എല്‍ ആന്‍ഡ് ടി ജനറല്‍ ഇന്‍ഷുറന്‍സിനെ എച്ച്.ഡി.എഫ്.സി എര്‍ഗോ ഏറ്റെടുക്കും

മുംബൈ: എല്‍ ആന്‍ഡ് ടി ജനറല്‍ ഇന്‍ഷുറന്‍സിനെ എച്ച്.ഡി.എഫ്.സി എര്‍ഗോ ഏറ്റെടുക്കും. 551 കോടി രൂപക്കാണ് ഇടപാട്. ഇന്‍ഷുറന്‍സ് വ്യവസായത്തില്‍ സംയാജനം അനിവാര്യമാണെന്നും ചെലവു കുറക്കുന്നതിനും പോളിസി ഉടമകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും ഇത് സഹായിക്കുമെന്നും എച്ച്.ഡി.എഫ്.സിയുടെയും എച്ച്.ഡി.എഫ്.സി എര്‍ഗോയുടെയും ചെയര്‍മാനായ ദീപക് പരേഖ് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന രംഗത്തെ പ്രമുഖരായ എല്‍ ആന്‍ഡ് ടി 2010ലാണ് ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്തേക്ക് പ്രവേശിക്കാന്‍ ലൈസന്‍സ് സ്വന്തമാക്കുന്നത്. എന്നാല്‍ ഇതേവരെ നഷ്ടരഹിത സ്ഥിതിയിലത്തൊന്‍ കമ്പനിക്കായിരുന്നില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 483 കോടിയുടെ പ്രീമിയം സ്വന്തമാക്കാന്‍ എല്‍ ആന്‍ഡ് ടി ജനറല്‍ ഇന്‍ഷുറന്‍സിന് സാധിച്ചിരുന്നു. എന്നാല്‍, 102 കോടിയുടെ നഷ്ടമാണ് കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേരിട്ടത്. ഓഹരി മൂലധനമായി 705 കോടി രൂപയായിരുന്നു എല്‍ ആന്‍ഡ് ടിയുടെ നിക്ഷേപം. നിക്ഷേപത്തില്‍ 154 കോടി ന്ഷടപ്പെടുത്തിക്കൊണ്ടാണ് എല്‍ ആന്‍ഡ് ടി ഇപ്പോള്‍ ഇന്‍ഷുറന്‍സ് രംഗത്തുനിന്ന് തടിയൂരുന്നത്. ലയനം സാധ്യമായാല്‍ ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് രംഗത്തെ ആദ്യ ലയനമാവും ഇത്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ 49 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദനീയമാണെങ്കിലും വിദേശ പങ്കാളിയില്ലാത്ത ചുരുക്കം കമ്പനികളിലൊന്നായിരുന്നു എല്‍ ആന്‍ഡ് ടി. നേരത്തെ ഫ്യൂച്വര്‍ ഗ്രുപ്പുമായും ഇറ്റലിയിലെ ജനറലിയുമായും ധാരണക്കു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഹൗസിങ് ഫിനാന്‍സ് രംഗത്തെ പ്രമുഖരായ എച്ച്.ഡി.എഫ്.സിയും ജര്‍മനിയിലെ എര്‍ഗോ ഇന്‍റര്‍നാഷനലും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് എച്ച്.ഡി.എഫ്.സി എര്‍ഗോ. 51: 49 ആണ് ഇരു കൂട്ടരുടെയും ഓഹരി അനുപാതം. നിലവില്‍ രാജ്യത്തെ സ്വകാര്യമേഖലയിലെ നാലാമത്തെ വലിയ ഇന്‍ഷുറന്‍സ് കമ്പനിയാണിത്. എല്‍ ആന്‍ഡ് ടി ജനറല്‍ ഇന്‍ഷുറന്‍സിലെ മുഴുവന്‍ ജീവനക്കാരെയും ഏറ്റെടുക്കുമെന്ന് എച്ച്.ഡി.എഫ്.സി വൈസ് ചെയര്‍മാന്‍ കേകി മിസ്ട്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.