ഇന്ത്യയിൽ 600 പേരെ പിരിച്ചുവിട്ട് പേപാൽ; മുൻകൂട്ടി അറിയിക്കാതെ ഒറ്റ കോളിലൂടെ പുറത്താക്കിയെന്ന് ജീവനക്കാർ
ന്യൂഡൽഹി: യു.എസ് ആസ്ഥാനമായ ആഗോള ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ പേപാലിൽ കൂട്ടപ്പിരിച്ചുവിടൽ. ഇന്ത്യയിൽ ഏകദേശം 600 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് വിവരം. പിരിച്ചുവിടലിന് മുമ്പ് യാതൊരു മുന്നറിയിപ്പും നൽകിയിരുന്നില്ലെന്നും ജീവനക്കാരെ ഒരൊറ്റ ഫോൺ കോളിലൂടെയാണ് തീരുമാനം അറിയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
കമ്പനിയുടെ ഇന്ത്യയിലെ ജീവനക്കാരിൽ 10 ശതമാനത്തോളം പേരെയാണ് പിരിച്ചുവിടൽ ബാധിച്ചത്. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് ഓഫീസുകളിലെ ടെക്നോളജി, എൻജിനീയറിങ്, ഓപറേഷൻസ്, പേയ്‌മെന്റ്സ്, ഫിനാൻസ് തുടങ്ങിയ വിഭാഗങ്ങളിലുള്ള ജീവനക്കാരെയാണ് നടപടി ബാധിച്ചത്.
ആഗസ്റ്റ് 31ന് രാവിലെ വിവിധ ഇന്ത്യൻ ഓഫീസുകളിലെ ജീവനക്കാരെ ഉൾപ്പെടുത്തി കോൾ വിളിക്കുകയായിരുന്നുവെന്നാണ് ജീവനക്കാരുടെ വെളിപ്പെടുത്തൽ. ഇതിലൂടെയാണ് ജോലി നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്നും ജീവനക്കാർ പറയുന്നു. ഉടൻതന്നെ കമ്പനിയുടെ സിസ്റ്റങ്ങളിലേക്കുള്ള ജീവനക്കാരുടെ ആക്സസ് റദ്ദാക്കി. അതിനുശേഷം ഓഫ്‌ബോർഡിങ് നടപടികളെക്കുറിച്ചുള്ള ഇ മെയിൽ മാത്രമാണ് ലഭിച്ചതെന്നും ജീവനക്കാർ പറയുന്നു.
ജോലി നഷ്ടമായ ജീവനക്കാർക്ക് പുതിയ ജോലി കണ്ടെത്താൻ സഹായം നൽകുമെന്നും ഒരു മാസത്തെ ശമ്പളം സെവറൻസ് പേയായി നൽകുമെന്നും കമ്പനി അറിയിച്ചു. എന്നാൽ, ഇതുസംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു.
പിരിച്ചുവിടലിന് മുമ്പ് പേപാലിന് ഇന്ത്യയിൽ 6000ലേറെ ജീവനക്കാരുണ്ടായിരുന്നു. കൂട്ടപ്പിരിച്ചുവിടൽ നടപ്പാക്കുന്നതോടെ 10 ശതമാനം ജീവനക്കാരുടെ കുറവുണ്ടാകും. അതേസമയം, ആഗോള പുനഃസംഘടനയുടെ ഭാഗമായി കൂടുതൽ പേരെ ഇനിയും ഇന്ത്യയിൽ പേപാൽ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോർട്ട്.
ഈ വർഷം പേപാൽ ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം ഏകദേശം 20 ശതമാനം കുറക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. ചെലവ് കുറക്കുകയും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും കമ്പനിയുടെ ഘടന ലളിതമാക്കുകയുമാണ് പുനഃസംഘടനയുടെ ലക്ഷ്യം. ആഗോള പിരിച്ചുവിടൽ ഘട്ടംഘട്ടമായാണ് നടപ്പാക്കുന്നതെന്നാണ് റിപ്പോർട്ട്. ഏഷ്യ-പസഫിക് മേഖലയിലാണ് നടപടികൾ ആരംഭിച്ചതെന്നും തുടർന്ന് അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ മേഖലകളിലെ ജീവനക്കാരെയും ബാധിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അയർലൻഡിൽ ഏകദേശം 164 ജീവനക്കാരെയും, ഇസ്രായേലിൽ ഏകദേശം 70 ജീവനക്കാരെയും പിരിച്ചുവിട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.