പ്രതീകാത്മക ചിത്രം
മുംബൈ: ഇറാനെതിരെ യു.എസും ഇസ്രായേലും നടത്തുന്ന യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണ, പാചകവാതക വില എന്നിവയുടെ വർധനവിലാണ് ലോകത്തിന്റെ ശ്രദ്ധ. എന്നാൽ, ഇതിനിടയിൽ അലുമിനിയം വിപണിയിൽ വലിയൊരു പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. ഹുർമുസ് കടലിടുക്കിലെ ചരക്ക് ഗതാഗതം താത്കാലികമായി തടസ്സപ്പെട്ടതോടെ അലുമിനിയം വില റെക്കോർഡ് നിലവാരത്തിലേക്ക് കുതിച്ചുയർന്നു.
ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ (എൽ.എം.ഇ) അലുമിനിയം വില ടണ്ണിന് ഏകദേശം 3,544 ഡോളർ വരെ ഉയർന്നു. 2022 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പിന്നീട് വിലയിൽ നേരിയ കുറവുണ്ടായെങ്കിലും, 3,394 ഡോളർ എന്ന ഉയർന്ന നിലവാരത്തിൽ തന്നെ തുടരുകയാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള അലുമിനിയം വിതരണം തടസ്സപ്പെടുമോ എന്ന ഭീതിയാണ് വിലവർധനവിന് പ്രധാന കാരണം.
ബഹ്‌റൈൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ വലിയ തോതിൽ അലുമിനിയം ഉൽപ്പാദിപ്പിക്കുകയും വർഷം തോറും 5 ദശലക്ഷം മെട്രിക് ടണ്ണിലധികം അലുമിനിയം ഹുർമുസ് കടലിടുക്ക് വഴി യൂറോപ്പിലേക്കും അമേരിക്കയിലേക്കും കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, യുദ്ധസാഹചര്യത്തിൽ ഈ പാത അടഞ്ഞതോടെ കയറ്റുമതി മന്ദഗതിയിലായി.
അലുമിനിയം നിർമാണത്തിന് ആവശ്യമായ ബോക്സൈറ്റ്, അലുമിന തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വരവ് തടസ്സപ്പെട്ടതോടൊപ്പം ലക്ഷക്കണക്കിന് ടൺ അസംസ്കൃത വസ്തുക്കളുമായി വന്ന കപ്പലുകളുടെ പാത മാറ്റി സഞ്ചരിക്കാനും നിർബന്ധിതമായിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് മൂലം ഖത്തറിലെ പ്രധാന അലുമിയം നിർമാതാക്കളായ 'ഖതാലം' (Qatalum), അവരുടെ നിർമാണ പ്രവർത്തികൾ താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഈ സ്ഥാപനം പൂർണ്ണമായി പ്രവർത്തനസജ്ജമാകാൻ ആറു മുതൽ പന്ത്രണ്ട് മാസം വരെ വേണ്ടിവന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.
ആഗോള വിപണിയിൽ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഇന്ത്യയിലെ അലുമിനിയം മേഖലയിൽ വലിയ പ്രതിസന്ധി നേരിട്ടിട്ടില്ല. ഹിൻഡാൽകോ, വേദാന്ത തുടങ്ങിയ വൻകിട ആഭ്യന്തര ഉൽപ്പാദകർ ഉള്ളതിനാൽ, ഗൾഫ് അലുമിനിയത്തെ ഇന്ത്യ വലിയ തോതിൽ ആശ്രയിക്കുന്നില്ല. എങ്കിലും, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പാക്കേജിങ് തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കുന്ന അലുമിനിയം അലോയ്കൾക്കായി ഇന്ത്യ ചില വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നുണ്ട്.
ആഗോളവിപണിയിലെ വിലക്കയറ്റം ഇന്ത്യൻ വ്യവസായങ്ങളുടെ ഉൽപ്പാദനച്ചെലവ് വർധിപ്പിച്ചേക്കാം. അതേസമയം, ഗൾഫ് വിതരണം തടസ്സപ്പെടുന്നത് ഇന്ത്യൻ ഉൽപ്പാദകർക്ക് കയറ്റുമതി വർധിപ്പിക്കാനുള്ള അവസരം സൃഷ്ട്ടിക്കും. പ്രതിസന്ധി തുടരുകയാണെങ്കിൽ, അലുമിനിയം വില ടണ്ണിന് 4,000 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.