എൻ.പി.എസിൽ പുതിയ മാറ്റങ്ങൾ: ഒക്ടോബർ 1 മുതൽ 200 രൂപ ഓൺബോർഡിങ് ചാർജ്, 5 പുതിയ ഇക്വിറ്റി വിഭാഗങ്ങൾ

നാഷനൽ പെൻഷൻ സംവിധാനത്തിലെ(എൻ.പി.എസ്) വരിക്കാർക്ക് ഇനി സ്കീമുകൾ തിരഞ്ഞെടുക്കുന്നത് കൂടുതൽ എളുപ്പമാകും. സ്കീമുകൾ വർഗീകരിക്കുന്നതിലും വിവരങ്ങൾ നൽകുന്നതിലും പെൻഷൻ റെഗുലേറ്ററായ പി.എഫ്.ആർ.ഡി.എ പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. ഒരു സ്കീമിൽ എത്രത്തോളം ഇക്വിറ്റി നിക്ഷേപമുണ്ട്, അതിലെ അപകടസാധ്യത , സ്കീമിന്‍റെ മുൻകാല പ്രകടനം എന്നിവ ഇനി നിക്ഷേപകർക്ക് വ്യക്തമായി മനസിലാക്കാൻ സാധിക്കും.

2026 ആഗസ്റ്റ് 28ലെ സർക്കുലർ പ്രകാരമാണ് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി എൻ.പി.എസ് സ്കീമുകളുടെ തരംതിരിവിനായി ഒരു ഏകീകൃത ചട്ടക്കൂട് അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ സ്കീമുകളും മൾട്ടിപ്പിൾ സ്കീം ഫ്രെയിംവർക്കിന് (MSF) കീഴിലുള്ള സ്കീമുകളും തമ്മിൽ മുൻപുണ്ടായിരുന്ന വ്യത്യാസവും ഒഴിവാക്കിയിട്ടുണ്ട്.

5 പുതിയ ഇക്വിറ്റി അധിഷ്ഠിത വിഭാഗങ്ങൾ

പുതിയ രീതി അനുസരിച്ച് സ്കീമുകളെ അവയുടെ ഇക്വിറ്റി വിഹിതത്തിന്  അനുസരിച്ച് തരംതിരിക്കും. നിക്ഷേപിക്കുന്നതിന് മുമ്പ് തന്നെ ഇക്വിറ്റി സാധ്യതകൾ എത്രത്തോളമുണ്ടെന്ന് മനസിലാക്കാൻ ഇത് വരിക്കാരെ സഹായിക്കും

  • കാറ്റഗറി A : 80-100 ശതമാനം ഇക്വിറ്റി നിക്ഷേപം. അഗ്രസീവ് ഗ്രോത്ത് , വളരെ ഉയർന്ന റിസ്ക്.
  • കാറ്റഗറി B: 60-80 ശതമാനം ഇക്വിറ്റി നിക്ഷേപം. ഹൈ ഗ്രോത്ത്, ഉയർന്ന റിസ്ക്.
  • കാറ്റഗറി C: 35-60 ശതമാനം ഇക്വിറ്റി നിക്ഷേപം. ബാലൻസ്ഡ് ഗ്രോത്ത്, ഇടത്തരം റിസ്ക്.
  • കാറ്റഗറി D: 10-35 ശതമാനം ഇക്വിറ്റി നിക്ഷേപം. കൺസർവേറ്റീവ് വിഭാഗം.
  • കാറ്റഗറി E : 0-10 ശതമാനം ഇക്വിറ്റി നിക്ഷേപം. പ്രധാനമായും കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നത്.

ഒരു സ്കീമിനും ഒരേസമയം രണ്ട് വിഭാഗങ്ങളിൽ വരാവുന്ന രീതിയിൽ ഇക്വിറ്റി പരിധി നിശ്ചയിക്കാനാകില്ല (ഉദാഹരണത്തിന് Category B, Category C എന്നിവ ഒരുമിച്ച് വരില്ല). നിശ്ചിത കാറ്റഗറിയിൽ തന്നെ അത് ഉൾപ്പെടണം. ഇത് വിവിധ പെൻഷൻ ഫണ്ടുകൾ തമ്മിൽ താരതമ്യം ചെയ്യാനും സ്വന്തം റിസ്ക് ശേഷിക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കാനും സഹായിക്കും.

ഒക്ടോബർ 1 മുതൽ 200 ഓൺബോർഡിങ് ചാർജ്

പോയിന്റ് ഓഫ് പ്രെസൻസ് (PoP) വഴി എൻ.പി.എസിൽ രജിസ്റ്റർ ചെയ്യുന്ന വരിക്കാർക്ക് ഒരു പുതിയ നിരക്ക് ബാധകമാകും.  ഒക്ടോബർ 1 മുതൽ, ഓരോ സ്ഥിരം വിരമിക്കൽ അക്കൗണ്ട് നമ്പറിനും (PRAN) ഒറ്റത്തവണ ഓൺബോർഡിങ് ചാർജായി 200 രൂപ ഈടാക്കും. ഈ തുക മുഴുവനായി ഒരൊറ്റ തവണയായി പിടിക്കില്ല. 

സ്കീം തിരഞ്ഞെടുക്കുന്നതിന് മുൻപ് അറിയേണ്ടത്

എൻ.പി.എസ് പ്ലാറ്റ്‌ഫോമുകളിൽ സ്കീമുകളുടെ വിവരങ്ങൾ കാണിക്കുന്ന രീതിയിലും പി.എഫ്.ആർ.ഡി.എ മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതൽ ഒരേ മാനദണ്ഡത്തിൽ വരിക്കാർക്ക് ആദ്യം സ്കീമിന്റെ തരവും വിഭാഗവും തിരിച്ചറിയാനും തുടർന്ന് പെൻഷൻ ഫണ്ട് തിരഞ്ഞെടുക്കാനും സാധിക്കും.

നിക്ഷേപകർക്ക് ഇനി താഴെ പറയുന്ന വിവരങ്ങൾ നേരിട്ട് താരതമ്യം ചെയ്യാം:

  • സ്കീമിന്റെ പേരും പെൻഷൻ ഫണ്ടും
  • ആരംഭിച്ച തീയതി 
  • മുൻകാല ലാഭവിഹിതം 
  • ബെഞ്ച്മാർക്കും ബെഞ്ച്മാർക്ക് റിട്ടേണുകളും
  • നിരക്കുകൾ 
  • റിസ്കോമീറ്റർ , മൊത്തം ഫണ്ട് മൂല്യം 

നിലവിലെ എൻ.പി.എസ് നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ

എൻ.പി.എസ് സ്കീമുകളുടെ വർഗീകരണവും പേരുകളും ഒരുപോലെയാക്കുക എന്നതാണ് പുതിയ മാറ്റങ്ങളുടെ പ്രധാന ലക്ഷ്യം. ഈ പുതിയ വർഗീകരണ നിയമങ്ങൾ ഗവൺമെന്‍റ് സെക്ടറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകൾക്ക് ബാധകമല്ല.

നിലവിലുള്ള മറ്റ് എൻ.പി.എസ് വരിക്കാർ പുതിയ മാറ്റങ്ങൾ കാരണം വീണ്ടും പുതിയ നിക്ഷേപ തീരുമാനങ്ങൾ ഉടനടി എടുക്കേണ്ടതില്ല. എങ്കിലും ഫണ്ടുകൾ അവരുടെ സ്കീമുകൾ പുതുക്കുമ്പോൾ പുതിയ പേര്, ഇക്വിറ്റി കാറ്റഗറി, റിസ്കോമീറ്റർ, ചാർജുകൾ, ബെഞ്ച്മാർക്ക് എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.

ഏതെങ്കിലും സ്കീമുകൾ പുനഃസംഘടിപ്പിക്കുകയോ ലയിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ, വരിക്കാർ മാറ്റങ്ങൾ കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കണം.

Tags:    
News Summary - new changes in NPS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.