'സ്വർണം, വെള്ളി നിക്ഷേപകർക്ക് ലാഭമെടുക്കാൻ ഇതാണ് നല്ല സമയം'; പുതിയ നിക്ഷേപങ്ങൾക്ക് അനുകൂല സാഹചര്യമല്ലെന്ന് വിദഗ്ധർ

കഴിഞ്ഞ 18 മാസങ്ങളിലായി സ്വർണത്തിനും വെള്ളിക്കും ഉണ്ടായ വൻ വിലക്കയറ്റത്തെ തുടർന്ന് ഈ മേഖലയിലുണ്ടായ ലാഭത്തിന്‍റെ ഒരു ഭാഗമെങ്കിലും കൈവശപ്പെടുത്തണമെന്ന് നിർദേശിക്കുകയാണ് സാമ്പത്തിക വിദഗ്ധർ. ഇക്കാലയളവിൽ ഡോളർ അടിസ്ഥാനത്തിൽ സ്വർണവില 101 ശതമാനത്തിലധികവും വെള്ളി വില 167 ശതമാനവുമാണ് ഉയർന്നത്.

രൂപയിലാകട്ടെ സ്വർണം 116 ശതമാനവും വെള്ളി 198 ശതമാനവുമാണ് ഉയർന്നത്. ഈ വിലക്കയറ്റം സ്വർണത്തിലേക്കും വെള്ളിയിലേക്കും പുതിയ നിക്ഷേപകരുടെ കുത്തൊഴുക്കിന് പോലും കാരണമായി. ഇത്രയധികം വില ഉയർന്നതോടെ പല നിക്ഷേപകരും ഇതിനോടകം തന്നെ വലിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്.

എന്നാൽ വീണ്ടും ഇതേപടി തുടരാതെ ലാഭത്തിന്‍റെ ഒരു വിഹിതം കൈപ്പറ്റുന്നതാണ് നല്ലതെന്ന് ഉപദേശിക്കുകയാണ് വെൽത്ത് മാനേജർമാർ. ഇത്രയും ശക്തമായ റാലിക്ക് ശേഷം വീണ്ടും റിസ്ക്കെടുക്കുന്നത് അത്ര നല്ലതായിരിക്കില്ല. വില കുറയാനുള്ള സാധ്യതയും മുന്നിലുണ്ട്.

ഈ വർഷം ജനുവരിയിൽ റെക്കോർഡ് നേട്ടമാണ് സ്വർണവും വെള്ളിയും നിക്ഷേപകർക്ക് നൽകിയത്. അതിന് ശേഷം അന്താരാഷ്ട്ര വിപണിയിൽ വെള്ളി വില 36.3 ശതമാനം താഴ്ന്നപ്പോൾ സ്വർണം 7.8 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഈ ഇടിവ് വലിയ രീതിയിലുള്ള പുതിയ നിക്ഷേപങ്ങൾക്ക് അനുകൂല സാഹചര്യമല്ലെന്ന് വിദഗ്ധർ പറയുന്നു.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ സ്വർണത്തിലും വെള്ളിയിലും നിക്ഷേപം നടത്തിയവർക്ക് ഇപ്പോൾ ലാഭമെടുക്കുന്നത് ഉചിതമാണെന്ന് മാർക്കറ്റ് സ്ട്രാറ്റജിസ്റ്റുകൾ നിർദേശിക്കുന്നു. വലിയ തുക ഒരുമിച്ച് നിക്ഷേപിക്കുന്നതിനുപകരം എസ്.ഐ.പി പോലുള്ള ഘട്ടംഘട്ട നിക്ഷേപ മാർഗങ്ങൾ സ്വീകരിക്കുന്നതാണ് സുരക്ഷിതമെന്നാണ് അവരുടെ അഭിപ്രായം.

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, പണപ്പെരുപ്പം, യു.എസിന്റെ വ്യാപാര നയങ്ങൾ, കേന്ദ്രബാങ്കുകളുടെ സ്ഥിരമായ വാങ്ങൽ തുടങ്ങിയ ഘടകങ്ങളാണ് സ്വർണം–വെള്ളി റാലിക്ക് പിന്തുണയായത്. കൂടാതെ, സോളാർ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ, എ.ഐ അടിസ്ഥാന സാങ്കേതിക വിദ്യകൾ എന്നിവയിലെ വ്യവസായ ആവശ്യകതയും വെള്ളിയുടെ വില വർധനക്ക് കാരണമായി.

ഇന്ത്യയിൽ കഴിഞ്ഞ മാസങ്ങളിൽ സ്വർണം–വെള്ളി സ്കീമുകളിലേക്കുള്ള മാസാന്ത നിക്ഷേപം റെക്കോർഡ് നിലയിലെത്തി. അതേസമയം, ഈക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള ഒഴുക്ക് ജനുവരിയിൽ മുൻ മാസത്തേക്കാൾ 14 ശതമാനം കുറഞ്ഞു. പുതിയ നിക്ഷേപകർ “ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്” (FOMO) മൂലം വൻ തുകയുമായി വിപണിയിൽ പ്രവേശിക്കരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വിലകൾ കൂടുതൽ ആകർഷകമായ നിലയിലേക്ക് എത്തുന്നതുവരെ സൂക്ഷ്മമായ സമീപനവും കൃത്യമായ നിക്ഷേപ ശൈലിയും പിന്തുടരുന്നതാണ് ഉചിതമെന്നും അവർ പറയുന്നു.

Tags:    
News Summary - After Stellar Run, Gold and Silver Investors Advised to Book Profits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.