച് സ്വയം പുതുക്കുന്നില്ലെങ്കിൽ അത് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സമീപനങ്ങളുമായി പൊരുത്തപ്പെടുകയില്ല -കൃഷ്ണ ഒരു ബ്ലോഗിൽ എഴുതി.

പരമ്പരാഗത ഗ്രന്ഥങ്ങളെയും വിശ്വാസങ്ങളെയും അനാവശ്യമായി ആശ്രയിക്കുന്നത് ആയുർവേദം കപടശാസ്ത്രപരമാണെന്ന ധാരണകൾക്ക് കാരണമായിട്ടുണ്ടെന്ന് ബനാറസ് ഹിന്ദു സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ആയുർവേദ പ്രഫസർ കിഷോർ പട്‌വർധൻ പറഞ്ഞു. സംയോജിത വിദ്യാഭ്യാസത്തെ താൻ അനുകൂലിക്കുന്നുവെന്നും എന്നാൽ ആയുർവേദത്തെ തത്വശാസ്ത്രപരമായി ഏകീകൃതമാക്കിയതിനുശേഷം മാത്രമേ സംയോജനം പൊരുത്ത​പ്പെടുകയുള്ളൂ എന്നും പട്‌വർധൻ പറഞ്ഞു.

കേന്ദ്രത്തിന്റെ ആസൂത്രണം ചെയ്ത എം.ബി.ബി.എസ്-ബി.എ.എം.എസ് പരിപാടി ആധുനിക വൈദ്യശാസ്ത്രത്തിലെ ചില പ്രാക്ടീഷണർമാരുടെയും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

കേന്ദ്ര ആയുഷ് (ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി) സഹമന്ത്രി പ്രതാപ്‌റാവു ജാദവ് കഴിഞ്ഞ മാസം പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് ഇന്ത്യയിൽ ആദ്യത്തെ സംയോജിത എം.ബി.ബി.എസ്-ബി.എ.എം.എസ് കോഴ്‌സ് അവതരിപ്പിക്കുമെന്ന് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Tags:    
News Summary - Ayurveda scholars, modern doctors oppose Centre's integrated MBBS-BAMS undergraduate programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.