കൊച്ചി: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് സംരംഭങ്ങളില്‍ 2018 സെപ്റ്റംബര്‍ വരെ ലഭിച്ചത് 273 കോടിയുടെ നിക്ഷേപം. ടൈ കേരളയും ഇന്ക്-42ഉം ചേര്‍ന്ന് തയാറാക്കിയ കേരള സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ടൈകോണ്‍ സമ്മേളനത്തില്‍ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് മേഖലയുടെ സമഗ്രമായ റിപ്പോര്‍ട്ടാണ് കേരള സ്റ്റാര്‍ട്ടപ് മിഷെൻറ സഹകരണത്തോടെ ടൈ കേരളയും ഇന്ക്-42 ഉം ചേര്‍ന്ന് തയാറാക്കിയത്. 1402 സ്റ്റാര്‍ട്ടപ് സംരംഭങ്ങളാണുള്ളത്. ഇതില്‍ നിക്ഷേപം ലഭിച്ച 59 സംരംഭങ്ങളുണ്ട്. 50 സംരംഭങ്ങളുമായി നിക്ഷേപക കരാറായിട്ടുണ്ട്. കേരളത്തിലെ സ്റ്റാര്‍ട്ടപ് സംരംഭങ്ങളില്‍ 35 ശതമാനം ഐ.ടി അധിഷ്ഠിതമാണ്. 11 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ ആരോഗ്യമേഖലയും ഒമ്പത് ശതമാനം വിദ്യാഭ്യാസ മേഖലയും അടിസ്ഥാനമായിട്ടുള്ളവയാണ്. 40 ശതമാനം ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്.
ആകെ സ്റ്റാര്‍ട്ടപ് സംരംഭങ്ങളില്‍ 13 ശതമാനം സ്ത്രീകള്‍ സ്ഥാപകരോ സഹസ്ഥാപകരോ ആയിട്ടുള്ളവയാണ്. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ മാലിന്യങ്ങളില്ലാത്ത, അന്തരീക്ഷ മലിനീകരണമില്ലാത്ത, കറന്‍സിയുമില്ലാത്ത കേരളമാണ് സ്വപ്നം -എസ്.ഡി. ഷിബുലാല്‍ പറഞ്ഞു.
സാധാരണ ജീവിതം മെച്ചപ്പെടുത്താം, സ്റ്റാര്‍ട്ടപ്പുകളിലൂടെ
കൊച്ചി: ടൈക്കോണ്‍ കേരള സമ്മേളനത്തിലെ പ്രദര്‍ശനത്തില്‍ ജനങ്ങളുടെ സാധാരണ ജീവിതത്തെ സ്വാധീനിക്കുന്ന സ്റ്റാര്‍ട്ടപ് ഉൽപന്നങ്ങളുമായി വേറിട്ടുനില്‍ക്കുകയാണ് ‘മേക്കര്‍ വില്ലേജ്’. പശുവിെൻറ അസുഖവിവരങ്ങള്‍ നല്കുന്ന കറവയന്ത്രം മുതല്‍ പ്രകൃതിദുരന്തത്തില്‍ ഉപയോഗിക്കാന്‍ തക്കവിധമുള്ള ഉപകരണങ്ങള്‍ വരെ പ്രദര്‍ശനത്തിലുണ്ട്.
സാധാരണക്കാരുടെ ആവശ്യങ്ങളെ സാങ്കേതികവിദ്യയുമായി സമന്വയിപ്പിക്കുന്നതാണ് മേക്കര്‍ വില്ലേജ് ഒരുക്കിയ പ്രദര്‍ശനത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍. ഇൻറര്‍നെറ്റ് ഓഫ് തിങ്സ്, നിര്‍മിതബുദ്ധി, മെഷിന് ലേണിങ് എന്നിവ അടിസ്ഥാനമാക്കിയാണ് ഉപകരണങ്ങള്‍ മിക്കതും നിർമിച്ചത്. കേരളം നേരിട്ടതുപോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ വ്യാപകമായി ഉപയോഗപ്പെടുത്താവുന്നതാണ് മിക്ക ഉൽപന്നങ്ങളും.
പ്രദേശങ്ങളുടെ മാപ്പിങ്ങും റേഡിയോ തരംഗങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഗതാഗതനിരീക്ഷണ സംവിധാനവുമെല്ലാം അത്യാഹിത സന്ദര്‍ഭങ്ങളില്‍ ഗുണംചെയ്യും. ആംബുലന്‍സുകള്‍ക്ക് പ്രയോജനകരമായ ഉപകരണമാണ് ആക്സൻറ് സിറ്റി ടെക്നോളജീസ് ഉണ്ടാക്കിയിട്ടുള്ളത്. യാത്രചെയ്യുമ്പോള്‍തന്നെ സമീപത്തെ ഏത് ആശുപത്രിയില്‍ എന്തൊക്കെ ചികിത്സ സൗകര്യങ്ങളുണ്ട്, ഏതൊക്കെ സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ ലഭ്യമാണ് എന്നുള്ള വിവരങ്ങള്‍ തരുന്ന ഉൽപന്നമാണിത്.
പശുവിനെ കറക്കുന്ന യന്ത്രത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഉപകരണത്തിലൂടെ രോഗലക്ഷണങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് നല്കുന്ന ഉപകരണം ഉൾപ്പെടെ ദൈനംജീവിതത്തിൽ പ്രയോജനപ്പെടുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.