വാഷിങ്ടൺ: വ്യാപാര യുദ്ധവും താരിഫ് ഭീഷണിയും രൂക്ഷമാകുന്നതിനിടെ ഇന്ത്യക്കെതിരെ വിവാദ പ്രസ്താവനയുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സഹായി പീറ്റർ നവാറോ. അമേരിക്കയുടെ വൈദ്യുതി ഉപയോഗിച്ച് ടെക്നോളജി കമ്പനികൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആർടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സേവനം നൽകുന്നത് അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റിയൽ അമേരിക്കാസ് വോയിസ് എന്ന ടെലിവിഷൻ ചാനലിൽ വൈറ്റ് ഹൗസ് ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനോനുമായുള്ള ചർച്ചയിലാണ് പീറ്റർ നവാറോ ടെക് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയത്. ഉപഭോക്താക്കൾ കുതിച്ചുയർന്ന പശ്ചാത്തലത്തിൽ എഐ അടിസ്ഥാന സൗകര്യം വർധിപ്പിക്കാനുള്ള ചാറ്റ്ജിപിടിയുടെ ശ്രമം യു.എസിന്റെ വൈദ്യുതി ചെലവ് വർധിപ്പിച്ചെന്ന വാർത്തകൾക്കിടെയാണ് പ്രസ്താവന.
ഇന്ത്യയിൽ എ.ഐ സേവനം നൽകാൻ അമേരിക്കക്കാർ എന്തിന് പണം നൽകണം? ചാറ്റ്ജിപിടി അമേരിക്കൻ മണ്ണിൽ പ്രവർത്തിച്ച് അമേരിക്കൻ വൈദ്യുതി ഉപയോഗിച്ച് ഇന്ത്യയിലും ചൈനയിലും അടക്കം ലോകമെമ്പാടുമുള്ള വലിയ കൂട്ടം ഉപഭോക്താക്കൾക്കാണ് സേവനം ചെയ്യുന്നത്. എ.ഐ ഡാറ്റ സെന്ററുകൾ കാരണം അമേരിക്കക്കാരുടെ വൈദ്യുതി ചെലവ് കൂടുന്നത് ട്രംപ് ഭരണകൂടം ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നുണ്ട്. നോക്കിക്കോളൂ, ഇതിനെതിരെ പ്രസിഡന്റ് ട്രംപിൽനിന്ന് ശക്തമായ നടപടി പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിൽ എഐ കമ്പനികൾ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്ന വൈദ്യുതിയുടെ അളവ് വളരെ കൂടുതലാണ്. ഇന്ത്യയിലും ചൈനയിലുമുള്ള ചാറ്റ്ജിപിടി ഉപഭോക്താക്കൾക്ക് സേവനം ചെയ്യുന്ന ഡാറ്റ സെന്ററുകളാണ് വലിയ അളവിൽ വൈദ്യുതി ഉപയോഗിക്കുന്നത്. അതൊരു പ്രധാനപ്പെട്ട വിഷയമാകാൻ പോകുകയാണെന്നും പീറ്റർ നവാറോ കൂട്ടിച്ചേർത്തു.
ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര കരാർ അനിശ്ചിതമായി വൈകുന്നതിനിടയിലാണ് പീറ്റർ നവാറോയുടെ പ്രസ്താവന. ഇന്ത്യയുമായുള്ള ബന്ധത്തിൽ കടുത്ത നിലപാട് പുലർത്തുന്ന അദ്ദേഹം യു.എസുമായുള്ള രാജ്യത്തിന്റെ വ്യാപാര നയത്തെ നിരവധി തവണ വിമർശിച്ചിട്ടുണ്ട്. റഷ്യയുടെ എണ്ണ വാങ്ങി യുക്രെയ്നെതിരായ യുദ്ധത്തിൽ സഹായിക്കുന്നത് ഇന്ത്യയാണെന്ന് കുറ്റപ്പെടുത്തിയ പീറ്റർ നവാറോ, ശക്തമായ താരിഫ് ചുമത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.