പുതിയ മുഖവുമായി പാന്‍ കാര്‍ഡ്

പുതിയ സാമ്പത്തികനയങ്ങളുടെ കാലത്ത് പൗരന് ഏറ്റവും അത്യാവശ്യമുള്ള വസ്തുവായി മാറുകയാണ് പാന്‍കാര്‍ഡ്. ആദായനികുതി വകുപ്പ് വിതരണം ചെയ്യുന്ന പെര്‍മനന്‍റ് അക്കൗണ്ട് നമ്പര്‍ കാര്‍ഡ് എന്ന പാന്‍ കാര്‍ഡ് ഉണ്ടെങ്കിലേ മിക്കവാറും സാമ്പത്തികയിടപാടുകളെല്ലാം നടക്കൂ. ബാങ്ക് അക്കൗണ്ട് തുറക്കല്‍, സ്ഥലമിടപാട് തുടങ്ങി ലക്ഷം രൂപയില്‍ കൂടുതല്‍ തുകക്ക് സ്വര്‍ണംവാങ്ങല്‍, രണ്ടുലക്ഷം രൂപയില്‍ കൂടുതലുള്ള തുകയുടെ കൈമാറ്റം അങ്ങനെ എന്തിനും ഏതിനും പാന്‍ കാര്‍ഡ് വേണം.

പാന്‍ നിര്‍ബന്ധമാക്കിത്തുടങ്ങിയതിനുശേഷം ഇത്രയും കാലത്തിനിടക്ക് കാര്‍ഡിന്‍െറ രൂപത്തിലും ഭാവത്തിലും നിരവധി മാറ്റങ്ങള്‍ വന്നിരുന്നു. ഏറ്റവുമൊടുവില്‍ ഈ പുതുവര്‍ഷം മുതല്‍ പാന്‍ കാര്‍ഡിന് വീണ്ടും പുതിയ ഭാവം വന്നിരിക്കുകയാണ്. പുതിയ കാര്‍ഡിന്‍െറ അച്ചടി പുരോഗമിക്കുകയാണ്. കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൂട്ടിച്ചേര്‍ത്ത ദ്വിഭാഷ കാര്‍ഡുകളാണ് പുതിയ അപേക്ഷകര്‍ക്ക് നല്‍കുന്നത്. കാര്‍ഡില്‍ ഇംഗ്ളീഷിലും ഹിന്ദിയിലും വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

പിഴവുകള്‍ ഒഴിവാക്കുന്നതിന  കവശംവെക്കുന്നവരുടെ വിശദാംശങ്ങളും ബാങ്ക് ഇടപാടുകളും ബന്ധപ്പെട്ട അധികൃതര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്ന ക്വിക് റെസ്പോണ്‍സ് കോഡ് പുതിയ കാര്‍ഡില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നതാണ് സവിശേഷത. ഈ സൗകര്യം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തില്‍ ഇടപാട് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാനാകും. അതുവഴി ധനകാര്യ സ്ഥാപനങ്ങള്‍ വഞ്ചിക്കപ്പെടാനുള്ള സാധ്യത കുറയുമെന്നും അധികൃതര്‍ പറയുന്നു. പുതുതായി അപേക്ഷിക്കുന്നവര്‍ക്കാണ് പുതിയ പാന്‍കാര്‍ഡ് നല്‍കുന്നതെങ്കിലും നിലവില്‍ പാന്‍കാര്‍ഡുള്ളവര്‍ക്കും പുതിയ കാര്‍ഡിലേക്ക് മാറാം.

പ്രതിവര്‍ഷം രണ്ടരക്കോടിയോളം പാന്‍ കാര്‍ഡ് അപേക്ഷകളാണ് ആദായനികുതി വകുപ്പില്‍ ലഭിക്കുന്നത്. ഒരേ നമ്പറുള്ള കാര്‍ഡ് ഒന്നിലധികം പേരുടെ കൈവശം വരാനും ഒരാള്‍ ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ സ്വന്തമാക്കാനുമുള്ള സാധ്യത ഇല്ലാതാക്കുന്ന സുരക്ഷാമാനദണ്ഡങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആദായനികുതി വകുപ്പിന്‍െറ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും നികുതിവെട്ടിപ്പിനുള്ള സാധ്യത ഇല്ലാതാക്കാനുമാണിത്.

 

Tags:    
News Summary - new face of pan card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.