മിസ്ട്രിക്കെതിരെ ടാറ്റ കോടതിയില്‍; തടസ്സ ഹരജി ഫയല്‍ ചെയ്തു

മുംബൈ: ടാറ്റ ഗ്രൂപ്പിന്‍െറ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന്‍െറ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ട്രിയെ മാറ്റിയതിന് പിന്നാലെ ടാറ്റ ഗ്രൂപ്പ് തടസ്സ ഹരജി (കവിയറ്റ്) ഫയല്‍ ചെയ്തു. മിസ്ട്രി നിയമനടപടികളിലേക്ക് നീങ്ങിയാല്‍ പ്രതിരോധിക്കുന്നതിന്‍െറ ഭാഗമായാണ് സുപ്രീംകോടതിയിലും ബോംബെ ഹൈകോടതിയിലും ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിലും തടസ്സ ഹരജി ഫയല്‍ ചെയ്തത്. ടാറ്റ ട്രസ്റ്റിനെതിരെയും രത്തന്‍ ടാറ്റക്കെതിരെയും മിസ്ട്രി കോടതിയെ സമീപിച്ചുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് കമ്പനി കോടതിയെ സമീപിച്ചത്. എന്നാല്‍, താന്‍ കോടതിയെ സമീപിച്ചിട്ടില്ളെന്ന് മിസ്ട്രി പറഞ്ഞു. ടാറ്റ ഗ്രൂപ്പിന്‍െറ പക്ഷം കേള്‍ക്കാതെ ഈ വിഷയത്തില്‍ തുടര്‍നടപടികളെടുക്കുന്നത് തടയാനാണ് തടസ്സഹരജി നല്‍കിയത്.

തന്നെ മാറ്റുന്നത് നിയമാനുസൃതമല്ളെന്ന് മിസ്ട്രി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍തന്നെ വാദിച്ചിരുന്നു. കോടതിയെ സമീപിക്കുമെന്ന് മിസ്ട്രി പറഞ്ഞിരുന്നെങ്കിലും പിന്നീട് തീരുമാനത്തില്‍നിന്ന് പിന്മാറുകയായിരുന്നു. കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ളെന്ന് മിസ്ട്രിയുടെ കമ്പനിയായ ഷാപ്പൂര്‍ജി പല്ളോന്‍ജി ഗ്രൂപ്പും അറിയിച്ചു. 

മിസ്ട്രിയുടെ പുറത്താക്കലിനെ തുടര്‍ന്ന് രണ്ട് പുതിയ ഡയറക്ടര്‍മാരെ ബോര്‍ഡിലേക്ക് ഉള്‍പ്പെടുത്തുകയും ചെയ്തു. ജാഗ്വാര്‍ ലാന്‍ഡ്്റോവര്‍ സി.ഇ.ഒ റാള്‍ഫ് സ്പത്തെ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സി.ഇ.ഒയും എം.ഡിയുമായ എന്‍.ചന്ദ്രശേഖരന്‍ എന്നിവരായിരിക്കും പുതിയ ഡയറക്ടര്‍മാര്‍.
അതേസമയം, മിസ്ട്രിയെ പുറത്താക്കിയതിന് പിന്നാലെ ടാറ്റ ഗ്രൂപ്പിന്‍െറ ഓഹരിയില്‍ കാര്യമായ ഇടിവുണ്ടായി. ടാറ്റ സ്റ്റീല്‍ നാലു ശതമാനം ഇടിഞ്ഞപ്പോള്‍ ടാറ്റ പവര്‍ 3.1, ടാറ്റ മോട്ടോഴ്സ് രണ്ട്, ടി.സി.എസ് 1.6 ശതമാനവും ഇടിഞ്ഞു. ഇതിന് പുറമെ ടാറ്റ എല്‍ക്സി (1.40 ശതമാനം), ടാറ്റ കമ്യൂണിക്കേഷന്‍ (2.26), ഇന്ത്യന്‍ ഹോട്ടല്‍ (3.16), ടാറ്റ കെമിക്കല്‍സ് (2.09), ടൈറ്റാന്‍ (1.19) എന്നിവയുടെ ഓഹരിയും ഇടിഞ്ഞു. 

ടാറ്റയുടെ ഒൗദ്യോഗിക വെബ്സൈറ്റില്‍ നിന്ന് മിസ്ട്രിയുമായി ബന്ധപ്പെട്ട വിവരങ്ങളും അഭിമുഖവും നീക്കം ചെയ്തു. അതേസമയം, നേതൃത്വത്തിലെ മാറ്റം കാര്യമാക്കാതെ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രത്തന്‍ ടാറ്റ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മാര്‍ക്കറ്റിലെ കിടമത്സരത്തില്‍ കമ്പനിയുടെ നില മെച്ചപ്പെടുത്തുന്നതിലായിരിക്കണം എല്ലാവരും ശ്രദ്ധിക്കേണ്ടത്. മുന്‍കാലങ്ങളില്‍ നിങ്ങളോടൊപ്പം ജോലിചെയ്തത് പോലെ തന്നെ തുടരാനാണ് താന്‍ ആഗ്രഹിക്കുന്നത്. നിങ്ങളുടെ കാര്യത്തില്‍ അഭിമാനമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Cyrus Mistry files four caveats against Tata trusts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.