മുംബൈ: ജി.എസ്.ടി ഇളവ് രാജ്യത്തെ വാഹന വിൽപയിൽ വൻ കുതിപ്പുണ്ടാക്കിയതായി റിപ്പോർട്ട്. പത്ത് ലക്ഷത്തിന് താഴെ വിലയുള്ള കാറുകളുടെ വിൽപനയിലാണ് വർഷങ്ങൾക്ക് ശേഷം റെക്കോഡ് വർധനയുണ്ടായി. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ വിൽപന നടന്ന കാറുകളിൽ 78 ശതമാനവും പത്ത് ലക്ഷത്തിൽ താഴെ വിലയുള്ളവയാണ്. അഞ്ച് മുതൽ 10 ലക്ഷം വരെ വിലയുള്ള കാറുകളുടെ വിൽപന 64 ശതമാനവും അഞ്ച് ലക്ഷത്തിൽ താഴെ വിലയുള്ള കാറുകളുടെ വിൽപന 14 ശതമാനവുമായിരുന്നുവെന്ന് എസ്.ബി.ഐ റിസർച്ച് പുറത്തുവിട്ട പഠനത്തിൽ പറയുന്നു. രാജ്യത്തെ വാഹന നിർമാതാക്കൾ നവരാത്രി മുതൽ ദീപാവലി വരെയുള്ള സീസണിൽ ഓരോ രണ്ട് സെക്കൻഡിലും ഒരു കാർ വിൽപന നടത്തി. ഡിമാൻഡ് കുതിച്ചുയർന്നതിനാൽ പല ഡീലർമാരും കഠിനാധ്വാനം ചെയ്താണ് സമയപരിധിക്കുള്ളിൽ ഉപഭോക്താക്കൾക്ക് വാഹനങ്ങൾ എത്തിച്ചുനൽകിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സബ്-4 മീറ്ററുള്ള കാറുകളുടെയും സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെയും വിൽപന സെപ്റ്റംബറിൽ 1.7 ലക്ഷം യൂനിറ്റിൽനിന്ന് ഒക്ടോബറിൽ 2.2 ലക്ഷം യൂനിറ്റിലേക്ക് ഉയർന്നു. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 1.8 ലക്ഷത്തിൽനിന്ന് 1.9 ലക്ഷത്തിലേക്ക് മാത്രമാണ് വിൽപന വർധിച്ചതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേർസ് രേഖകൾ പറയുന്നു. ചെറിയ കാറുകളുടെ വിപണിയിൽ രാജാക്കന്മാരായ മാരുതി സുസുകിയാണ് വിൽപനയിൽ ഏറ്റവും നേട്ടമുണ്ടാക്കിയത്. ഇരുചക്ര വാഹന യാത്രക്കാരെ കാർ ഉപഭോക്താക്കളാക്കാൻ ഒരു കാമ്പയിൻതന്നെ മാരുതി ഉത്സവ സീസണിൽ തുടങ്ങിയിരുന്നു. ഓഫറുകളും ലളിതമായ വായ്പ തിരിച്ചടവ് സൗകര്യങ്ങളും നൽകിയ മാരുതിയുടെ കാമ്പയിൻ വൻ വിജയമായിരുന്നെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അഞ്ച് ലക്ഷം ബുക്കിങ് ലഭിച്ച മാരുതിക്ക് 4.1 ലക്ഷം കാറുകൾ വിൽക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 2.5 ലക്ഷം കാറുകളാണ് വിൽക്കാൻ കഴിഞ്ഞത്.
ജി.എസ്.ടി ഇളവ് നൽകിയതോടെ വിലയിൽ കാര്യമായ ഇടിവുണ്ടായതാണ് കാർ വിൽപന കുതിച്ചുയരാൻ കാരണം. സെപ്റ്റംബർ 22നാണ് ജി.എസ്.ടി ഇളവ് നിലവിൽ വന്നത്. ഏപ്രിൽ മുതൽ ഒക്ടോബർ വരെ ചെറിയ കാറുകളുടെ വിൽപന 16.7 ശതമാനത്തിൽനിന്ന് 20.5 ശതമാനം വരെയായാണ് വർധിച്ചത്. എന്നാൽ, ഒക്ടോബറിൽ ബുക്കിങ് 50 ശതമാനമായി ഉയരുകയായിരുന്നു. ഗ്രാമീണ മേഖലയിൽ തന്നെയാണ് ചെറുകാറുകളുടെ വിൽപന ഇത്തവണയും ഏറ്റവും ശക്തമായിരുന്നത്. എങ്കിലും മറ്റു വിവിധ മേഖലകളിൽ വിൽപന 35 ശതമാനത്തിലധികം വർധിച്ചു. മെട്രോ നഗരങ്ങളിൽ 15 ലക്ഷം മുതൽ 20 ലക്ഷം വരെയുള്ള കാറുകളുടെ വിൽപന 26 ശതമാനം ഉയർന്നു. അതേസമയം, 20 ലക്ഷത്തിന് മുകളിലുള്ള കാറുകളുടെ വിൽപനിയിൽ 40 ശതമാനത്തിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.