തെഹ്റാൻ: ആണവ കരാറിൽനിന്ന് പിന്മാറിയ യു.എസ് വീണ്ടും ഉപരോധം കൊണ്ടുവരാനിരിക്കെ ഇറാെൻറ സാമ്പത്തിക രംഗം തകർച്ചയിൽ. യു.എസ് ഡോളറിനെതിരെ ഇറാൻ റിയാലിെൻറ മൂല്യം ഒരുലക്ഷത്തിലേറെയായി. സമീപകാലത്തെ ഏറ്റവും വലിയ തകർച്ചയാണ് ഇറാൻ കറൻസി അഭിമുഖീകരിക്കുന്നത്.
അടുത്തമാസം ആദ്യത്തോടെയാണ് യു.എസിെൻറ പുതിയ ഉപരോധം നിലവിൽവരുന്നത്. ഇതിന് മുന്നോടിയായി അന്താരാഷ്ട്രതലത്തിലെ വ്യാപാരത്തിലുണ്ടായ തകർച്ചയാണ് ഇറാന് തിരിച്ചടിയായത്. ഞായറാഴ്ച അനൗദ്യോഗിക കണക്കുപ്രകാരം ഡോളറിനെതിരെ ഇറാൻ റിയാലിെൻറ മൂല്യം 1,11,500 ആണ്. ദുർബലമായ സാമ്പത്തികരംഗം, തദ്ദേശിയ ബാങ്കുകളിലെ സാമ്പത്തികപ്രശ്നങ്ങൾ, ഡോളറിനുള്ള ആവശ്യം വർധിച്ചത് എന്നിവ തകർച്ചക്ക് കാരണമായതാണ് വിലയിരുത്തൽ. ഏപ്രിലിൽ ഡോളറിനെതിരെ 42,000 ആയിരുന്നു ഇറാൻ റിയാലിെൻറ മൂല്യം. ഇതാണ് മേയിലെ യു.എസ് പിന്മാറ്റത്തോടെ തകർന്നത്.
2015ൽ നിലവിൽവന്ന ഇറാൻ ആണവ കരാറിൽനിന്ന് കഴിഞ്ഞ മേയിലാണ് ഡോണൾഡ് ട്രംപ് ഭരണകൂടം പിന്മാറിയത്. കരാറനുസരിച്ച് ഇറാനുമേൽ ലോകരാജ്യങ്ങൾ ചുമത്തിയ ഉപരോധം നീക്കിയിരുന്നു. പകരമായി ആണവ പദ്ധതികൾ നിർത്തിവെക്കാൻ ഇറാൻ സമ്മതിക്കുകയുമുണ്ടായി.
എന്നാൽ, യു.എസിന് നഷ്ടമുണ്ടാക്കുന്നതും സുരക്ഷാഭീഷണിയുമാണ് കരാറെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് പിന്മാറാൻ തീരുമാനമെടുത്തത്. നവംബറിനകം എല്ലാ രാജ്യങ്ങളും ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തണമെന്നും യു.എസ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഇൗ ആവശ്യം പരിഗണിച്ച് ഇറാനുമായുള്ള വ്യാപാരം കുറക്കാൻ തീരുമാനിക്കുകയുമുണ്ടായി.
യൂറോപ്യൻ രാജ്യങ്ങളുടെ ശക്തമായ എതിർപ്പ് മറികടന്നാണ് യു.എസ് കരാറിൽനിന്ന് പിന്മാറിയത്. അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കുന്ന പുതിയ കരാറിന് തയാറാണെന്ന് കഴിഞ്ഞയാഴ്ച ട്രംപ് പ്രസ്താവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.