തിളക്കം മങ്ങിയ സമ്പദ് രംഗം

2015 അവസാനിക്കുമ്പോള്‍ സാമ്പത്തിക രംഗത്തെ പ്രതീക്ഷകള്‍ക്ക് നേരിയ മങ്ങല്‍. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നേരിയ ഉണര്‍വ് പ്രകടമാവുകയും യു.എസില്‍ പതിറ്റാണ്ടിനുശേഷം പലിശ നിരക്കുകള്‍ ഉയര്‍ത്താവുന്ന സ്ഥിതി എത്തുകയും ചെയ്തെങ്കിലും ക്രൂഡ് ഓയിലിന്‍െറ വിലയിടിവും ചൈനയുടെ വളര്‍ച്ചയിലുണ്ടായ മാന്ദ്യവും ആഗോള തലത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് കണ്ടുകൊണ്ടാണ് 2015 ചരിത്രത്തിലേക്ക് വിടവാങ്ങുന്നത്. 
ഇന്ത്യന്‍ സാമ്പത്തിക രംഗവും ഏറെ പ്രതീക്ഷകളോടെയാണ് 2015നെ നോക്കിയിരുന്നത് എന്നാല്‍, വര്‍ഷം അവസാനിക്കുമ്പോള്‍ എടുത്തുകാട്ടാവുന്ന നേട്ടങ്ങള്‍ കുറവാണ്. കേന്ദ്രത്തില്‍ അധികാരത്തിലത്തെിയ നരേന്ദ്ര മോദി സര്‍ക്കാറിനെക്കുറിച്ച് ഊതിപ്പെരുപ്പിച്ച പ്രതീക്ഷകളുമായി കാത്തിരുന്നവരാണ് ഏറെ നിരാശരായിരിക്കുന്നത്. 2015ന്‍െറ ആദ്യ പകുതിയില്‍ പ്രതീക്ഷകളുടെ കരുത്തില്‍ ഓഹരി വിപണിയിലുള്‍പ്പെടെ ചില മുന്നേറ്റങ്ങള്‍ കണ്ടെങ്കിലും രണ്ടാം പകുതിയില്‍ അവ തണുത്തുറഞ്ഞു. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവ് ഇറക്കുമതിച്ചെലവ് കുറച്ചതിന് പുറമെ വരുമാനമാര്‍ഗവുമായി മാറിയത് ക്രേന്ദ്ര സര്‍ക്കാറിന് പകരുന്ന ആശ്വാസം ചില്ലറയല്ല. അതേസമയം, കാര്‍ഷിക മേഖലയിലുണ്ടായ ഉല്‍പാദനക്കുറവും പയര്‍ വര്‍ഗങ്ങളുടെ വിലക്കയറ്റവും സര്‍ക്കാറിന് വെല്ലുവിളിയാവുകയും ചെയ്തു. സംസ്ഥാനത്താവട്ടെ റബര്‍ വിലയിടിവും കനത്ത തിരിച്ചടിയായി. ഇതുമാത്രം സംസ്ഥാനത്തെ സാമ്പത്തിക മേഖലക്കുണ്ടാക്കിയ ക്രയവിക്രയ നഷ്ടം 50,000 കോടിരൂപയുടേതാണെന്നാണ് വിലയിരുത്തല്‍. അതേസമയം, രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന് മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ ധാരണയായതും വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് തുടക്കം കുറിച്ചതുമുള്‍പ്പെടെ എടുത്തുകാട്ടാന്‍ നേട്ടങ്ങളുമുണ്ട്. 

സാമ്പത്തിക മേഖല
2015-16 സാമ്പത്തിക വര്‍ഷം രാജ്യം 8.1-8.5 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്‍െറ പ്രതീക്ഷ. എന്നാല്‍, സര്‍ക്കാര്‍ തന്നെ ഇത് 7-7.5 ശതമാനമായി പുനര്‍നിര്‍ണയിക്കുന്നതു കണ്ടുകൊണ്ടാണ് 2015 അവസാനിക്കുന്നത്. കാര്‍ഷിക മേഖലയിലുണ്ടാകുന്ന ഉല്‍പാദനക്കുറവും മഴക്കുറവും മറ്റുമാണ് കാരണങ്ങള്‍. നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് സാമ്പത്തിക പരിഷ്കരണത്തിന്‍െറ ഭാഗമായി തിരക്കുപിടിച്ച പല നടപടികളും വര്‍ഷാവസാനമായപ്പോഴേക്കും ഉണ്ടായെങ്കിലും ഫലം വ്യക്തമായിത്തുടങ്ങിയിട്ടില്ല. നവംബര്‍ പകുതിയോടെയാണ് വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഖനനം, നിര്‍മാണം, റിയല്‍ എസ്റ്റേറ്റ്, വ്യോമയാനം ഉള്‍പ്പെടെ 15 പ്രധാന മേഖലകളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യക്ഷ വിദേശ നിക്ഷേപ ചട്ടങ്ങള്‍ ലളിതമാക്കിയത്. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍െറ പരിധി 3000 കോടിയില്‍നിന്ന് 5000മായി ഉയര്‍ത്തുകയും ചെയ്തിരുന്നു. കേരളത്തില്‍ പ്രതിഫലനം സൃഷ്ടിക്കാവുന്ന റബര്‍, കാപ്പി, ഏലം പ്ളാന്‍േറഷന്‍ മേഖലകളില്‍ വരെ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്.

ഡിസംബറില്‍ പുറത്തുവന്ന കണക്കനുസരിച്ച് ഒക്ടോബറില്‍ വ്യവസായികോല്‍പാദന വളര്‍ച്ച അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയായ 9.8 ശതമാനത്തിലത്തെിയതും സര്‍ക്കാറിന് പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്. മുന്‍ വര്‍ഷം ഒക്ടോബറില്‍ -2.7 ശതമാനമായിരുന്ന സ്ഥാനത്താണിത്. റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കുകള്‍ ഈ വര്‍ഷം 1.25 ശതമാനം കുറച്ചതും വ്യവസായ മേഖലക്ക് ഗുണകരമായി. അതേസമയം പണപ്പെരുപ്പം ഉയരുന്നത് ഭാവിയില്‍ പലിശ നിരക്കുകള്‍ കുറന്നതിന് തടസ്സം സൃഷ്ടിച്ചേക്കും. മുന്‍വര്‍ഷം നവംബറില്‍ 3. 3 ശതമാനമായിരുന്ന ചില്ലറ വിലപ്പെരുപ്പം ഈ വര്‍ഷം നവംബറില്‍ 5.4 ശതമാനത്തിലത്തെിയിട്ടുണ്ട്. ഏറെ പ്രതീക്ഷയര്‍പ്പിച്ച ചരക്കുസേവന നികുതി ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ കഴിയാത്തതും സര്‍ക്കാറിന് തിരിച്ചടിയാണ്. ഇന്ത്യയില്‍ നിര്‍മിക്കൂ പദ്ധതിയില്‍ ഫോക്സ്കോണ്‍ ഉള്‍പ്പെടെ ഏതാനും വന്‍കിട നിര്‍മാതാക്കള്‍ എത്തിയതും എടുത്തുകാട്ടാനുണ്ട്. എന്നാല്‍, നല്‍കിയ പ്രചരണത്തിനനുസരിച്ചുള്ള പ്രതികരണം ഈ പദ്ധതി സൃഷ്ടിച്ചോ എന്നത് സംശയകരമാണ്. 

ബാങ്കിങ് മേഖലക്ക് വളര്‍ച്ചയുടെ കാലം 
ബാങ്കിങ് മേഖലക്ക് വളര്‍ച്ചയുടെ കാലമായിരുന്നു 2015. ആഗസ്റ്റില്‍ 11 പേമെന്‍റ് ബാങ്കുകള്‍ക്കും സെപ്റ്റംബറില്‍ 10 ചെറുകിട ബാങ്കുകള്‍ക്കുമാണ് റിസര്‍വ് ബാങ്ക് പുതുതായി ലൈസന്‍സ് അനുവദിച്ചത്. ഇതിനുപുറമേ 2014ല്‍ അനുവദിച്ച രണ്ട് ബാങ്കുകള്‍ പ്രവര്‍ത്തന രംഗത്തേക്കു വന്നതിനും 2015 സാക്ഷിയായി. 
സാമ്പത്തിക ഉള്‍ക്കൊള്ളലില്‍ സര്‍ക്കാറിന്‍െറ വിജയകരമായ നീക്കമായിരുന്നു പ്രധാനമന്ത്രി ജന്‍ ധന യോജന. ഡിസംബര്‍ പകുതിയിലെ വിവരം അനുസരിച്ച് 19.21 കോടി പുതുിയ ബാങ്ക് അക്കൗണ്ടുകളാണ് ഇതനുസരിച്ച് ബാങ്കുകള്‍ തുറന്നത്. 26,819 കോടി രൂപയാണ് ഈ അക്കൗണ്ടുകളിലത്തെിയത്. മുദ്ര യോജന ബാങ്ക് വഴി 45928.28 കോടി രൂപയാണ് വിതരണം ചെയ്തത്. പ്രധാന്‍ മന്ത്രി സുരക്ഷ ബീമ യോജനയും പ്രധാന്‍ മന്ത്രി ജീവന്‍ ജോതി യോജനയും അടല്‍ പെന്‍ഷന്‍ യോജനയും സാമൂഹിക സുരക്ഷ രംഗത്തെ നിര്‍ണായക നീക്കങ്ങളാവുകയും ചെയതു. യഥാക്രമം 9.16 കോടിയും 2.86 കോടിയും 10.35 ലക്ഷവുമാണ് ഈ പദ്ധതികളിലെ നവംബറിലെ അംഗത്വം. 

ഓഹരി വിപണി
ഇന്ത്യന്‍ ഓഹരി വിപണിക്ക് കരുത്തുകാട്ടാനുള്ള സാഹചര്യങ്ങളാണ് 2015ല്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ആഭ്യന്തര വിപണിയില്‍ ശുഭ സൂചനകള്‍ കുറയുകയും ആളോള സാമ്പത്തിക രംഗം മാന്ദ്യത്തില്‍നിന്നുള്ള കരകയറ്റത്തില്‍ പ്ര തീക്ഷിച്ച വേഗം കൈവരിക്കാതിരിക്കുകയും ചെയ്തപ്പോള്‍  ഇന്ത്യന്‍ ഓഹരി സൂചികകളും പ്രതീക്ഷ വിട്ടു. 2015 ജനുവരി ഒന്നിന് 27,501.54ല്‍ ആയിരുന്ന സെന്‍സെക്സ് ഡിസംബര്‍ 31 ആവുമ്പോഴേക്ക് ശരാശരി 32,500-33,000 നിലവാരത്തിലേക്ക് എത്തുമെന്നായിരുന്നു വിദഗ്ദരുടെ പ്രതീക്ഷ. എന്നാല്‍ ഡിസംബര്‍ 23ന് 25,850.30ത്തിലാണ് സെന്‍സെക്സ്. 8284ല്‍നിന്ന് നിഫ്റ്റി 7865.95 ലത്തെി. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്ന പ്രതീക്ഷയില്‍ വര്‍ഷാവസാനം വരെ പുറത്തേക്കുള്ള വിദേശ നിക്ഷേപത്തിന്‍െറ ഒഴുക്കിന്‍െറ ഗതി വേഗം കൂടിയെങ്കിലും പലിശ നിരക്ക് 25 അടിസ്ഥാന പോയന്‍റുകള്‍ വര്‍ധിച്ചതോടെ ഓഹരി വിപണി ആശങ്കയൊഴിഞ്ഞ് മെച്ചപ്പെട്ടു. 
വിദേശ ഫണ്ടുകളുടെ ഭാഗത്തുനിന്നുള്ള ഒഴുക്ക് കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. ഒക്ടോബര്‍ പകുതി വരെയുള്ള കണക്കനുസരിച്ച് 400 കോടിയോളം ഡോളറാണ് ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് എത്തിയത്. ഏപ്രില്‍ പകുതിയില്‍ 850 കോടി ഡോളറിലത്തെിയിരുന്ന ഇത്  അമേരിക്കയില്‍ പലിശ നിരക്ക് ഉയരുമെന്ന പ്രതീക്ഷക്ക് പുറമേ ചൈന കറന്‍സിയുടെ മൂല്യം വന്‍ തോതില്‍ വെട്ടിക്കുറക്കുകകൂടി ചെയ്തതതോടെ 350 കോടിയോളം പുറത്തേക്ക് ഒഴുകുകയായിരുന്നു. 

രൂപ താഴേക്ക്
2014 രൂപക്ക് മെച്ചപ്പെട്ട വര്‍ഷമായിരുന്നു. 2013ല്‍ മറ്റ് വളര്‍ന്നു വരുന്ന രാജ്യങ്ങളിലെ കറന്‍സിയെ പോലെ ഇന്ത്യന്‍ രൂപയും ഏറെ ചാഞ്ചാട്ടങ്ങള്‍ക്ക് ഇരായായെങ്കിലും 2014ല്‍ സ്ഥിതി മെച്ചപ്പെട്ടിരുന്നു. 60-62 നിലവാരത്തിലായിരുന്നു 2014ലെ ഇടപാടുകള്‍. എന്നാല്‍ 2015 ജനുവരി ഒന്നിന് ഡോളറിനെതിരെ 63.165 എന്ന നിലയിലായിരുന്നു തുടങ്ങിയതെങ്കില്‍ ഡിസംബര്‍ 18 എത്തുമ്പോഴേക്ക് 66.31 എന്ന നിലയിലാണ് രൂപ. ഇത് രണ്ട് വര്‍ഷത്തെ താഴ്ന്ന നിലയായ 67ല്‍ എത്തുന്നതിനും ഡിസംബര്‍ സാക്ഷിയായി. 

പ്രവാസികള്‍ക്ക് നേട്ടം
ഏപ്രില്‍ -സെപ്റ്റംബര്‍ ആറുമാസം മാത്രം പ്രവാസികളുടെ പണത്തിന്‍െറ രാജ്യത്തേക്കുള്ള ഒഴുക്കില്‍ 55 ശതമാനം വര്‍ധനവാണ് രൂപയുടെ മൂല്യക്കുററ്വ് സമ്മാനിച്ചത്. 12180 കോടി ഡോളറായിരുന്നു പ്രവാസികളുടെ നിക്ഷേപം. വര്‍ധന 1000 കോടിയോളം ഡോളര്‍. ഇതിനുശേഷമാണ് രൂപ അതിന്‍െറ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലത്തെിയത് എന്നത് പരിഗണിച്ചാല്‍ അന്തിമ കണക്കു വരുമ്പോള്‍ നിപേക്ഷത്തിന് തോതും വളര്‍ച്ചയും വീണ്ടും ഉയര്‍ന്നേക്കും. സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 1,21,619 കോടി രൂപയാണ്. മൂന്നു മാസം കൊണ്ടുമാത്രം വര്‍ധിച്ചത് 12016 കോടി രൂപ. 

സ്വര്‍ണം
സ്വര്‍ണത്തിന്‍െറ ഇറക്കുമതി കുറച്ചുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ കാര്യമായ ഫലം കാണാത്തതുകണ്ടുകൊണ്ടാണ് 2015 അവസാനിക്കുന്നത്. വെറുതെയിരിക്കുന്ന സ്വര്‍ണം വിപണിയിലത്തെിക്കാന്‍ ലക്ഷ്യമിട്ടുള്ള സ്വര്‍ണം പണമാക്കല്‍ പദ്ധതിയും സ്വര്‍ണമായി വാങ്ങുന്നതിന് പകരം ബോണ്ടായി വാങ്ങാനുള്ള സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിയും സര്‍ക്കാറിന്‍െറ നിര്‍ണായക ചുവടുവെപ്പായിരുന്നുവെങ്കിലും പ്രതീക്ഷിച്ച ഫലം കണ്ടില്ല. പക്ഷേ വിലയിലുണ്ടായ ചാഞ്ചാട്ടം നിക്ഷേപകരും സാധാരണക്കാരും പ്രയോജനപ്പെടുത്തി. ദേശീയ തലത്തില്‍ 2015 ജനുവരി ഒന്നിന് ഗ്രാമിന് 2670 രൂപയായിരുന്നു വിലയെങ്കില്‍ ഡിസംബര്‍ 23ന് ഇത് 2516 ലായിരുന്നു. 

ധനകാര്യ മേഖലയില്‍ വിദേശ നിക്ഷേപം വര്‍ധിച്ചു
രാജ്യത്തെ ധനകാര്യ സേവന മേഖലയിലേക്ക് വിദേശനിക്ഷേപം കാര്യമായി എത്തിയ വര്‍ഷമായിരുന്നു 2015. വി.സി.സി എഡ്ജിന്‍െറ കണക്കനുസരിച്ച് 380 കോടി ഡോളറിന്‍െറ നിക്ഷേപമാണ് നടന്നത്. മുന്‍ വര്‍ഷം ഇത് 160 കോടി ഡോളറായിരുന്നു. ഇന്‍ഷുറന്‍സ് മേഖലയില്‍ മാര്‍ച്ചില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയതാണ് ഇതില്‍ നിര്‍ണായകമായത്. ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സിന്‍െറ ഖ്വാണ്ടം അഡ്വൈസേഴ്സിലെ നിക്ഷേപം, ഫ്രഞ്ച് ബാങ്ക് ബി.എന്‍.പി പാരിബാസിന്‍െറ ഷേര്‍ഖാന്‍ ലിമിറ്റഡ് ഏറ്റെടുക്കല്‍ എന്നിവയായിരുന്നു ഇതില്‍ ശ്രദ്ധേയം. ധനകാര്യ സേവനമേഖലയിലേക്ക് സെപ്റ്റംബര്‍ വരെ 2651 കോടി ഡോളറാണ് നേരിട്ടുള്ള വിദേശ നിക്ഷേപമായി എത്തിയത്. മുന്‍ വര്‍ഷം ഇത് 2243 ഡോളറായിരുന്നു. 

തയ്യാറാക്കിയത്: ബെന്നി കെ. ഈപ്പന്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.