ഒമ്പത് മാസത്തിനിടെ ജോലി പോയത് 1.76 ലക്ഷം ​പേർക്ക്; കാരണം എ.ഐയും ചെലവ് ചുരുക്കലും, പിരിച്ചുവിടൽ തുടർന്ന് ടെക്കിനൊപ്പം മറ്റു മേഖലകളും

ന്യൂഡൽഹി: ആഗോളതലത്തിൽ ആശങ്ക ഉയർത്തി തൊഴിൽ വെട്ടിക്കുറയ്ക്കൽ. 2026ലെ ആദ്യ ഒമ്പത് മാസത്തിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 1.76 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായതായാണ് റിപ്പോർട്ട്. ടെക് മേഖലയിൽ മാത്രമല്ല, ബാങ്കിങ്, വാഹന നിർമാണം, റീട്ടെയിൽ, മീഡിയ, ഗെയിമിങ് തുടങ്ങിയ മേഖലകളിലും പിരിച്ചുവിടൽ നേരിടുന്നുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിക്ഷേപം, ചെലവ് ചുരുക്കൽ, സ്ഥാപനങ്ങളുടെ പുനഃസംഘടന, മാറുന്ന ബിസിനസ് മാതൃകകൾ തുടങ്ങിയവയാണ് കൂട്ടപ്പിരിച്ചുവിടലിന്റെ പ്രധാന കാരണങ്ങളായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. ആമസോൺ, ആപ്പിൾ, ഒറാക്കിൾ, മൈക്രോസോഫ്റ്റ്, മെറ്റ, ഊബർ തുടങ്ങിയ പ്രമുഖ കമ്പനികൾ ഈ വർഷം വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ആമസോൺ ജനുവരിയിൽ ഏകദേശം 16000 പേരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചിരുന്നു. എ.ഐ, എന്റർപ്രൈസ് സെയിൽസ് മേഖലകളിലെ നിക്ഷേപം വർധിപ്പിക്കുന്നതിനായി അറ്റ്ലാസിയൻ ഏകദേശം 1600 ജീവനക്കാരെയും ഇൻറ്റ്യൂട്ട് ഏകദേശം 3,000 ജീവനക്കാരെയും കുറക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മെറ്റ 8,000 പേരെയും ഡെൽ 11,000 പേരെയും ഒറാക്കിൾ നേരത്തെയുള്ള പുനഃസംഘടനയിൽ 21,000 പേരെയും പിരിച്ചുവിട്ടു. സെപ്റ്റംബറിൽ ഊബർ 3,300 പേരെ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചു.

ടെക് മേഖലക്ക് പുറത്തും തൊഴിൽ വെട്ടിക്കുറക്കൽ വലിയ തോതിൽ തുടരുന്നുണ്ട്. ഫോക്സ് വാഗൺ ആഗോളതലത്തിൽ 50000 പേരെ കൂടി പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. പോർഷെ 5000 ജോലിക്കാരെ കുറക്കാനും ജാഗ്വർ ലാൻഡ് റോവർ രണ്ട് വർഷത്തിനിടെ 4,000 ​ജോലികൾ കുറക്കാനും പദ്ധതിയിട്ടിട്ടുണ്ട്. ഉയർന്ന ചെലവ്, അധിക ഉൽപ്പാദനശേഷി, ഉപഭോക്തൃ ആവശ്യങ്ങളിലെ മാറ്റം, ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളിൽ നിന്നുള്ള മത്സരം തുടങ്ങിയവയാണ് വാഹനമേഖലയിലെ സമ്മർദത്തിന് കാരണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്

ഗെയിമിങ് മേഖലയിലും വലിയ തോതിലുള്ള മാറ്റങ്ങളാണ് നടക്കുന്നത്. മൈക്രോസോഫ്റ്റ് ജൂലൈയിൽ ഏകദേശം 4800 ജോലി വെട്ടിക്കുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൽ എക്സ്ബോക്സിന്റെ 3200 പേരെ കുറക്കുന്നതും ഉൾപ്പെടും. സെപ്റ്റംബറിലും എക്സ്​ബോക്സ് തൊഴിൽ ചുരുക്കൽ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, തൊഴിൽ വെട്ടിക്കുറക്കൽ ആഗോള തലത്തിൽ മാത്രമല്ല, ഇന്ത്യയിലെ തൊഴിൽ സാഹചര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അഡിഡാസ് ഇന്ത്യയിലെ ടെക്‌നോളജി വിഭാഗത്തിൽ ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു. ഇന്ത്യ ടെക്‌നോളജി വിഭാഗത്തിലെ 20 ശതമാനത്തിൽ താഴെ ജീവനക്കാരെയാണ് പിരിച്ചുവിടൽ ബാധിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയെങ്കിലും കൃത്യമായ എണ്ണം പുറത്തുവിട്ടിട്ടില്ല. ഊബർ പ്രഖ്യാപിച്ച ആഗോള പിരിച്ചുവിടലും ഇന്ത്യയിലെ ജീവനക്കാരെ ബാധിച്ചിട്ടുണ്ട്. മറ്റു കമ്പനികളും തൊഴിൽ വെട്ടിക്കുറക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്. ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയിൽ വലിയ ടെക്‌നോളജി, ഫിനാൻസ്, സപ്പോർട്ട്, കോർപ്പറേറ്റ് ടീമുകൾ നിലനിർത്തുന്നതിനാൽ ആഗോളതലത്തിലുള്ള പുനഃസംഘടനകൾ ഇന്ത്യൻ തൊഴിൽവിപണിയിലും പ്രതിഫലിക്കും.

കമ്പനികൾ ഔദ്യോഗികമായി പ്രഖ്യാപിച്ച പിരിച്ചുവിടൽ കണക്കിലാണ് 1.76ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. എന്നാൽ, മറ്റു കണക്കുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല. ആ കണക്കുകൾ കൂടി ​​വരുമ്പോൾ ഈ വർഷം ജോലി ​നഷ്ടമായവരുടെ എണ്ണം ഇതി​നേക്കാൾ കൂടുതൽ വരും. അതേസമയം എ.ഐ, ഡാറ്റ, ടെക്‌നോളജി, പ്രത്യേക മേഖലകളിലെ വിദഗ്ധപരിചയം എന്നിവയുള്ള ജീവനക്കാർക്ക് ആവശ്യകത ഉയരുന്ന സാഹചര്യവും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

Tags:    
News Summary - 1.76 Lakh Layoffs in 9 Months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.