ഓട്ടോ രംഗത്തും ഓണ്‍ലൈന്‍ ‘മല്‍സരയോട്ടം’

ഒരുവര്‍ഷം മുമ്പാണ് കാര്‍ ടാക്സി രംഗത്ത് ‘മല്‍സരയോട്ടം’ വന്നത്. വേഗതയുടെ കാര്യത്തിലായിരുന്നില്ല ഈ മല്‍സരയോട്ടം. ഒരുവര്‍ഷം മുമ്പുവരെ വ്യക്തികളും ട്രാവല്‍ ഏജന്‍സികളും കുത്തകയാക്കിവെച്ചിരുന്ന ടാക്സി രംഗത്തേക്ക് ഓണ്‍ലൈന്‍ ടാക്സികള്‍ കടന്നുവരികയായിരുന്നു. സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലെല്ലാം യൂബര്‍, ഒല, ടാക്സിയോ തുടങ്ങി നിരവധി കമ്പനികള്‍ കടന്നുവന്നു.
തുടക്കത്തില്‍ ടാക്സി ഡ്രൈവര്‍മാര്‍ പ്രതിഷേധമൊക്കെ ഉയര്‍ത്തിയെങ്കിലും പിന്നീട് ഈ പ്രതിഷേധം കെട്ടടങ്ങുകയായിരുന്നു. പുതുതലമുറയില്‍ നല്ല പങ്കും ഓണ്‍ലൈന്‍ ടാക്സികള്‍ ശീലമാക്കുകയും ചെയ്തു. സ്മാര്‍ട്ട് ഫോണില്‍ സ്ഥാപിച്ചിരിക്കുന്ന മൊബൈല്‍ ആപ് വഴി ടാക്സി ബുക്കുചെയ്യുക, സഞ്ചരിച്ച ദൂരത്തിന് മാത്രം പണം നല്‍കുക തുടങ്ങിയ മേന്മകള്‍ അവര്‍ അതില്‍ കണ്ടു. ഇപ്പോഴൂം ഇടക്കിടെ പരമ്പരാഗത ടാക്സി ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നുണ്ടെങ്കിലും പുതിയ പുതിയ ഓണ്‍ലൈന്‍ കമ്പനികള്‍ കേരളത്തിലെ നിരത്തുകള്‍ ലക്ഷ്യംവെച്ച് എത്തുകയാണ്.
കേരളത്തില്‍ കാര്‍ ടാക്സി രംഗത്ത് വിജയമെന്ന് കണ്ടതോടെ ഇത്തരം ഓണ്‍ലൈന്‍ കമ്പനികള്‍ ഇപ്പോള്‍ ഓട്ടോറിക്ഷാ രംഗത്തേക്കും ചുവടുവെക്കുകയാണ്. ഒലയാണ് ഓണ്‍ലൈന്‍ ഓട്ടോസര്‍വീസുമായി രംഗത്ത് വന്നിരിക്കുന്നത്.   തുടക്കത്തില്‍ 250-ലധികം ഓട്ടോകളാണ് ഒല മൊബൈല്‍ ആപ്ളിക്കേഷന്‍ ഉപയോഗിച്ചുള്ള ഓട്ടോ സര്‍വീസിന് എത്തുന്നത്. അടുത്ത ആറുമാസത്തിനുള്ളില്‍ ഈ ശൃംഖലയിലെ ഓട്ടോകളുടെ എണ്ണം ആയിരത്തിനു മുകളില്‍ എത്തിക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. കിലോമീറ്ററിന് അഞ്ചുരൂപക്ക് യാത്ര ചെയ്യാം, മിനിമം  നിരക്ക് 25 രൂപ,  റൈഡ് ടൈം ചാര്‍ജ് മിനിറ്റിന് ഒരു രൂപ, രാത്രിയില്‍ സാധാരണ നിരക്കിന്‍െറ ഒന്നര ഇരട്ടി എന്നിങ്ങനെയാണ് ഇവരുടെ വ്യവസ്ഥകള്‍. മൊബൈല്‍ ആപ് വഴി ബുക്കു ചെയ്താല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഓട്ടോ വീട്ടുമുറ്റത്ത് എത്തുമെന്നാണ് ഇവരുടെ അവകാശവാദം.  
ഒല ആപ്ളിക്കേഷനില്‍ ഒട്ടോ എന്ന കാറ്റഗറിയില്‍  പ്രവേശിച്ചു  നേരെ ഓട്ടോ റിക്ഷ ബുക്കു ചെയ്യാം. യാത്രക്കാര്‍ക്ക് അവരുടെ യാത്ര മൊബൈല്‍ ആപ്പില്‍ നിരീക്ഷിക്കുകയും ചെയ്യാം യാത്ര അവസാനിക്കുമ്പോള്‍ സിസ്റ്റം ജനറേറ്റഡ് ബില്ലും ലഭിക്കും.  
ഡ്രൈവര്‍മാര്‍ക്ക് ഹിന്ദി, ഇംഗ്ളീഷ് ഉള്‍പ്പെടെ എട്ടു ഭാഷകളില്‍ ആപ്ളിക്കേഷന്‍ ലഭ്യമാണ്. കൊച്ചിക്കു പുറമേ തിരുവനന്തപുരത്തും ഒലെ ഓട്ടോ റിക്ഷ സേവനം ലഭ്യമാണരാജ്യത്തെ 71 നഗരങ്ങളില്‍ ഈ സൗകര്യമിപ്പോള്‍ ലഭ്യമാണെന്നും ഒരുലക്ഷത്തിലധികം  ഓട്ടോ റിക്ഷകള്‍ ഒല മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കമ്പനി അവകാശപ്പെപടുന്നു.  
 മുംബൈ ഐഐടിയില്‍ വിദ്യാര്‍ത്ഥികളായിരുന്ന ബാവിഷ് അഗര്‍വാളും അങ്കിത് ഭട്ടിയും ചേര്‍ന്ന് 2011-ല്‍ ആരംഭിച്ചതാണ്  വ്യക്തിഗത യാത്രയ്ക്കുള്ള ഈ ഒല എന്ന മൊബൈല്‍ ആപ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.