കേന്ദ്ര സർവിസിൽ 2536 ഒഴിവുകൾ; അറിയാം അപേക്ഷാ തിയതിയും വിശദാംശങ്ങളും
കേന്ദ്ര സർക്കാറിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/ഓഫിസുകൾ എന്നിവയിലേക്ക് ഗ്രൂപ് ‘സി’ വിഭാഗത്തിൽപ്പെടുന്ന ലോവർ ഡിവിഷൻ ക്ലർക്ക്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപറേറ്റർ തസ്തികകളിൽ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമീഷൻ 2026 വർഷം നടത്തുന്ന കമ്പയിൻഡ് ഹയർസെക്കൻഡറി (10+2) ലെവൽ പരീക്ഷയിൽ പങ്കെടുക്കാം.
ശമ്പള നിരക്ക്: എൽ.ഡി ക്ലർക്ക്/ജെ.എസ്.എ-19,900-63200 രൂപ. ഡി.ഇ.ഒ പേ ലെവൽ 4-25,500-81100 രൂപ; പേ ലെവൽ 5-29,200-92,300 രൂപ. അനുവദനീയമായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. ഒഴിവുകൾ: നിലവിൽ 2536 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിവിധ സംസ്ഥാന/മേഖലാ തലത്തിലുള്ള കേന്ദ്ര സർക്കാർ ഓഫിസുകളിലെ ഒഴിവുകൾ ശേഖരിച്ചിട്ടില്ല. നിയമന സമയമാവുമ്പോൾ ഒഴിവുകളിൽ വർധനയുണ്ടാകാം. തസ്തിക അടിസ്ഥാനത്തിൽ ഒഴിവുകൾ അപ്ഡേറ്റ് ചെയ്യുന്നമുറക്ക് വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
സംവരണം: നിശ്ചിത ഒഴിവുകൾ പട്ടികജാതി/ വർഗം, ഒ.ബി.സി, ഇ.ഡബ്ല്യു.എസ്, വിമുക്തഭടന്മാർ, ഭിന്നശേഷി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്നു. യോഗ്യത: ഹയർസെക്കൻഡറി/ പ്ലസ്ടു/ തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. എന്നാൽ കൺസ്യൂമർ അഫയേഴ്സ്, ഫുഡ് ആൻഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ, കൾചർ മന്ത്രാലയങ്ങളിലും സ്റ്റാഫ് സെലക്ഷൻ കമീഷനിലും ഗ്രേഡ് എ ഡേറ്റാ എൻട്രി ഓപറേറ്റർ തസ്തികയിലേക്ക് മാത്തമറ്റിക്സ് അടക്കമുള്ള ശാസ്ത്ര വിഷയങ്ങളിൽ പ്ലസ്ടു/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 7.10.2026നകം യോഗ്യതാ പരീക്ഷ പാസായിരിക്കണം.
പ്രായപരിധി: 1.08.2026ൽ 18-27 വയസ്സ്. എസ്.സി/എസ്.ടി-5 വർഷം, ഒ.ബി.സി-3 വർഷം, പി.ഡബ്ല്യു.ബി.ഡി-10 വർഷം, വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്. വിധവകൾക്കും നിയമപരമായി വിവാഹബന്ധം വേർപെടുത്തി പുനർവിവാഹം ചെയ്യാത്തവർക്കും 40 വയസ്സ് വരെയാകാം. കേന്ദ്ര സസ്‍വിസിൽ 3 വർഷത്തിൽ കുറയാതെ സേവനമനുഷ്ഠിച്ചുവരുന്ന സ്ഥിരം സിവിലിയൻ ജീവനക്കാർക്ക് 45 വയസ്സാണ് ഉയർന്ന പ്രായപരിധി.
അപേക്ഷാഫീസ്: 100 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി,വിമുക്തഭടന്മാർ വിഭാഗങ്ങളിൽപ്പെടുന്നവർക്കും ഫീസില്ല. വിസ, മാസ്റ്റർ കാർഡ്, റുപേ ഡെബിറ്റ് കാർഡ്, യു.പി.ഐ മുഖേന ഫീസ് അടക്കാം. ഒക്ടോബർ 7 വരെ അപേക്ഷ സ്വീകരിക്കും.
സെലക്ഷൻ: ടയർ-I, ടയർ-II എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (കമ്പ്യൂട്ടർ നോളജ് ടെസ്റ്റ്, സ്കിൽ/ടൈപ്പിങ് ടെസ്റ്റ് അടക്കം) എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷാ കേന്ദ്രം: കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, മലപ്പുറം നഗരങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയും. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
വിശദവിവരങ്ങൾ: http://ssc.gov.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.