മുഖം വാടകക്ക് കൊടുത്ത് കോടികൾ കൊയ്യാം; ചൈനയിൽ ട്രെൻഡായി ‘ഡിജിറ്റൽ ആക്ടർ’ സൈഡ് ഹസിൽ

ബെയ്ജിങ്: ജോലി ചെയ്യാതെയും നിങ്ങൾക്ക് പണം സമ്പാദിക്കാൻ കഴിയുമോ? അത്തരത്തിലൊരു വരുമാന മാർഗമാണ് ചൈനയിൽ ഇപ്പോൾ തരംഗമാകുന്നത്. ചൈനക്കാർക്ക് ഇപ്പോൾ മുഖം തിരിച്ചറിയാനുള്ള ഒരു അടയാളം മാത്രമല്ല, വരുമാനം നേടാനുള്ള ഡിജിറ്റൽ ആസ്തി കൂടിയാണ്. സ്വന്തം മുഖത്തിന്റെ ഡിജിറ്റൽ അവകാശം എ.ഐ ഉപയോഗിച്ച് നിർമിക്കുന്ന ഷോർട്ട് ഡ്രാമകൾ, പരസ്യങ്ങൾ, ഗെയിമുകൾ തുടങ്ങിയവക്കായി ലൈസൻസ് ചെയ്ത് പണം സമ്പാദിക്കുകയാണ് ചൈനയിലെ സാധാരണക്കാർ.

ഫേസ് ലൈസൻസിങ് പ്ലാറ്റ്ഫോമുകളിൽ രജിസ്റ്റർ ചെയ്ത് തിരിച്ചറിയൽ വിവരങ്ങൾ സ്ഥിരീകരിച്ച ശേഷം ഉപയോക്താക്കൾക്ക് സ്വന്തം ഡിജിറ്റൽ ആക്ടർ പ്രൊഫൈൽ തയാറാക്കാം. തുടർന്ന് എ.ഐ ഉപയോഗിച്ച് ഉള്ളടക്കം നിർമിക്കുന്ന കമ്പനികൾക്ക് ഈ പ്രൊഫൈലുകളിൽനിന്ന് ആവശ്യമായ മുഖം തിരഞ്ഞെടുക്കാം. ഷെൻഷെൻ ആസ്ഥാനമായ യുവാൻ‌സിയാങ് സിൻ‌ഷെങ് എന്ന പ്ലാറ്റ്‌ഫോമിൽ മേയ് മുതൽ ഇത്തരത്തിലുള്ള ഡിജിറ്റൽ ആക്ടർ പ്രൊഫൈലുകൾ ഒരുക്കാൻ അവസരം നൽകുന്നതായി ‘സൗത്ത് ചൈന മോണിങ് പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഓരോ മുഖത്തിനും വരുമാനം ഒരുപോലെയല്ല. ഒരു ബാങ്ക് ജീവനക്കാരന്റെ മുഖം മൂന്ന് ദിവസത്തിനിടെ ഒരു പരസ്യ കമ്പനി ഏഴ് തവണ ലൈസൻസ് ചെയ്തതിലൂടെ ഏകദേശം 2500 യുവാൻ (ഏകദേശം 370 ഡോളർ) നേടിയതായി റിപ്പോർട്ടുകൾ പറയുന്നു. മറ്റൊരു പ്ലാറ്റ്ഫോമിൽ ഒരു എപിസോഡിന് 99 മുതൽ 500 യുവാൻ വരെ പ്രതിഫലം നൽകിയതായി ‘റെസ്റ്റ് ഓഫ് വേൾഡ്’ റിപ്പോർട്ട് ചെയ്തു. ചില ഇടപാടുകളിൽ ലഭിക്കുന്ന തുക ഇതിലും വളരെ കൂടുതലായിരിക്കാം. ഏഴ് യു.എസ് ഡോളർ മുതൽ 15,000 യു.എസ് ഡോളർ വരെയാണ് ഇതുവരെ മുഖങ്ങൾക്കായി നൽകിയിരിക്കുന്നത്. പ്ലാറ്റ്ഫോം, നിർമാണം, ഉപയോഗ കാലയളവ്, ലൈസൻസ് നിബന്ധനകൾ എന്നിവ അനുസരിച്ച് തുക മാറുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എ.ഐക്ക് പൂർണമായും സാങ്കൽപ്പിക മുഖങ്ങൾ സൃഷ്ടിക്കാൻ കഴിയുമെങ്കിലും ചില നിർമാതാക്കൾ പ്രത്യേകതയുള്ളതോ തിരിച്ചറിയാൻ എളുപ്പമുള്ളതോ യഥാർഥ മനുഷ്യരുടേതുപോലെ തോന്നുന്നതോ ആയ മുഖങ്ങൾ തെരഞ്ഞെടുക്കാറുണ്ട്. പ്രമുഖരുടെ മുഖത്തിന് കൂടുതൽ തിരിച്ചറിയൽ മൂല്യമുണ്ടെന്നാണ് ചില സംവിധായകർ പറയുന്നത്. അതേസമയം, സാധാരണ മുഖങ്ങളും ചില എ.ഐ നിർമിത കഥാപാത്രങ്ങൾക്ക് ആവശ്യമായി വരുന്നതായി കമ്പനികൾ പറയുന്നു.

അതേസമയം, മുഖം ലൈസൻസ് ചെയ്യുന്നതിലൂടെ അതിന്റെ ഭാവി ഉപയോഗത്തെക്കുറിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്. ഒരു പരസ്യത്തിനോ കഥാപാത്രത്തിനോ നൽകിയ അനുമതി പിന്നീട് എങ്ങനെയൊക്കെ ഉപയോഗിക്കും എന്നതാണ് ഉയരുന്ന പ്രധാന ആശങ്ക. ഇന്ത്യയിലും എ.ഐ അധിഷ്ഠിത ഡിജിറ്റൽ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2026 മാർച്ചിൽ നടി റിയ ചക്രബർത്തി ‘മിഷ്ടി’ എന്ന എ.ഐ അധിഷ്ഠിത ഡിജിറ്റൽ കഥാപാത്രം അവതരിപ്പിച്ചിരുന്നു.

ചൈനയിലെ എ.ഐ അധിഷ്ഠിത ഷോർട്ട് ഡ്രാമാ വ്യവസായത്തിന്റെ വളർച്ചയാണ് ഇത്തരം പുതിയ സാധ്യതകൾക്ക് പിന്നിൽ. എ.ഐ ഉപയോഗിച്ച് കഥാപാത്രങ്ങളും തിരക്കഥകളും വിഡിയോകളും വേഗത്തിൽ നിർമിക്കാൻ കഴിയുന്നതോടെ നിർമാണ സമയവും ചെലവും കുറക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മുഖം മാത്രമല്ല, ഭാവിയിൽ ശബ്ദം, ചലനങ്ങൾ തുടങ്ങിയവയും ലൈസൻസ് ചെയ്ത് വരുമാനം നേടാനാകുമെന്ന ചർച്ചകൾക്കും ചൈനയിൽ തുടക്കം കുറിച്ചുകഴിഞ്ഞു.

Tags:    
News Summary - Chinas AI Boom Creates Face Rental Side Hustle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.