കാർ വിപണിയിൽ 24 ശതമാനം ഇടിവ്, വാണിജ്യ വാഹനങ്ങളിൽ ഇടിവ് 62 ശതമാനം

ന്യൂഡൽഹി: വൻ തകർച്ച നേരിടുന്ന ഇന്ത്യൻ വാഹന വിപണിയിൽ നിന്ന് വീണ്ടും മോശം വാർത്തകൾ. വാണിജ്യ വാഹനങ്ങളുടെ വിൽപനയിൽ സെപ്റ്റംബറിൽ 62.11 ശതമാനത്തിന്‍റെ ഇടിവാണുണ്ടായത്. കാർ വിൽപനയിൽ 23.69 ശതമാനം ഇടിവും രേഖപ്പെടുത്തി. ഉത്സവ സീസണായതിനാൽ വിപണിയിൽ ഉണർവ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. തുടർച്ചയായ 11ാം മാസമാണ് വാഹന വിപണി ഇടിവ് രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 2,92,660 കാറുകൾ വിൽപന നടന്ന സ്ഥാനത്ത് ഈ വർഷം സെപ്റ്റംബറിൽ 2,23,317 കാറുകൾ മാത്രമാണ് വിറ്റുപോയത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ട് പാദവാർഷിക കണക്ക് പ്രകാരം 23.56 ശതമാനമാണ് കാർ വിപണിയിലെ ഇടിവ്.

2018-19ലെ ആദ്യ രണ്ട് പാദവാർഷികത്തിൽ 17,44,279 കാറുകൾ വിറ്റ സ്ഥാനത്ത് ഈ സാമ്പത്തിക വർഷത്തെ രണ്ട് പാദവാർഷികത്തിൽ 13,33,251 കാറുകൾ മാത്രമാണ് വിൽപന നടന്നത്.

യാത്രാ കാറുകളുടെ വിൽപനയിലാണ് ഏറ്റവും വലിയ ഇടിവ് നേരിട്ടത്, 30.30 ശതമാനം. യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപനയിൽ 3.78 ശതമാനത്തിന്‍റെ ഇടിവാണുള്ളത്. വാനുകളുടെ വിൽപനയിൽ 35.46 ശതമാനം ഇടിവും രേഖപ്പെടുത്തി.

ലോകത്തിലെ നാലാമത് വലിയ വാഹന വിപണിയാണ് ഇന്ത്യ. മാന്ദ്യം കാരണം ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലാണ്.

Tags:    
News Summary - Car Sales Down 23.69 Per Cent in September 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.