ജി.ഡി.പി വളര്‍ച്ച 7.4 ശതമാനത്തില്‍; ചൈനയെ മറികടന്നു

ന്യൂഡല്‍ഹി: ജൂലൈ-സെപ്റ്റംബര്‍ സാമ്പത്തിക പാദത്തില്‍ രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജി.ഡി.പി) വളര്‍ച്ച 7.4 ശതമാനത്തില്‍. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ബഹുമതിയുള്ള ചൈനയെ ഇതോടെ ഇന്ത്യ മറികടന്നു. ചൈനയില്‍ ഇതേ കാലയളവില്‍ 6.9 ശതമാനമാണ് വളര്‍ച്ച. ഉല്‍പാദന, സേവന, ഖനന മേഖലകളിലുണ്ടായ ഉണര്‍വാണ് ഉല്‍പാദന വളര്‍ച്ചക്ക് വേഗം കൂട്ടിയത്. ജൂണ്‍ 30ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ ഏഴു ശതമാനമായിരുന്ന വളര്‍ച്ചനിരക്കാണ് 7.4 ശതമാനമായി ഉയര്‍ന്നതെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍െറ കണക്കുകള്‍ പറയുന്നു. പലിശ നിരക്കുകള്‍ കുറച്ച റിസര്‍വ് ബാങ്കിന്‍െറ നടപടിയും ഇതിന് സഹായകമായതാണ് വിലയിരുത്തല്‍. എന്നാല്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ചനിരക്കില്‍ വീഴ്ചയുണ്ട്. മുന്‍വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 8.9 ശതമാനമായിരുന്നു വളര്‍ച്ചനിരക്ക്. എന്നാല്‍, ഇതിനു മുമ്പുള്ള ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇത് 6.7 ശതമാനമായിരുന്നു. 
എന്നാല്‍, 7.4 ശതമാനമെന്ന വളര്‍ച്ച മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മെച്ചപ്പെട്ട നിലയാണ്. റഷ്യ 4.1 ശതമാനം വളര്‍ച്ച ഇടിവുനേരിട്ടപ്പോള്‍ ബ്രസീലിലും 4.2 ശതമാനം ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്. സാമ്പത്തിക പ്രവര്‍ത്തനത്തിന്‍െറ പുതിയ അളവുകോലായ മൊത്ത മൂല്യവര്‍ധനയിലും (ജി.വി.എ) ഇക്കാലയളവില്‍ വര്‍ധനയുണ്ട്. എപ്രില്‍-ജൂണില്‍ 7.1 ശതമാനമായിരുന്നത് 7.4 ശതമാനമായി. നടപ്പു സാമ്പത്തിക വര്‍ഷം 8.1-8.5 വരെ ജി.ഡി.പി വളര്‍ച്ച നേടുമെന്നാണ് സര്‍ക്കാറിന്‍െറ പ്രതീക്ഷ. ധനകാര്യ, റിയല്‍ എസ്റ്റേറ്റ്, പ്രഫഷനല്‍ സര്‍വിസ് മേഖലകളില്‍ വളര്‍ച്ച കുറഞ്ഞപ്പോള്‍ ഉല്‍പാദന, ഖനന, വ്യാപാര, ഹോട്ടല്‍, ഗതാഗത മേഖലകളിലെല്ലാം വളര്‍ച്ചയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.