തിരുവനന്തപുരം: ഏറ്റവും ഡിമാൻഡുള്ള എം.ബി.ബി.എസ് കോഴ്സിനുപോലും ഇല്ലാത്ത ഫീസ് കൃഷിവകുപ്പിന് കീഴിലെ കാർഷിക കോളജിൽ അഗ്രികൾച്ചർ ബിരുദ കോഴ്സിന്. ഫീസ് താങ്ങാനാകാതെ നിർധന വിദ്യാർഥി കോളജ് വിട്ട വാർത്ത ‘മാധ്യമം’ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് കാർഷിക സർവകലാശാലയിൽ ഫീസിന്‍റെ മറവിൽ വിദ്യാർഥികളെ കൊള്ളയടിക്കുന്നത് ചർച്ചയായത്.
സർക്കാർ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസിന് 23,150 രൂപയും ഡെന്‍റൽ കോളജുകളിൽ ബി.ഡി.എസിന് 20,840 രൂപയുമാണ് വാർഷിക ഫീസ്. എന്നാൽ, കാർഷിക സർവകലാശാല ബി.എസ്സി അഗ്രികൾച്ചർ, ഫോറസ്ട്രി കോഴ്സുകൾക്ക് സെമസ്റ്റർ ഫീസ് 15,750 രൂപയിൽനിന്ന് ഒറ്റയടിക്ക് വർധിപ്പിച്ച് 48,000 രൂപയാക്കി.
ഇതോടെ അനുബന്ധ ഫീസുകളുൾപ്പെടെ വാർഷിക ഫീസ് ഒരു ലക്ഷം കവിയുന്ന സ്ഥിതിയായി. എക്സിക്യുട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ ഒമ്പതിനാണ് ഫീസ് വർധിപ്പിച്ച് സർവകലാശാല ഉത്തരവിറക്കിയത്. ഇത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഫീസ് വർധനവിവരം പ്രവേശന സമയത്താണ് ഭൂരിഭാഗം വിദ്യാർഥികളും അറിഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയാണ് ഫീസ് വർധനക്ക് ന്യായീകരണമായി സർവകലാശാല നിരത്തുന്നത്.
എന്നാൽ, നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി മെറിറ്റിൽ പ്രവേശനം നേടുന്ന വിദ്യാർഥികളെ പിഴിഞ്ഞാണ് സർവകലാശാല സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴി കണ്ടെത്തിയതെന്നാണ് വിമർശനം. പ്രവേശനപരീക്ഷ കമീഷണറുടെ അലോട്ട്മെന്‍റ് വഴി നികത്തുന്ന മറ്റൊരു ബിരുദ കോഴ്സിലുമില്ലാത്ത ഫീസാണ് കാർഷിക സർവകലാശാല ഈടാക്കുന്നത്. സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ പോലും ഇത്രയധികം വാർഷിക ഫീസില്ലെന്ന് വിദ്യാർഥികൾ പറയുന്നു.
തിരുവനന്തപുരം: കാർഷിക സർവകലാശാലയിൽ താങ്ങാനാകാത്ത ഫീസിനെ തുടര്‍ന്ന് വിദ്യാർഥി ടി.സി വാങ്ങിയ പ്രശ്നത്തിൽ ഇടപെട്ട് കൃഷി മന്ത്രി പി. പ്രസാദ്. ടി.സി വാങ്ങിപ്പോയ വിദ്യാർഥിയെ തിരികെ എത്തിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കാർഷിക സർവകലാശാല അധികൃതരുമായി സംസാരിച്ചു.
വിദ്യാർഥിയെ തിരികെ എടുക്കാൻ കോളജ് മുൻകൈയെടുക്കണമെന്ന് നിർദേശിച്ചതായി മന്ത്രി അറിയിച്ചു. ഫീസ് ഘടനയിൽ ഭേദഗതി വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഫീസ് ഘടനയിൽ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാകരുത്.
വിദ്യാർഥികൾക്ക് അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ആവശ്യമായ ഭേദഗതി വരുത്തും. കോടതിയുടെ മുന്നിലുള്ള വിഷയമായതിനാലാണ് കൂടുതൽ ഇടപെടാത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.