വിപണിക്കിനി ക്രിസ്​മസ്​ പ്രതീക്ഷ  

വിപണിക്കിനി ​ക്രിസ്​മസ്​ പ്രതീക്ഷ. ക്രിസ്​മസിന്​ ഇനിയും മൂന്നാഴ്ച ശേഷിക്കുന്നുണ്ടെങ്കിലും വിപണി ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ കേടുതീർത്ത്​ വ്യാപാരം പൊടിപൊടിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് വ്യാപാരികൾ. ഓഫറുകളും സമ്മാനപദ്ധതികളുമായി ഉപഭോക്താക്കളെ ആകർഷിക്കുന്നതിന്​ പദ്ധതികൾ ഒരുക്കി കാത്തിരിപ്പിലാണ് വ്യാപാര ലോകം. 

കഴിഞ്ഞവർഷം ക്രിസ്​മസ് വ്യാപാരം തുടങ്ങുന്നതിന്​ തൊട്ടുമുമ്പായിരുന്നു നോട്ട് നിരോധനം വന്നത്. അതുകൊണ്ട് തന്നെ മുൻ വർഷങ്ങളിലുണ്ടായിരുന്ന വ്യാപാരത്തി​​െൻറ പകുതിപോലും കഴിഞ്ഞവർഷം നടന്നില്ല. അത് കഴിഞ്ഞ് വന്ന ഓണം വിപണിയാകട്ടെ ജി.എസ്.ടിയുടെ അനിശ്ചിതത്വത്തിൽ മുങ്ങുകയും ചെയ്തു. ഈ വ്യാപാര നഷ്​ടങ്ങളിൽനിന്നുള്ള മോചനത്തിന്​ ക്രിസ്​മസ്​ വിപണി തുണക്കുമെന്നാണ്​ പ്രതീക്ഷ.

അലങ്കാര വസ്തുക്കൾ ആദ്യമേ എത്തി

പതിവുപോലെ അലങ്കാര വസ്തുക്കൾ ആണ് ഇക്കുറിയും വിപണിയിൽ ആദ്യം എത്തിയിരിക്കുന്നത്. 5000 രൂപ വരെ വിലയുള്ള ക്രിസ്മസ് ട്രീകൾ കടകളിൽ നിരന്നുകഴിഞ്ഞു. 

വീടി​​െൻറ ഇരിപ്പുമുറിയിലും വരാന്തയിലും  മുറ്റത്തുമൊക്കെ സ്ഥാപിക്കാൻ കഴിയുന്ന വലുപ്പത്തിലുള്ള ട്രീകളാണ് എത്തിയിരിക്കുന്നത്. അഞ്ചടിയും നാലടിയുമൊക്കെ ഉയരമുള്ള വിവിധ നിറങ്ങളിലുള്ള ട്രീകൾക്ക് വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയിൽ ഉപയോഗിക്കുന്നതിനുള്ള  അലങ്കാരവസ്തുക്കൾ, വർണ ബൾബുകൾ, ബലൂണുകൾ, കുഞ്ഞുരൂപങ്ങൾ തുടങ്ങിയവയെല്ലാം വിപണി കൈയടക്കിക്കഴിഞ്ഞു. ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് 30- 40 ശതമാനം വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. 

വരും വർഷങ്ങളിലും ഉപയോഗിക്കാവുന്ന എൽ.ഇ.ഡി നക്ഷത്രങ്ങളായിരുന്നു കഴിഞ്ഞവർഷത്തെ പുതുമയെങ്കിൽ പരമ്പരാഗത രീതിയിലേക്ക് തിരിയുന്ന, ഈറ്റയും മുളക്കമ്പും വർണക്കടലാസും കൊണ്ടുള്ള നക്ഷത്രങ്ങളാണ് ഇത്തവണ കൗതുകമാകുന്നത്.  എറണാകുളം നഗരത്തിൽ ആരംഭിച്ച ബാംബൂ ഫെസ്​റ്റിൽ ഇത്തരം നക്ഷത്രങ്ങൾ തേടി ഏറെപ്പേർ എത്തുന്നുണ്ട്. 

ചെറുപ്പ കാലത്ത് ഈറ്റയും വർണക്കടലാസുകളും കൊണ്ട് നക്ഷത്രങ്ങൾ ഉണ്ടാക്കിയതി​​െൻറ ഓർമ പുതുക്കിയാണ് മുതിർന്ന തലമുറയിൽ പലരും ഇത്തരം നക്ഷത്രങ്ങൾ തേടി എത്തുന്നത്.

വസ്ത്ര പ്രദർശനങ്ങൾ തുടങ്ങി; കേക്ക് വിപണി കാത്തിരിക്കുന്നു
ക്രിസ്മസിന് മുന്നോടിയായി വസ്ത്രവിപണിയും ഉണർന്നുകഴിഞ്ഞു. ജി.എസ്.ടിയുടെ ആശയക്കുഴപ്പങ്ങൾ ബാക്കിയുണ്ടെങ്കിലും ക്രിസ്മസിനെ വരവേൽക്കുന്നതിന് പുതിയ ഡിസൈനുകൾ എത്തിക്കാനായതായി എറണാകുളത്തെ പ്രമുഖ വസ്ത്ര വ്യാപാരശാല അധികൃതർ വിശദീകരിക്കുന്നു. ക്രിസ്മസ് പുതുവർഷ വിപണി ലക്ഷ്യമിട്ടു ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള നെയ്ത്ത് സംഘങ്ങളും  വ്യാപാര പ്രദർശനം നടത്തുന്നവരുമൊക്കെ വിവിധ നഗരങ്ങളിൽ തമ്പടിച്ചുകഴിഞ്ഞു. ഇനി പുതുവർഷ വ്യാപാരംകൂടി കഴിഞ്ഞശേഷമേ ഇവർ മടങ്ങൂ.

കേക്ക് വിപണി ഉണരാൻ ഒരാഴ്ചകൂടി എടുക്കുമെന്നാണ്​ ബേക്കറി ഉടമകൾ പറയുന്നത്​. ഡിസംബർ പകുതിയോടെ ആരംഭിക്കുന്ന കേക്ക് വ്യാപാരം ക്രിസ്മസും പുതുവർഷവും കഴിയും വരെ നീളും. പ്രധാന ബേക്കറികളും കേക്ക് നിർമാണ യൂനിറ്റുകളുമെല്ലാം ക്രിസ്മസ്-പുതുവർഷ കേക്കുകൾ നിർമിക്കുന്നതിനാവശ്യമായ  മിശ്രിതങ്ങൾ മാസങ്ങൾക്കുമുമ്പേ തയാറാക്കി തുടങ്ങിയിരുന്നു.

പല ബേക്കറി ശൃംഖലകളും കേക്ക് മിക്സിങ്​ സെറിമണി തന്നെ നടത്തി. പക്ഷേ, കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 15-20 ശതമാനംവരെ വില വർധനക്ക് സാധ്യതയുണ്ടെന്നാണ്​ വ്യാപാരികൾ പറയുന്നത്​. കേക്ക് നിർമാണത്തിന് ആവശ്യമായ പഞ്ചസാര, മുട്ട തുടങ്ങി മിക്ക അസംസ്കൃത വസ്തുക്കൾക്കും വില കുതിച്ചുയർന്ന സാഹചര്യത്തിലാണിത്.

Tags:    
News Summary - Christmas Market-Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.