പ്രതീകാത്മക ചിത്രം
എ.ഐ കാലത്ത് സോഫ്റ്റ്‌വെയർ എൻജിനിയർമാർക്ക് ഇനി പുതിയ റോൾ; കോഡിങ്ങിനൊപ്പം ബിസിനസ് മികവും വേണമെന്ന് മാത്രം
ന്യൂഡൽഹി: ആർട്ടിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച തൊഴിൽ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി കഴിഞ്ഞു. അതിൽ ഏറ്റവും വലിയ മാറ്റം വരുത്തുന്നത് എൻജിനീയറിങ് മേഖലയിലാണ്. സോഫ്റ്റ്‌വെയർ എൻജിനീയറിങ് മേഖല ഒരു വർഷത്തിനുള്ളിൽതന്നെ അപ്രസക്തമാകുമെന്ന് പല വിദഗ്ധരും പറഞ്ഞിരുന്നു. എൻട്രി ലെവൽ ജോലികളായ കോഡിങ്, ഡേറ്റ എൻട്രി, കസ്റ്റമർ സപ്പോർട്ട് എന്നിവയിലും എ.ഐ പിടിമുറുക്കി കഴിഞ്ഞു. എന്നാൽ, എ.ഐയുടെ വരവോടെ എൻജിനീയർമാരുടെ ജോലിയിൽ പുതിയൊരു വഴി തുറക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
കോഡ് എഴുതുന്നതിൽ മാത്രം വൈദഗ്ധ്യമുള്ള എൻജിനീയർമാർക്ക് പകരം, എ.ഐയെ യഥാർഥ ബിസിനസ് ആവശ്യങ്ങളുമായി ബന്ധിപ്പിച്ച് മുന്നോട്ടുപോകാൻ കഴിയുന്നവർക്കാണ് ഇനി അവസരങ്ങൾ തുറക്കുക. ഇതോടെ, കമ്പനികളിൽ ഫോർവാർഡ് ഡിപ്ലോയ്ഡ് എൻജിനീയർ (എഫ്.ഡി.ഇ) എന്ന ശാഖയും ഇടംപിടിച്ചു കഴിഞ്ഞു. പ്രമുഖ അമേരിക്കൻ സോഫ്റ്റ്‌വെയർ കമ്പനിയായ പലന്തിർ ടെക്നോളജീസാണ് ഈ റോൾ അവതരിപ്പിച്ചിരിക്കുന്നത്.
എ.ഐ മോഡൽ വികസിപ്പിക്കുക എന്നത് മാത്രമല്ല എഫ്.ഡി.ഇയുടെ ജോലി. ഒരു കമ്പനിക്ക്/ ക്ലയന്റിന് യഥാർഥത്തിൽ എന്താണ് ആവശ്യമെന്ന് മനസ്സിലാക്കുക, നിലവിലെ സംവിധാനങ്ങളുമായി എ.ഐ സാങ്കേതികവിദ്യ സംയോജിപ്പിക്കുക, ആവശ്യാനുസരണം സോഫ്റ്റ്‌വെയർ രൂപപ്പെടുത്തുക, അത് പ്രവർത്തനക്ഷമമാക്കുക എന്നിവയാണ് പ്രധാന ചുമതലകൾ. അതുകൊണ്ടുതന്നെ കോഡിങ്ങിനൊപ്പം ബിസിനസ് ധാരണ, ആശയവിനിമയശേഷി, പ്രശ്നപരിഹാര കഴിവ് എന്നിവയും നിർണായകമാകും. ക്ലയന്റുകളുമായും ബിസിനസ് ടീമുകളുമായും നേരിട്ടാണ് ഇവർ പ്രവർത്തിക്കുക.
‘എ.ഐ നിർമിക്കുന്ന എൻജിനീയർ’ എന്നതിലുപരി ‘എ.ഐ ഉപയോഗിച്ച് കമ്പനിയുടെ പ്രശ്നം പരിഹരിക്കുന്ന എൻജിനീയർ’ ആണ് എഫ്.ഡി.ഇ. അതായത്, ഒരു സ്ഥാപനത്തിന് ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ എ.ഐ സംവിധാനം വേണമെങ്കിൽ, നിലവിലെ ഡാറ്റയും ബിസിനസ് പ്രക്രിയകളും മനസ്സിലാക്കി അനുയോജ്യമായ എ.ഐ സംവിധാനം രൂപപ്പെടുത്തുകയും അത് സ്ഥാപനത്തിന്റെ പ്രവർത്തനത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്നത് എഫ്.ഡി.ഇയുടെ ജോലിയായിരിക്കും. ഇതിനായി എല്ലാവരുമായി ആശയവിനിമയം നടത്തി, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം നൽകണം.
പരമ്പരാഗത സോഫ്റ്റ്‌വെയർ എൻജിനീയറിങ് ജോലികളിൽ സാങ്കേതിക കഴിവുകൾക്കാണ് പ്രധാന പരിഗണന. എന്നാൽ എഫ്.ഡി.ഇ റോളിൽ സാങ്കേതിക വൈദഗ്ധ്യത്തോടൊപ്പം കമ്പനിയുടെ പ്രശ്നങ്ങൾ തിരിച്ചറിയാനും അവക്ക് പ്രായോഗിക പരിഹാരം നിർദേശിക്കാനും കഴിയണം. പൈത്തൺ, എസ്.ക്യൂ.എൽ, മെഷീൻ ലേണിങ്, ഡാറ്റാ കൈകാര്യം ചെയ്യൽ തുടങ്ങിയ സാങ്കേതിക കഴിവുകൾക്കൊപ്പം ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താനും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും കഴിയണം. നിലവിലെ സംവിധാനങ്ങളിൽ എ.ഐ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിലാണ് എഫ്.ഡി.ഇമാരുടെ ആവശ്യകത.
2026ൽ എഫ്.ഡി.ഇ ജോബ് പോസ്റ്റിങ്ങുകളിൽ വലിയ വർധനയുണ്ടായതായി വ്യവസായ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഗൂഗ്ൾ ക്ലൗഡും ആക്സെഞ്ചറും അടുത്തിടെ ക്ലയന്റുകളുടെ സ്ഥാപനങ്ങളിൽ നേരിട്ട് പ്രവർത്തിക്കാൻ 1,000 എഫ്.ഡി.ഇമാരെ പരിശീലിപ്പിക്കുന്ന പ്രത്യേക സംരംഭവും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ ഐ.ടി കമ്പനികളും എ.ഐ സേവനങ്ങളിലേക്ക് മാറുന്നതോടെ എഫ്.ഡി.ഇ പോലുള്ള റോളുകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.