ടിക്​ടോക്കിൽ റീൽസ് ഷെയർ ചെയ്തു, ​ഐഡിയ ബിസിനസാക്കി; ഇന്ന് ജെൻസി സുഹൃത്തുക്കളുടെ അച്ചാർ കമ്പനിയുടെ മൂല്യം 81.6 കോടി രൂപ

ലോസ് ആഞ്ചലസ്: സമൂഹമാധ്യമങ്ങളിൽ പരസ്പരം റീൽസ് ഷെയർ ചെയ്തുകൊണ്ടിരുന്നപ്പോൾ തോന്നിയ ഒരു ബിസിനസ് ഐഡിയ. ആ ഐഡിയയെ രണ്ട് സുഹൃത്തുക്കൾ ചേർന്ന് ബിസിനസാക്കി മാറ്റിയപ്പോൾ സ്വന്തമാക്കിയത് 81.6 കോടി രൂപ മൂല്യമുള്ള ഒരു സ്റ്റാർട്ട്അപ്പ്.

സോഷ്യൽ മീഡിയയിലെ ഒരു ചെറിയ ട്രെൻഡിനെ ബിസിനസ് ആശയമാക്കി മാറ്റുകയായിരുന്നു രണ്ട് ജെൻസി സുഹൃത്തുക്കൾ. ജോലി ഉപേക്ഷിച്ചാണ് ലിയ മാർക്കസും യാസമൻ ബക്തിയാറും അച്ചാർ ബിസിനസിലേക്ക് ഇറങ്ങിയത്. ഗുഡ് ഗേൾ സ്നാക്സ് എന്നാണ് അവരുടെ സ്റ്റാർട്ട് അപ്പിന്റെ പേര്. ഇരുവരുടെയും സ്റ്റാർട്ട് അപ്പിന് ഇപ്പോൾ 8.5 മില്യൺ ഡോളർ, ഏകദേശം 81.6 കോടി രൂപ മൂല്യമുണ്ടെന്നാണ് റിപ്പോർട്ട്.

2022ൽ യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിൽ നിന്ന് ബിരുദം നേടിയവരാണ് ഇരുവരും. 2023ലാണ് ടിക്‌ടോക്കിൽ അച്ചാറുമായി ബന്ധപ്പെട്ട വീഡിയോകൾ പരസ്പരം പങ്കുവെക്കാൻ തുടങ്ങിയത്. അത് പിന്നീട് ഇരുവരും ബിസിനസ് ആശയമാക്കി മാറ്റി.

2023ലെ വേനൽക്കാലത്താണ് ഇരുവരും ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭം തുടങ്ങാൻ തീരുമാനിച്ചത്. ലോസ് ആഞ്ചലസ് ആസ്ഥാനമായി ഗുഡ് ഗേൾ സ്നാക്സ് ആരംഭിച്ച അവർ 2024 ഫെബ്രുവരിയിൽ ആദ്യ ഉൽപന്നമായ ഹോട്ട് ഗേൾ പിക്കിൾസ് വിപണിയിലെത്തിച്ചു. ആദ്യം സ്വന്തം വെബ്സൈറ്റ് വഴിയായിരുന്നു വിൽപന.


ബിസിനസിന്റെ വിവിധ ഘട്ടങ്ങളിൽ പരിചയസമ്പന്നരിൽനിന്ന് അവർ ഉപദേശം തേടി. യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിലെ സഹപാഠികളായ സ്റ്റാർട്ട് അപ്പ് സ്ഥാപകരിൽനിന്ന് മാർഗനിർദേശം തേടിയതിനൊപ്പം ലിങ്ക്ഡ്ഇൻ വഴി വ്യവസായ രംഗത്തുള്ളവരുമായി ബന്ധപ്പെടുകയും ഫണ്ടിങ്, പ്രവർത്തനം, ലോജിസ്റ്റിക്സ് തുടങ്ങിയ കാര്യങ്ങളിൽ ഉപദേശം സ്വീകരിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ സുഹൃത്തുക്കളിൽനിന്നും കുടുംബാംഗങ്ങളിൽനിന്നുമാണ് ബിസിനസിനായി തുക സമാഹരിച്ചത്.

തുടക്കത്തിൽ ഓൺലൈൻ വിൽപനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനി പിന്നീട് വലിയ റീട്ടെയിൽ ശൃംഖലകളിലേക്കും എത്തി. റീട്ടെയിലർമാരായ എറൂഹോൺ, ഹോൾ ഫുഡ്സ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഉൽപന്നം വിൽക്കുന്നതിനായി കമ്പനി അപേക്ഷിച്ചു. 2025ൽ ഇരുവിടങ്ങളിൽനിന്നും അനുമതി ലഭിച്ചതോടെ ഹോട്ട് ഗേൾ പിക്കിൾസിന്റെ വിപണി കൂടുതൽ വ്യാപിച്ചു.

ബ്രാൻഡിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് നിലവിൽ ഏകദേശം 1.8 ലക്ഷം ഫോളോവേഴ്സുണ്ട്. അച്ചാറുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ട്രെൻഡിനെ നേരിട്ട് ബ്രാൻഡാക്കി മാറ്റുകയായിരുന്നു ഇരുവരും. അച്ചാറിൽ മാത്രം ഒതുങ്ങാതെ കൂടുതൽ സ്നാക്ക് ഉൽപ്പന്നങ്ങളിലേക്ക് വ്യാപിക്കാനാണ് ഇരുവരുടെയും പദ്ധതി.

Tags:    
News Summary - Gen Z Friends Quit Jobs Build Rs 81.6 Crore Pickle Startup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.