ഐ​ഐഎമ്മിൽനിന്ന് എംബിഎ, 250ലേറെ അപേക്ഷകൾ, ഒരു ഇന്റർവ്യൂ കോൾ പോലും ലഭിച്ചില്ല; അനുഭവം വിവരിച്ച് യുവാവ്

ന്യൂഡൽഹി: മികച്ച മാനേജ്മെന്റ് സ്ഥാപനത്തിൽനിന്നുള്ള എം.ബി.എയും പ്രഫഷണൽ പരിചയവും ഉണ്ടെങ്കിൽ നല്ല ജോലി നേടി ലൈഫ് സെറ്റാക്കാമെന്നാണ് പലരുടെയും വിചാരം. എന്നാൽ, പഠനവും കഴിഞ്ഞ് മുൻപരിചയവുമുണ്ടായിട്ടും നല്ലൊരു ജോലിക്കായി കാത്തിരിക്കേണ്ടിവരുന്നതിന്റെ വിഷമം വിവരിക്കുന്ന ഒരു യുവാവിന്റെ കുറി​പ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഐ.ഐ​.എം കോഴിക്കോട് നിന്ന് എം.ബി.എ പൂർത്തിയാക്കിയ ശേഷമുള്ള ഒരു യുവാവിന്റെ ​ജോലി അന്വേഷണമാണ് കുറിപ്പിൽ.

പഠനം കഴിഞ്ഞ് മൂന്നുവർഷത്തെ ​പ്രഫഷനൽ പരിചയം നേടിയിട്ടും 250ലേറെ ജോലികൾക്ക് അപേക്ഷ അയച്ചിട്ടും ഇതുവരെ ഒരു ഇന്റർവ്യൂ കോൾ പോലും ലഭിച്ചില്ലെന്നാണ് യുവാവ് പറയുന്നത്. എൻജിനീയറിങ് പശ്ചാത്തലമുള്ള യുവാവ് മൂന്ന് വർഷം ഡാറ്റ അനലിറ്റിക്സ് മേഖലയിൽ ജോലി ചെയ്തു. അതിന് ശേഷമാണ് ​കോഴിക്കോട് ഐ.ഐ.എമ്മിൽ എം.ബി.എക്ക് ചേർന്നത്. തുടർന്ന് നിലവിലെ കമ്പനിയിലെ ജോലി ഇഷ്ടമല്ലാതിരുന്നതിനാൽ പുതിയ അവസരങ്ങൾ തേടിയിറങ്ങി.

അതിനായി ലിങ്ക്ഡ്ഇൻ, നൗകരി, ​ഐ.ഐ.എം ജോബ്സ് തുടങ്ങിയ ജോബ് പോർട്ടലുകളിലൂടെ അപേക്ഷകൾ അയച്ചു. കൂടാതെ റിക്രൂട്ടർമാർക്കും ഹയറിങ് മാനേജർമാർക്കും നേരിട്ട് ഇമെയിൽ അയക്കുകയും ചെയ്തു. ഇത്തരത്തിൽ 250ലേറെ അപേക്ഷകൾ അയച്ചിട്ടും ഒരു ഇന്റർവ്യൂവിന് പോലും യുവാവിനെ വിളിച്ചില്ല. ചില അപേക്ഷകൾ നിരസിച്ചു കൊണ്ടുള്ള മറുപടി ലഭിച്ചു. എന്നാൽ, വലിയൊരു വിഭാഗം അപേക്ഷകൾക്കും മറുപടി പോലും ലഭിച്ചില്ലെന്നും യുവാവ് പറയുന്നു. തുടർന്നാണ് യുവാവ് സ്വന്തം അനുഭവം വിവരിച്ച് റെഡ്ഡിറ്റിൽ കുറിപ്പെഴുതിയത്. ജോലി കണ്ടെത്തേണ്ടതിനെ കുറിച്ച് ഉപദേശം തേടുന്നതിനും അനുയോജ്യമായ പോസ്റ്റുകൾ ഉണ്ടെങ്കിൽ അറിയിക്കണമെന്നും ആവശ്യപ്പെട്ടു​കൊണ്ടാണ് യുവാവിന്റെ പോസ്റ്റ്. 

 യുവാവിന്റെ പോസ്റ്റ് വൈറലായതോടെ നിരവധി പേർ സമാന അനുഭവങ്ങൾ വിവരിച്ച് രംഗത്തെത്തി. എട്ട് വർഷത്തിലേറെ പ്രവൃത്തിപരിചയവും പ്രമുഖ മാനേജ്മെന്റ് സ്ഥാപനത്തിൽനിന്നുള്ള എം.ബി.എയും ഉണ്ടായിട്ടും ഒരു വർഷത്തിലേറെയായി ജോലി മാറാൻ കഴിയുന്നില്ലെന്ന് ഒരാൾ പറഞ്ഞു. ശമ്പളം കുറക്കാൻ തയാറായിട്ടും അവസരം ലഭിച്ചില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എ.ഐയുടെ വളർച്ച നിയമനങ്ങളെ ബാധിക്കുന്നുണ്ടെന്ന് പലരും ആശങ്ക പങ്കുവെച്ചു. തൊഴിൽ വിപണിയിൽ വെല്ലുവിളി വർധിച്ചുവരികയാണെന്ന അനുഭവവും പലരും പങ്കുവെച്ചു.

Tags:    
News Summary - IIM Kozhikode MBA Grad 250 Jobs No Calls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.