ജോബ് ഓഫർ നൽകിയ ശേഷം പിൻവലിച്ചു; ഐ.ഐ.ടികളിലെ കാമ്പസ് നിയമനങ്ങളിൽ 22 കമ്പനികൾക്ക് രണ്ട് വർഷ വിലക്ക്
ന്യൂഡൽഹി: വിദ്യാർഥികൾക്ക് നൽകിയ ജോലി ഓഫറുകൾ നിരസിച്ച കമ്പനികൾക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. ഒറാക്കിൾ ഉൾപ്പെടെ 22 കമ്പനികളുമായി അടുത്ത രണ്ട് പ്ലേസ്‌മെന്റ് സീസണുകളിൽ സഹകരിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് ഐ.ഐ.ടികളുടെ കേന്ദ്ര പ്ലേസ്‌മെന്റ് സമിതി.
കാമ്പസ് റിക്രൂട്ട്മെന്റിൽ 23 ഐ.ഐ.ടികളിലായി 2026 ബാച്ചിലെ വിദ്യാർഥികൾക്ക് നൽകിയ 150ലേറെ ജോലി ഓഫറുകളാണ് കമ്പനികൾ പിന്നീട് നിരസിച്ചത്. ഐ.ഐ.ടികളിലുടനീളമുള്ള പ്ലേസ്‌മെന്റ്, ഇന്റേൺഷിപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ ഏകോപിപ്പിക്കുന്ന കേന്ദ്ര സ്ഥാപനമായ ആൾ ഐ.ഐ.ടിസ് പ്ലേസ്മെന്റ് കമ്മിറ്റി (എ.ഐ.പി.സി) സെപ്റ്റംബർ ആദ്യവാരം ഐ.ഐ.ടി ഗുവാഹത്തിയിൽ ചേർന്ന യോഗത്തിലാണ് നടപടി തീരുമാനിച്ചത്. ബന്ധപ്പെട്ട കമ്പനികൾക്ക് സെപ്റ്റംബർ 30നകം തീരുമാനം അറിയിക്കാനാണ് സമിതിയുടെ നീക്കം.
കമ്പനികളെ ഔദ്യോഗികമായി ബ്ലാക്ക്‌ലിസ്റ്റ്’ ചെയ്യുന്നു എന്നതിന് പകരം ‘നോൺ കോഓപറേഷൻ’ എന്ന പദമാണ് ഉപയോഗിക്കുക. ഇതോടെ അടുത്ത രണ്ട് പ്ലേസ്‌മെന്റ് സീസണുകളിൽ ഈ കമ്പനികൾക്ക് ഐ.ഐ.ടി കാമ്പസ് റിക്രൂട്ട്മെന്റിൽ പങ്കെടുക്കാനാകില്ല.
22 കമ്പനികളുടെ പട്ടികയിൽ ഒറാക്കിളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിവിധ ഐ.ഐ.ടികളിലായി ഒറാക്കിൾ ഏകദേശം 40 ജോലി ഓഫറുകൾ നൽകിയതിന് ശേഷം നടപ്പാക്കാതിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ഇതുവരെ റിക്രൂട്ട്‌മെന്റിനായി ഒറാക്കിൾ ഐ.ഐ.ടികളെ സമീപിച്ചിട്ടില്ലെന്ന് ഐ.ഐ.ടി ഗുവാഹത്തി അസോസിയേറ്റ് പ്രഫസർ ജോൺ ജോസ് പറഞ്ഞു. യു.എസ് സോഫ്റ്റ്‌വെയർ കമ്പനിയായ ഒറാക്കിൾ ഈ വർഷം ഇന്ത്യയുൾപ്പെടെ ആഗോളതലത്തിൽ ആയിരക്കണക്കിന് ജോലികൾ വെട്ടിക്കുറച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.