പത്ത് വർഷത്തിനിടെ ഏറ്റവും മികച്ച റിട്ടേൺ; വെട്ടിത്തിളങ്ങി വെള്ളി

മുംബൈ: വിപണിയിൽ വെട്ടിത്തിളങ്ങുകയാണ് വെള്ളി. പത്ത് വർഷത്തിനിടെ ഏറ്റവും മികച്ച നേട്ടമാണ് നിക്ഷേപകർക്ക് പാവപ്പെട്ടവന്റെ സ്വർണമായ വെള്ളി സമ്മാനിച്ചത്. കിലോഗ്രാമിന് 134,089 രൂപയാണ് ആഭ്യന്തര വിപണിയിൽ വെള്ളിയുടെ വില. ഈ വർഷം 56 ശതമാനം വളർച്ചയാണ് വെള്ളി വിലയിലുണ്ടായത്. സ്വർണ വിലയെ കടത്തിവെട്ടിയാണ് വെള്ളിയുടെ കുതിപ്പ്. 10 ഗ്രാമിന് 113,129 രൂപയായി ഉയർന്ന സ്വർണ വില ഈ വർഷം 49 ശതമാനം റിട്ടേണാണ് നൽകിയത്.

2016 ന് ശേഷം ആദ്യമായാണ് വെള്ളി ഇത്രയും മികച്ച വാർഷിക നേട്ടം നൽകുന്നത്. 2020ലാണ് ഇതിന് മുമ്പ് വെള്ളി തകർപ്പൻ റാലി നടത്തിയത്. ആ വർഷം ആഭ്യന്തര വിപണിയിൽ വില കിലോഗ്രാമിന് 67,383 രൂപയായി ഉയർന്നതോടെ 44 ശതമാനം റിട്ടേൺ ലഭിച്ചു. അന്ന് നിക്ഷേപകർക്ക് സ്വർണം നൽകിയത് 27.9 ശതമാനം മാത്രം ലാഭമാണ്.

2010 മുതൽ 2020 വരെയുള്ള കാലയളവിൽ അധിക ഉത്പാദനവും ആവശ്യക്കാർ കുറഞ്ഞതും കാരണം വിലയിൽ കാര്യമായ മാറ്റമുണ്ടായില്ല. അതേസമയം, 2021 ന് ശേഷം വ്യാവസായിക ഡിമാൻഡ് വർധിച്ചത് വെള്ളിയുടെ തലവര മാറ്റി. കഴിഞ്ഞ വർഷം വെള്ളിയുടെ വ്യാവസായിക ഡിമാൻഡ് റെക്കോർഡ് തൊട്ടു. സോളാർ പാനലുകൾ, ഇലക്ട്രിക് വാഹന നിർമാണം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിന് ചൈന വെള്ളി കാര്യമായി ഉപയോഗിക്കുന്നതാണ് ആഗോള വ്യാവസായിക ഡിമാൻഡ് വർധിപ്പിക്കുന്നത്. നിലവിൽ വ്യാവസായിക ഡിമാൻഡ് 1,164.1 ദശലക്ഷം ഔൺസ് ആണെന്നിരിക്കെ 1,015.1 ദശലക്ഷം ഔൺസ് വെള്ളിയാണ് ലഭ്യമായത്. അതായത്, 148.9 ദശലക്ഷം വെള്ളിയുടെ വ്യാപാര കമ്മിയാണ് അനുഭപ്പെടുന്നത്.

ഉത്സവ, വിവാഹ സീസൺ ആയതോടെ ആഭ്യന്തര വിപണിയിൽ വെള്ളി ആഭരണങ്ങളുടെ ഇറക്കുമതി​ കേന്ദ്ര സർക്കാർ നിരോധിച്ചതും ഡിമാൻഡിൽ കുതിച്ചുചാട്ടമുണ്ടാക്കും. 

Tags:    
News Summary - Silver gives best annual return in 10 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.