റഷ്യക്കെതിരായ ഉപരോധം​ കനത്ത തിരിച്ചടി; ഇന്ത്യയെ എങ്ങനെ ബാധിക്കും?

ന്യൂഡൽഹി: റഷ്യക്കെതിരെ യു.എസും യൂറോപ്യൻ യൂനിയനും പ്രഖ്യാപിച്ച ഏകപക്ഷീയ ഉപരോധം ഇന്ത്യയുടെ നയങ്ങൾക്കും സാമ്പത്തിക, ഊർജ താൽപര്യങ്ങൾക്കും വിരുദ്ധമാണെന്ന് റിപ്പോർട്ട്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ തയാറല്ലെന്ന് ചൂണ്ടിക്കാട്ടി റോസ്നെഫ്റ്റ്, ലുകോയിൽ തുടങ്ങിയ റഷ്യയുടെ പ്രധാനപ്പെട്ട എണ്ണക്കമ്പനിക​ൾക്കെതിരെയാണ് ഉപരോധം ഏർപ്പെടുത്തിയത്. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഗസ്റ്റിൽ 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. യു.എസുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായതിന് പിന്നാലെയാണ് റഷ്യക്കെതിരെ ഉപരോധ നീക്കം.

ഉപരോധത്തെ ചൈനക്കൊപ്പം ഇന്ത്യയടക്കം വിരലിൽ എണ്ണാവുന്ന രാജ്യങ്ങൾ മാത്രമാണ് എതിർത്തത്. ഏകപക്ഷീയ ഉപരോധങ്ങ​ൾ അന്താരാഷ്ട്ര നയങ്ങൾക്ക് വിരുദ്ധമായതിനാൽ എക്കാലത്തും എതിർക്കുമെന്നായിരുന്നു യു.എസ് നടപടിയോടുള്ള ഇന്ത്യയുടെ പ്രതികരണം. മുമ്പ് രണ്ട് തവണ ഇന്ത്യയും ഏകപക്ഷീയ ഉപരോധങ്ങൾക്ക് ഇരയായിട്ടുണ്ട്. 1974, 1998 കാലങ്ങളിൽ ആണവായുധം പരീക്ഷിച്ചതിന്റെ പേരിലായിരുന്നു യു.എസ് ഉപരോധം. ഏകപക്ഷീയ നീക്കങ്ങൾക്ക് പകരം യു.എൻ രക്ഷ കൗൺസിൽ ഉപരോധങ്ങളെ മാത്രമാണ് ഇന്ത്യ അംഗീകരിച്ചിട്ടുള്ളത്. എന്നിരുന്നാലും ഇറാനെതിരെ യു.എസ് ഉപരോധം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യ മാനിച്ചിരുന്നു. മാത്രമല്ല, ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായി അവസാനിപ്പിക്കുകയും ചെയ്തു.

ഇത്തവണ റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചത് യു.എൻ രക്ഷ കൗൺസിലല്ലെങ്കിലും ലോക സമ്പത് വ്യവസ്ഥയുടെ പകുതിയിലേറെയും കൈകാര്യം ചെയ്യുന്ന വൻകിട രാജ്യങ്ങളുടെ കൂട്ടായ്മയാണെന്ന പ്രത്യേകതയുണ്ട്. യു.എസ്, യു.കെ, കാനഡ, ജപ്പാൻ, ഇറ്റലി, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളുടെ ജി7 കൂട്ടായ്മയും യൂറോപ്യൻ യൂനിയനുമാണ് ഉപരോധത്തിന്റെ പിന്നിലെന്നത് റഷ്യയെ പോലെ ഇന്ത്യക്കും കടുത്ത വെല്ലുവിളിയാണ്.

നിയന്ത്രണങ്ങൾ മറികടന്ന് മൂന്ന് വർഷത്തിലേറെയായി റഷ്യ അന്താരഷ്ട്ര വ്യാപാര സംവിധാനത്തിന് പുറത്ത് എണ്ണ വിൽക്കുന്നുണ്ട്. ജി7 കൂട്ടായ്മ നിശ്ചയിച്ചതിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് വിവിധ രാജ്യങ്ങളിലേക്ക് എണ്ണയും പ്രകൃതി വാതകവും വിതരണം ചെയ്യുന്നത്. ‘നിഴൽ കപ്പലുകൾ’ ഉപയോഗിച്ചുള്ള റഷ്യയുടെ ഈ നീക്കം പൊളിക്കാൻ യു.എസിനടക്കം ഇതുവരെ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഇന്ത്യയടക്കം റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ അവർ കനത്ത ഇറക്കുമതി നികുതിയും നിയന്ത്രണവും പ്രഖ്യാപിച്ചത്.

ഇന്ത്യയെ സംബന്ധിച്ച് കടുത്ത നയതന്ത്ര പ്രതിസന്ധിയാണ് നിലവിൽ നേരിടുന്നത്. കാരണം വളരെ അടുത്ത സഖ്യകക്ഷികളായ യു.എസും യൂറോപ്യൻ യൂനിയനുമാണ് റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, കാലങ്ങളായി സൗഹൃദം പുലർത്തുന്ന റഷ്യയുമായി വ്യാപാരം ബന്ധം ഒഴിവാക്കുകയെന്നത് ഇന്ത്യക്ക് കനത്ത സാമ്പത്തിക നഷ്ടവുമുണ്ടാക്കും. സാമ്പത്തിക ലാഭം നോക്കിയാണ് ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. മറ്റു രാജ്യ​ങ്ങളെ അപേക്ഷിച്ച് ആകർഷകമായ വിലയിൽ ലഭ്യമായതോടെ റഷ്യൻ എണ്ണ ഇറക്കുമതി രണ്ട് ശതമാനത്തിൽനിന്ന് 32 ശതമാനമായി ഉയർന്നിരുന്നു. സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്തത് റഷ്യയിൽ നിന്നാണ്. ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിൽ റഷ്യൻ എണ്ണ ഇറക്കുമതി കുറക്കാൻ ഇന്ത്യൻ കമ്പനികൾ തീരുമാനിച്ചതായാണ് റിപ്പോർട്ട്.

Tags:    
News Summary - US, EU sanctions on Russian oil will hit India’s imports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.