ലുലു ഗ്രൂപ്പിന്റെ ബഹ്റൈനിലെ 20ാം വാർഷികാഘോഷ പരിപാടിയിൽനിന്ന്

ബഹ്റൈനിൽ രണ്ട് പതിറ്റാണ്ടിന്റെ അഭിമാന നിറവിൽ ലുലു

മനാമ: ബഹ്റൈനിൽ രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയതിന്റെ അഭിമാന നിറവിൽ ലുലു ഗ്രൂപ്പ്. ലുലു ദാന മാളിൽ നടന്ന വാർഷിക ആഘോഷങ്ങൾ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, തൊഴിൽ മന്ത്രിയും നിയമകാര്യ മന്ത്രിയുമായ യൂസിഫ് ബിൻ അബ്ദുൽ ഹുസൈൻ ഖലാഫ്, വ്യവസായ-വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദിൽ ഫഖ്റു, ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി എന്നിവർ ഉദ്ഘാടനം ചെയ്തു. രണ്ട് പതിറ്റാണ്ടിലെ വളർച്ചയും രാജ്യവുമായും ജനങ്ങളുമായും ബിസിനസ് സമൂഹവുമായുമുള്ള ദീർഘകാല പങ്കാളിത്തവും ആഘോഷപൂർവ്വം അനുസ്മരിച്ചു.

ഇക്കാലയളവിൽ 13 സ്റ്റോറുകളായി വളർന്ന് രാജ്യത്തിന്റെ ചില്ലറ വ്യാപാര രംഗത്തെ സുപ്രധാന ഘടകമായി മാറാൻ ലുലുവിന് സാധിച്ചു. വ്യാപാര ശൃംഖല വിപുലീകരണത്തോടൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ബഹ്റൈനി പ്രതിഭകൾക്ക് അവസരമൊരുക്കുന്നതിനും ഭക്ഷ്യസുരക്ഷയെ പിന്തുണക്കുന്നതിനും പ്രാദേശിക ഉൽപ്പാദകരുമായും ബിസിനസുകളുമായുമുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിച്ചു.

150ലധികം ബഹ്റൈനി കമ്പനികളുമായും എസ്.എം.ഇകളുമായും ലുലു സഹകരിച്ച് പ്രവർത്തിക്കുന്നു. പ്രാദേശിക കർഷകർക്കും ഉൽപാദകർക്കും സംരംഭകർക്കും ശക്തമായ പിന്തുണയും തദ്ദേശീയ ഉൽപന്നങ്ങൾക്ക് കൂടുതൽ ദൃശ്യതയും നൽകാൻ ലുലു ശ്രദ്ധിക്കുന്നു. അന്താരാഷ്ട്ര വിതരണ ശൃംഖലകൾ തടസ്സപ്പെട്ട സമയങ്ങളിൽ പോലും ആഗോള സോഴ്സിംഗ് ശൃംഖല പ്രയോജനപ്പെടുത്തി അവശ്യ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത നിലനിർത്താൻ ലുലുവിന് കഴിഞ്ഞു.

ബിസിനസിനപ്പുറം, വിദ്യാഭ്യാസം, മാനുഷിക സംരംഭങ്ങൾ, കായികം, സാമൂഹിക വികസനം എന്നിവക്കുള്ള പിന്തുണയിലൂടെ സമൂഹത്തോടുള്ള ശക്തമായ പ്രതിബദ്ധത ലുലു നിലനിർത്തി. കിരീടാവകാശിയുടെ ഇന്റർനാഷനൽ സ്കോളർഷിപ്പ് പ്രോഗ്രാമും റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനും പോലുള്ള സംരംഭങ്ങൾക്കും രാജ്യത്തുടനീളമുള്ള സാമൂഹിക പരിപാടികൾക്കും നൽകിവരുന്ന പിന്തുണ ഇതിൽ ഉൾപ്പെടുന്നു. ‘ഓരോ ഇടനാഴിയിലും ലോകത്തെ ആഘോഷിക്കുന്നു’ എന്നതാണ് വാർഷികാഘോഷത്തിന്റെ പ്രമേയം.

ലുലു റീട്ടെയിൽ ഡയറക്ടർ ജുസർ രൂപവാല, മറ്റ് മുതിർന്ന ലുലു മാനേജ്മെന്റ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ബഹ്റൈൻ ലുലുവിന്റെ യാത്രയിലെ പ്രധാന ഭാഗമാണെന്നും കഴിഞ്ഞ 20 വർഷമായി ഈ രാജ്യത്തോടൊപ്പം വളരാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി പറഞ്ഞു.

‘‘ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ദീർഘദർശനത്തിലൂന്നിയ നേതൃത്വത്തിനും ബഹ്റൈൻ ജനതയുടെ തുടർച്ചയായ വിശ്വാസത്തിനും പിന്തുണക്കും ഞങ്ങൾ നന്ദിയുള്ളവരാണ്. 20 വർഷം ആഘോഷിക്കുമ്പോൾ, ഞങ്ങളുടെ ശ്രദ്ധ ഭാവിയിലേക്കാണ്. കൂടുതൽ നിക്ഷേപിക്കുക, ബഹ്റൈനി പ്രതിഭകൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക, പ്രാദേശിക ബിസിനസുകളെ പിന്തുണക്കുക, രാജ്യത്തിന്റെ തുടർച്ചയായ വളർച്ചക്കു സമൃദ്ധിക്കും സംഭാവന നൽകുക എന്നിവയിൽ ഞങ്ങൾ പ്രതിജ്ഞബദ്ധരാണ്’’ -അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Lulu Group Celebrates Two Proud Decades in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.