വ്യാപാരം മെച്ചപ്പെടുത്താന്‍ ഇന്ത്യ-യു.കെ ധാരണ

ലണ്ടന്‍: സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം വീണ്ടും നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകള്‍ക്കിടെ പരസ്പര വ്യാപാരവും സാമ്പത്തിക സഹകരണവും മെച്ചപ്പെടുത്താന്‍ ഇന്ത്യയും യു.കെയും ധാരണ. അടിസ്ഥാന സൗകര്യം, ധനകാര്യ സേവനം എന്നിവയില്‍ പരസ്പര സഹകരണം മെച്ചപ്പെടുത്താന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ബ്രിട്ടീഷ് ട്രഷറി ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. 2017 മുതല്‍ നികുതി വിവരങ്ങളുടെ സ്വാഭാവിക കൈമാറ്റത്തിനും ധാരണയായിട്ടുണ്ട്. ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ ബ്രിട്ടീഷ് നിക്ഷേപത്തിനുള്ള സാധ്യതകള്‍ ചര്‍ച്ചചെയ്തതായി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. ഇന്ത്യ-യു.കെ പങ്കാളിത്ത ഫണ്ട് വികസിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും. സ്വകാര്യ മേഖലയില്‍നിന്നുള്ള മൂലധന, സാങ്കേതികവിദ്യ പ്രവാഹത്തിന് ഇത് സഹായിക്കുമെന്ന് ചര്‍ച്ചക്കുശേഷം ഇരുരാജ്യങ്ങളും ചേര്‍ന്നിറക്കിയ സംയുക്ത പ്രസ്താവന വ്യക്തമാക്കി. ഇന്ത്യയിലെ സ്മാര്‍ട്ട് സിറ്റികളുടെ വികസനത്തിനും ബ്രിട്ടന്‍ സഹകരിക്കും. അടിസ്ഥാന സൗകര്യ രംഗത്ത് ബ്രിട്ടീഷ് നിക്ഷേപം ലഭ്യമാക്കുന്നതിന് രൂപ അധിഷ്ഠിത ബോണ്ടുകള്‍ ലണ്ടനില്‍ ഇറക്കുന്ന കാര്യവും ചര്‍ച്ചചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.