അമേരിക്ക നടത്തുന്ന വ്യാപാര ഒളിയുദ്ധത്തിനിടയിലും ഇന്ത്യയിൽനിന്നുള്ള സമുദ്രോൽപന്ന കയറ്റുമതിക്ക് പുതിയ കവാടങ്ങൾ തുറന്ന് ഇന്ത്യ-യു.കെ സമ്പൂർണ സാമ്പത്തിക വാണിജ്യ കരാർ (സി.ഇ.ടി.എ). സി.ഇ.ടി.എ പ്രകാരമുള്ള ആദ്യ കയറ്റുമതി, സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ) തിരുവനന്തപുരത്തെ എയർ കാർഗോ േകാംപ്ലക്സിൽ നിന്ന് യു.കെയിലേക്ക് സാധ്യമാക്കിയതോടെ ഇന്ത്യൻ സമുദ്രോൽപന്ന മേഖലയിൽ സുപ്രധാനമായ നാഴികക്കല്ലാണ് പിറന്നത്. അതിനാൽ ഇന്ത്യയിലെ രണ്ട് പ്രമുഖ സീഫുഡ് കമ്പനികളിൽ നിന്നുള്ള ഉൽപന്നങ്ങൾ അയക്കുന്ന ചടങ്ങ് എം.പി.ഇ.ഡി.എ ആഘോഷമാക്കുകയും ചെയ്തു.
ഇന്ത്യയിൽനിന്നുള്ള എല്ലാവിധ സമുദ്രോൽപന്നങ്ങൾക്കും വ്യാപാര കരാർ വഴി നികുതി ഒഴിവാക്കപ്പെടും. ഇതോടെ ഇതുവരെ ഇന്ത്യയിൽനിന്നുള്ള സീഫുഡ് ഉൽപന്നങ്ങൾക്ക് ബാലികേറാമലയായിരുന്ന യു.കെ വിപണി ഏറെ സാധ്യതകളാണ് നൽകുന്നത്. വരും നാളുകളിൽ ഇന്ത്യയിൽനിന്നുള്ള പ്രീമിയം സമുദ്രോൽപന്നങ്ങൾക്ക് യു.കെ മികച്ച വിപണിയായി മാറുമെന്നാണ് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കാരും പ്രതീക്ഷിക്കുന്നത്. സി.ഇ.ടി.എ വഴി ഇന്ത്യ പ്രതീക്ഷിക്കുന്ന കയറ്റുമതി നേട്ടത്തിൽ വലിയൊരു പങ്ക് ലഭ്യമാക്കുക സമുദ്രോൽപന്ന മേഖലയാവും എന്നതാണ് ഇൗ പ്രതീക്ഷകളുടെ അടിത്തറ.
യു.കെ സമുദ്രോൽപന്ന വിപണിയുടെ വ്യാപ്തിയും നിലവിൽ ഈ വിപണിയിലേക്ക് ഇന്ത്യയിൽ നിന്ന് പോകുന്ന ഉൽപന്നങ്ങളുടെ അളവും പരിശോധിച്ചാലേ സി.ഇ.ടി.എ നിലവിൽ വന്നതോടെ ഇന്ത്യൻ സീഫുഡ് കയറ്റുമതിക്കാർക്ക് തുറന്നുകിട്ടുന്ന അവസരത്തിന്‍റെ പ്രാധാന്യം വ്യക്തമാകൂ. 600 കോടി ഡോളർ (ഏകദേശം 50,000 കോടി രൂപ) ആണ് യു.കെ സീഫുഡ് വിപണിയിൽ ഒരു വർഷം നടക്കുന്ന വ്യാപാരം. ഇതിൽ നിലവിൽ ഇന്ത്യയുടെ പങ്ക് വെറും 12.80 കോടി ഡോളർ (ഏകദേശം 1200 കോടി രൂപ) മാത്രമാണ്. അതായത് ആകെ വിപണിയുടെ രണ്ട് ശതമാനത്തിൽ താഴെ മാത്രം.
യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിലെ ആകെ വിപണിയുടെ 18.94 ശതമാനവും യു.എസ് വിപണിയുടെ 35 ശതമാനവും പങ്കാളിത്തം ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപന്നങ്ങൾക്കുണ്ട്. എന്നിരിക്കെയാണ് യു.കെ വിപണിയിലെ ഇതുവരെയുള്ള നിരാശജനകമായ പ്രകടനം. യൂറോപ്യൻ യൂനിയന്‍റെയും അമേരിക്കയുടെയും കടുത്ത നിബന്ധനകൾ കർശനമായി പാലിക്കാൻ കെൽപ്പുള്ള നിരവധി സമുദ്രോൽപന്ന സംസ്കരണ ശാലകൾ ഇന്ത്യയിലുള്ളതിനാൽ ഗുണനിലവാരത്തിന്‍റെ കുറവു മൂലം യു.കെ വിപണിയിൽ ഇന്ത്യ പിന്നാക്കം പോവില്ല.
തിരുവനന്തപുരം എയർ കാർഗോ േകാംപ്ലക്സിൽനിന്ന് ഇന്ത്യ-യു.കെ വാണിജ്യ കരാറിന്‍റെ ഭാഗമായുള്ള ആദ്യ സമുേദ്രാൽപന്ന കയറ്റുമതി ഫ്ലാഗ് ഓഫ് ചെയ്യുന്നു
ഇന്ത്യ-യു.കെ സമ്പൂർണ സാമ്പത്തിക വാണിജ്യ കരാർ യഥാർഥത്തിൽ ഇന്ത്യൻ സമുദ്രോൽപന്ന മേഖല കാത്തിരിക്കുന്ന യു.കെ വിപണി തുറക്കാനുള്ള താക്കോലാണ്. വീണുകിട്ടിയ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് എം.പി.ഇ.ഡി.എയും സമുദ്രോൽപന്ന കയറ്റുമതിക്കാരും. ഇൗ ശ്രമങ്ങൾ വിജയത്തിലേക്ക് നീങ്ങിയാൽ ഇന്ത്യയിൽ നിന്നുള്ള സമുേദ്രാൽപന്ന കയറ്റുമതിയിൽ വൻ കുതിപ്പാണ് വരും നാളുകളിൽ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.