തിരുവനന്തപുരം: സെക്രട്ടറിയേറ്റ്, കേരള പബ്ലിക് സർവീസ് കമീഷൻ എന്നിവിടങ്ങളിലേക്ക് പി.എസ്.സി നടത്തിയ അസിസ്റ്റന്റ് ഓഡിറ്റർ മുഖ്യ പരീക്ഷയുടെ അന്തിമ ഉത്തരസൂചികകളിൽ പിഴവെന്ന പരാതിയുമായി ഉദ്യോഗാർഥികൾ. നവംബർ ഒന്നിന് പുറത്തിറക്കി ഉത്തര സൂചികയിലാണ് പിഴവുകൾ കണ്ടെത്തിയത്. ഇതിനെതിരെ പി.എസ്.സി ചെയർമാനടക്കം പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഒരുവിഭാഗം ഉദ്യോഗാർഥികൾ.
പ്രാഥമിക പരീക്ഷക്ക് ശേഷം സെപ്തംബർ 27 നാണ് മുഖ്യപരീക്ഷ നടത്തിയത്. രാവിലെയും ഉച്ചക്കുമായി 200 മാർക്കിന് ഒ.എം.ആർ മാതൃകയിൽ നടത്തിയ പരീക്ഷ എഴുതാൻ 49,073 ഉദ്യോഗാർഥികളാണ് യോഗ്യത നേടിയിരുന്നത്. എന്നാൽ ആദ്യ പേപ്പറിലെ 'എ' കോഡിലെ 15ാം ചോദ്യത്തിന്റെ ഉത്തരത്തിലും രണ്ടാം പേപ്പറിലെ 'എ' കോഡിലെ 69ാം ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുന്നതിൽ പി.എസ്.സിക്ക് തെറ്റുപറ്റിയെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.
ഒന്നാം പേപ്പറിലെ 15ാം ചോദ്യമായ ‘‘ആഗോളവത്കരണത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും മൂലധനത്തിന്റെയും തൊഴിലാളികളുടെയും അനിയന്ത്രിതമായ അതിർത്തി കടന്നുള്ള നീക്കം എന്ന് നിർവചിക്കുന്ന അന്താരാഷ്ട്ര സംഘടന ഏത്’’ എന്ന ചോദ്യത്തിന് താൽകാലിക ഉത്തര സൂചികയിൽ ‘ലോക വ്യാപാരസംഘടന’ എന്നതായിരുന്നു നൽകിയിരുന്നത്. എന്നാൽ ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ ഉത്തര സൂചികയിൽ ഉത്തരം ‘അന്താരാഷ്ട്ര നാണയ നിധി’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രണ്ടാം പേപ്പറിലെ 'എ 'കോഡിലെ 69ാം ചോദ്യമായ ‘13ാം പഞ്ചവത്സര പദ്ധതിയിൽ കേരളത്തിൽ ഇനിപ്പറയുന്നവയിൽ ഏതാണ് കൂടുതൽ വ്യവസ്ഥാപിതമായി വികസിപ്പിച്ചെടുത്തത് ’ എന്ന ചോദ്യത്തിന് ‘ലിംഗ ബജറ്റ്’ എന്നാണ് താൽകാലിക ഉത്തരസൂചികയിൽ രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ അന്തിക ഉത്തരസൂചികയിൽ അത് ‘വികേന്ദ്രീകൃത ആസൂത്രണ’മായി. അന്തിമ ഉത്തരസൂചികയിലെ തെറ്റുകൾ പഠന ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാർഥികൾ പി.എസ്.സി ചെയർമാനും കമീഷൻ അംഗങ്ങൾക്കും പരാതി നൽകിയിട്ടുള്ളത്. തെറ്റുകൾ തിരുത്താതെ മൂല്യ നിർണയവുമായി മുന്നോട്ടുപോയാൽ നെഗറ്റീവ് മാർക്ക് അടക്കം 2.66 മാർക്കാണ് ഉദ്യോഗാർഥികൾക്ക് നഷ്ടമാകുക. ഇത് റാങ്ക് പട്ടികയിൽ തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ തർക്കവിഷയമായ രണ്ട് ചോദ്യങ്ങളും റദ്ദ് ചെയ്യുകയോ അല്ലെങ്കിൽ ശരിയായ ഉത്തരം പരിശോധിച്ച് അന്തിമ ഉത്തരസൂചികയിൽ ഉൾപ്പെടുത്തണമെന്നുമാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.