80 ശതമാനം തൊഴിലാളികൾക്കും ശമ്പള വർധന പ്രഖ്യാപിച്ച്​​ വിപ്രോ; ഈ വർഷം ഇത്​ രണ്ടാം തവണ

ന്യൂഡൽഹി: തങ്ങളുടെ 80 ശതമാനം തൊഴിലാളികൾക്കും സാലറി വർധന പ്രഖ്യാപിച്ച്​ അന്താരാഷ്​ട്ര ഐ.ടി കമ്പനിയായ വിപ്രോ. അസിസ്റ്റൻറ്​ മാനേജർ തലത്തിലുള്ളവർക്കും അതിന്​ താഴെയുമുള്ളവർക്കും സെപ്റ്റംബർ ഒന്ന്​ മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വരും. അതേസമയം, മാനേജർ തലത്തിലും അതിനു മുകളിലുമുള്ളവർക്കും ജൂൺ ഒന്ന്​ മുതൽ ശമ്പള വർദ്ധനവ് ലഭിക്കും. ഇൗ കലണ്ടർ വർഷത്തിൽ ഇത്​ രണ്ടാം തവണയാണ്​ വിപ്രോ ജീവനക്കാരുടെ സാലറി വർധിപ്പിക്കുന്നത്​.

മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് ഏറ്റവും മികച്ച പ്രതിഫലം നൽകുമെന്നും വിപ്രോ പ്രസ്​താവനയിലൂടെ അറിയിച്ചിട്ടുണ്ട്​. അതേസമയം, എത്രത്തോളമാണ്​ വർധനവെന്ന്​ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി പൊതുവെ ജൂൺ മാസത്തിലാണ്​ ശമ്പള വർധനവ് പ്രഖ്യാപിക്കാറുള്ളത്​.

വിപ്രോ ജീവനക്കാരെ A മുതൽ E വരെ അഞ്ച് ബാൻഡുകളായി തരം തിരിച്ചിരിക്കുന്നു, ഓരോ ബാൻഡിനുള്ളിലും അവരുടെ പ്രവൃത്തി പരിചയത്തെ അടിസ്ഥാനമാക്കി സബ്​ റാങ്കിങ്ങുമുണ്ട്​. വിപ്രോയുടെ 1.97 ലക്ഷത്തിലധികം സ്റ്റാഫുകളിൽ ഏറ്റവും കൂടുതലുള്ളത്​ B3 ബാൻഡ് (ജൂനിയേഴ്സ്) വരെയുള്ള ജീവനക്കാരാണ്. 2020 ഡിസംബർ ഒന്ന്​ മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ B3 വരെയുള്ള ബാൻഡുകളിൽ ഉയർന്ന പ്രകടനം കാഴ്ചവയ്ക്കുന്നവർക്കുള്ള പ്രൊമോഷനുകളും വിപ്രോ തയ്യാറാക്കിയിരുന്നു.

നേരത്തെ ഇന്ത്യയിലെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ഒരു ​ലക്ഷം ഡോസ്​ വാക്​സിൻ സൗജന്യമായി വിതരണം ചെയ്യാൻ വിപ്രോ തീരുമാനിച്ചിരുന്നു. ഇതിനായി ഇന്ത്യയിലെ മുൻനിര ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളുമായി കമ്പനി കരാർ ഉണ്ടാക്കിയിരുന്നു. ജൂൺ തുടക്കം മുതൽ ആദ്യഘട്ടത്തിൽ ജീവനക്കാർക്കും തുടർന്ന്​ അവരുടെ ഭാര്യമാർക്കും മക്കൾക്കുമാണ്​ വാക്​സിൻ നൽകി വരുന്നത്​. കോവിഷീൽഡ്, കോവാക്സിൻ, സ്​പുട്​നിക്​ വി എന്നിങ്ങനെ മൂന്ന് വാക്​സിനുകളാണ്​ ജീവനക്കാർക്ക്​ വിതരണം ചെയ്യുന്നത്​​.

Tags:    
News Summary - Wipro announces salary hike for 80 percent of its employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.