യു.എസ്-യുറോപ് താരിഫ് യുദ്ധം നേട്ടമാകുക ഇന്ത്യക്ക്; കയറ്റുമതി കുതിച്ചുയരും

ലണ്ടൻ: യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുമായുള്ള യു.എസിന്റെ താരിഫ് യുദ്ധം ഏറ്റവും നേട്ടമാകുക ഇന്ത്യക്ക്. ഇന്ത്യയും യൂറോപ്യൻ യൂനിയനും തമ്മിൽ വ്യാപാര കരാർ ഒപ്പിടാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ താരിഫ് പ്രഖ്യാപിച്ചത്. യു.എസുമായുള്ള താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്ന് യൂറോപ്യൻ യൂനിയന്റെ 27 അംഗ രാജ്യങ്ങളിലേക്ക് കയറ്റുമതി വർധിക്കുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. യു.എസിലേക്ക് കയറ്റുമതി സാധ്യതകൾ മങ്ങിയതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളാണ് യൂറോപ്യൻ യൂനിയന്റെ പ്രതീക്ഷ. കഴിഞ്ഞ ജൂലൈയിൽ ഒപ്പിട്ട വ്യാപാര കരാറിന് അതിവേഗം നടപ്പാക്കാൻ യു.കെ ശ്രമിക്കാനും സാധ്യതയുണ്ട്.

ഗ്രീൻലാൻഡിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള നീക്കത്തെ എതിർത്ത ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമനി, യു.കെ, നെതർലാൻഡ്സ്, ഫിൻലാൻഡ് യുടങ്ങിയ രാജ്യങ്ങൾക്കുമേലാണ് യു.എസ് 10 ശതമാനം അധിക താരിഫ് ചുമത്തിയത്. ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ വരുന്ന താരിഫ് ജൂ​ൺ ഒന്നോടെ 25 ശതമാനമായി ഉയരുമെന്നാണ് റിപ്പോർട്ട്. ഗ്രീൻലാൻഡ് പൂർണമായും യു.എസിന്റെ നിയന്ത്രണത്തിലാവുന്നത് വരെ താരിഫ് വർധന തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

യു.എസുമായുള്ള താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുമായുള്ള വ്യാപാര കരാർ എത്രയുംവേഗം യാഥാർഥ്യമാക്കാൻ യൂറോപ്യൻ യൂനിയൻ ആഗ്രഹിക്കുമെന്ന് റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതി കമ്പനിയായ ടി.ടി ലിമിറ്റഡിന്റെ എം.ഡി സഞ്ജയ് ജെയിൻ പറഞ്ഞു. ഇന്ത്യക്ക് മികച്ച വ്യാപാര കരാർ ലഭിക്കുമെന്ന് മാത്രമല്ല, യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ അതിവേഗം അംഗീകാരം നൽകുമെന്നും അ​ദ്ദേഹം പറഞ്ഞു. ജനുവരി 27നാണ് ഇന്ത്യയും യൂറോപ്യൻ യൂനിയനും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ പൂർത്തിയാകുന്നത്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും ഇന്ത്യയിലെത്തിയാണ് പ്രഖ്യാപനം നടത്തുക.

അനിശ്ചിതാവസ്ഥയും തടസ്സങ്ങളും നിറഞ്ഞ ലോകത്ത് സ്ഥിരതയുള്ള വ്യാപാര പങ്കാളിയെന്ന നിലക്ക് ഇന്ത്യക്ക് പുതിയ അവസരം ലഭിക്കുമെന്ന്, യു.എസുമായുള്ള വ്യാപാര അനിശ്ചിതത്വത്തിനിടയിൽ ചൈനയിലേക്ക് ഇന്ത്യയുടെ കയറ്റുമതി ഉയർന്നതിന്റെ ഉദാഹരണം ചൂണ്ടിക്കാണിച്ച് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. താരിഫ് അനിശ്ചിതാവസ്ഥക്കിടെ ജനുവരി-നവംബർ കാലയളവിൽ യു.എസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 16 ശതമാനവും ചൈനയിലേക്കുള്ള കയറ്റുമതി 15 ശതമാനവും ഉയർന്നതായാണ് കണക്ക്.

യു.എസ്-യൂറോപ്യൻ യൂനിയൻ താരിഫ് യുദ്ധം തുടങ്ങിയാൽ വ്യാപാരം മാറ്റു രാജ്യങ്ങളിലേക്ക് മാറുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്​പോർട്ട് ഓർഗനൈസേഷൻസ് ഡയറക്ടർ ജനറൽ അജയ് സഹായി പറഞ്ഞു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കാണ് ഈ താരിഫ് യുദ്ധത്തിന്റെ നേട്ടം ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - US-EU trade war may boost India exports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.