ന്യൂഡൽഹി: ഓൺലൈൻ ഡെലിവറി കമ്പനികളായ സിഗ്ഗിയും സൊമാറ്റോയും സെപ്റ്റോയും ഇനി തൊഴിലാളികളുടെ ക്ഷേമത്തിന് പ്രത്യേകം തുക മാറ്റിവെക്കണം. വാർഷിക വരുമാനത്തിൽനിന്ന് രണ്ട് ശതമാനമാണ് മാറ്റിവെക്കുക. കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച പുതിയ നാല് തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെയാണ് തൊഴിലാളി ക്ഷേമത്തിന് വേണ്ടി ഫണ്ട് മാറ്റിവെക്കേണ്ടി വരുന്നത്.
വേതനം, സാമൂഹിക സുരക്ഷ, തൊഴിലിടത്തിലെ സുരക്ഷ, ആരോഗ്യ നിയമങ്ങൾ ഉൾപ്പെടുന്ന സാമൂഹിക സുരക്ഷാ കോഡ് (2020) ആണ് പ്രാബല്യത്തിൽ വന്നത്. രാജ്യത്ത് ആദ്യമായാണ് ടെലിവറി പ്ലാറ്റ്ഫോമുകളും, ഗിഗ് തൊഴിലാളികളും തൊഴിൽ നിയമത്തിൽ ഇടംപിടിക്കുന്നത്. ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷയും ലൈഫ് ഇൻഷൂറൻസും ആരോഗ്യ ഇൻഷൂറൻസും പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നാണ് പുതിയ ചട്ടങ്ങൾ പറയുന്നത്. ഇന്ത്യയിൽ എവിടെയും ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭിക്കാൻ ആധാറുമായി ബന്ധിപ്പിച്ചുള്ള യൂനിവേഴ്സൽ അക്കൗണ്ട് നമ്പർ നൽകും. ക്ഷേമ പദ്ധതികൾക്ക് പണം കണ്ടെത്താൻ സർക്കാർ പ്രത്യേക സാമൂഹിക സുരക്ഷ ഫണ്ട് രൂപവത്കരിക്കും. കമ്പനികളുടെ ചട്ടലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴ സർക്കാർ ഈ ഫണ്ടിലേക്ക് മാറ്റുമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കുന്നു.
സാമൂഹിക സുരക്ഷ ഉൾപ്പെടുന്ന തൊഴിൽ നിയമങ്ങൾ നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തെ ഊബർ സ്വാഗതം ചെയ്തു. പുതിയ നിയമങ്ങൾ സർക്കാറുമായി ചേർന്ന് ഫലപ്രദമായി നടപ്പാക്കുമെന്നും വക്താവ് പറഞ്ഞു. പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള ഗിഗ് തൊഴിലാളികളുടെ സേവനങ്ങളും തൊഴിൽ രീതികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് അത്യാവശ്യമായിരുന്നെന്ന് ജെ.എസ്.എ അഡ്വൊകേറ്റ്സ് ആൻഡ് സോളിസിറ്റർസ് പാർട്ണർ മിനു ദ്വിവേദി പറഞ്ഞു.
വർഷങ്ങളോളം രാജ്യത്തിന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ച ഗിഗ് തൊഴിലാളികൾ തുച്ഛമായ വേതനത്തിലാണ് ജോലി ചെയ്തിരുന്നത്. പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ അവർ അംഗീകരിക്കപ്പെടുകയും സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്ന ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമാകുകയുമാണെന്ന് ടീംലീസ് റെഗ്ടെക്കിന്റെ സി.ഇ.ഒയും സഹസ്ഥാപകനുമായ ഋഷി അഗർവാൾ പറഞ്ഞു. ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഇനി രാജ്യത്തിന്റെ ഏതു ഭാഗത്തും ആരോഗ്യ ഇൻഷൂറൻസും സാമൂഹി സുരക്ഷയും ലഭിക്കും. നിയമനം അംഗീകരിച്ചുള്ള കമ്പനിയുടെ ഉത്തരവ് ലഭിക്കാൻ ഗിഗ് തൊഴിലാളികൾക്ക് അവകാശമുണ്ടാകും. ജോലിക്കിടയിലും വീട്ടിലേക്ക് പോകുന്നതിനിടയിലും അപകടത്തിൽ പരിക്കേറ്റാൽ തൊഴിലുമായി ബന്ധപ്പെട്ട അപകടമാണെന്ന് കണക്കാക്കി നിർബന്ധമായും ആക്സിഡന്റ് ഇൻഷൂറൻസ് നൽകണം.
വിവിധ വിഭാഗങ്ങളിലെ അസംഘടിത തൊഴിലാളികൾക്കും ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്കും അനുയോജ്യമായ പദ്ധതികൾ തയാറാക്കുന്നതിനും നിർദേശിക്കുന്നതിനുമായി ദേശീയ സാമൂഹിക സുരക്ഷാ ബോർഡ് രൂപവത്കരിക്കുമെന്നും പുതിയ തൊഴിൽ നിയമം പറയുന്നുണ്ട്. അഞ്ച് വർഷത്തിനകം രാജ്യത്ത് ഗിഗ് തൊഴിലാളികളുടെ എണ്ണം 2.35 കോടിയായി ഉയരുമെന്നാണ് നിതി ആയോഗിന്റെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.