വസ്തുവാങ്ങല്‍ സുരക്ഷിതമാക്കാന്‍ ആധാരത്തിന് ഇന്‍ഷുറന്‍സ് വരും

മുംബൈ: എടുത്താല്‍ പൊങ്ങാത്ത വില കൊടുത്തു വാങ്ങുന്ന ഭൂമിയും കെട്ടിടങ്ങളും കബളിപ്പിക്കലുകളിലും മറ്റും നിയമക്കുരുക്കുകളില്‍ പെടുമോ എന്ന ആശങ്കയുള്ളവര്‍ക്ക് ആശ്വാസത്തിന് വകയായി. യു.എസിലും യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റുമുള്ളതുപോലെ വസ്തു വാങ്ങുന്നവര്‍ക് സംരക്ഷണം നല്‍കുന്ന ആധാരം ഇന്‍ഷുറന്‍സ് രാജ്യത്തും കൊണ്ടുവരുന്നതിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി സമിതിയെ നിയോഗിച്ചു. പഴയ കെട്ടിടങ്ങളും ഭൂമിയും മറ്റും വാങ്ങുമ്പോള്‍ പ്രത്യേകിച്ച് ഹിന്ദു അവിഭക്ത കുടുംബങ്ങളിലും മറ്റും അതുവരെ രംഗത്തില്ലാതിരുന്നവര്‍ അവകാശവാദമുന്നയിച്ച് വരുന്നത് പലപ്പോഴും നിയമ പ്രശ്നങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. ആധാരത്തിലെ തകരാര്‍കൊണ്ടും മറ്റും വരുന്നതുള്‍പ്പെടെ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് ഉപഭോക്താവിന് സംരക്ഷണം നല്‍കുന്നതാണ് ആധാരം ഇന്‍ഷുറന്‍സ്. സാധാരണ ഗതിയില്‍ വസ്തു വാങ്ങുന്നവര്‍ അഭിഭാഷകനെകൊണ്ടുനേരിട്ടോ വായ്പയെടുക്കുന്നുണ്ടെങ്കില്‍ ബാങ്കോ ഇത്തരം പ്രശ്നങ്ങളില്ലാത്ത വസ്തുവാണെന്ന് ഉറപ്പാക്കാക്കിക്കാറുണ്ട്. 20 വര്‍ഷം വരെയുള്ള ഉടമസ്ഥാവകാശ രേഖകള്‍ പരിശോധിച്ചാണ് പലപ്പോഴും ഇത് ചെയ്യുക. എന്നാല്‍, ഇത്തരം രേഖകള്‍ ഇനിയും സമ്പൂര്‍ണമായി ഡിജിറ്റല്‍ വ്തകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത്തരം പരിശോധനകള്‍ സങ്കീര്‍ണവും പിഴവു പറ്റാവുന്നതുമാണ്. ഇതിനു പരിഹാരമായാണ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത്. ഇന്‍ഷുറന്‍സ് എടുത്താല്‍ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും വേണ്ടി ഇന്‍ഷുറന്‍സ് കമ്പനി ഇത്തരം എല്ലാ പരിശോധനയും പൂര്‍ത്തിയാക്കി ഉത്തരവാദിത്തമേല്‍ക്കുകയാണ് ചെയ്യുക. പ്രദേശത്തെ ഭാവി വികസന പദ്ധതികള്‍ ഉള്‍പ്പെടെ അവര്‍ പരിശോധനാ വിധേയമാക്കും. ഭാവിയില്‍ കേസുകളോ ചതിവുകളോ പറ്റിയാല്‍ നിശ്ചിത തുക പോളിസിയുടമക്ക് ലഭിക്കും. വൈകാതെ തന്നെ ഇത്തരം ഇന്‍ഷുറന്‍സ് ഉല്‍പന്നങ്ങള്‍ക്കുള്ള നിര്‍ദ്ദേശം സമിതി മുന്നോട്ടു വെക്കുമെന്നാണ് സൂചന.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.