മുംബൈ: ഒരോ മാസവും നടത്തുന്ന മുഴുവൻ സാമ്പത്തിക, നിക്ഷേപ ഇടപാടുകളും ഇനി നിങ്ങൾക്ക് ഒറ്റ നോട്ടത്തിൽ അറിയാം. ബാങ്ക്, ഓഹരി വിപണി, ഇൻഷൂറൻസ്, മ്യൂച്ച്വൽ ഫണ്ട്, പ്രൊവിഡന്റ് ഫണ്ട്, പെൻഷൻ തുടങ്ങിയ ഇടപാടുകൾക്ക് ലഭിച്ചിരുന്ന വ്യത്യസ്ത അക്കൗണ്ട് സ്റ്റേറ്റ്മെന്റ് അവസാനിക്കും. പകരം പ്രതിമാസം സംയുക്ത അക്കൗണ്ട് സ്റ്റേറ്റ്മെന്റാണ് ലഭിക്കുക. ഈ സംയുക്ത അക്കൗണ്ട് സ്റ്റേറ്റ്മെന്റിലുണ്ടാകും വ്യത്യസ്ത ആസ്തികളിൽ നിങ്ങൾ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ പൂർണ വിവരം. സംയുക്ത അക്കൗണ്ട് സ്റ്റേറ്റ്മെന്റ് നൽകുന്നതിനെ കുറിച്ച് വിവിധ റഗുലേറ്റർമാരുമായി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചർച്ച തുടങ്ങി. റിസർവ് ബാങ്ക്, ഇൻഷൂറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി, പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി തുടങ്ങിയ റഗുലേറ്റർമാരുമായാണ് ആലോചന നടക്കുന്നത്.
നിലവിൽ, ഒരു പെർമനന്റ് അക്കൗണ്ട് നമ്പറിൽ കൈവശം വച്ചിരിക്കുന്ന മ്യൂച്വൽ ഫണ്ട് സ്കീമുകളുടെയും ഓഹരികളുടെയും ഇടപാട് വിശദാംശങ്ങൾ അടങ്ങിയ സംയുക്ത അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എല്ലാ മാസവും നിക്ഷേപകർക്ക് ലഭിക്കുന്നുണ്ട്. നാഷനൽ സെക്യൂരിറ്റീസ് ഡെപോസിറ്ററി ലിമിറ്റഡ്, സെൻട്രൽ സെക്യൂരിറ്റീസ് ഡെപോസിറ്ററി ലിമിറ്റഡ് തുടങ്ങിയ അതോറിറ്റികളാണ് ഈ വിശദാംശങ്ങൾ നൽകുന്നത്. എന്നാൽ, ഇൻഷൂറൻസ്, പ്രൊവിഡന്റ് ഫണ്ട്, ബാങ്ക് തുടങ്ങിയ ഇടപാടുകളുടെ സംയുക്ത വിവരം പ്രതിമാസം ലഭിക്കുന്നില്ല. പുതിയ പദ്ധതി യാഥാർഥ്യമാകുന്നതോടെ പെൻഷൻ ഫണ്ട് നിക്ഷേപം, പ്രൊവിഡന്റ് ഫണ്ട് ബാലൻസ്, കടപ്പത്രങ്ങൾ, ബാങ്ക് അക്കൗണ്ട് ബാലൻസ്, സ്ഥിര നിക്ഷേപം, വായ്പ തിരിച്ചടവ് തുടങ്ങിയ മുഴുവൻ സാമ്പത്തിക ഇടപാട് വിവരങ്ങളും ഉൾപ്പെടുത്തിയായിരിക്കും സംയുക്ത അക്കൗണ്ട് സ്റ്റേറ്റ്മെന്റ് തയാറാക്കുക. വ്യക്തികളുടെ സാമ്പത്തിക ഇടപാട് വിവരങ്ങൾ സൂക്ഷിക്കുന്ന അപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസ് പരസ്പരം പങ്കുവെക്കാൻ ഓരോ അതോറിറ്റിയും തയാറായാൽ സംയുക്ത അക്കൗണ്ട് സ്റ്റേറ്റ്മെന്റ് തയാറാക്കാൻ കഴിയുമെന്നാണ് സാങ്കേതിക വിദഗ്ധർ പറയുന്നത്.
ഓഹരി വിപണിയിൽ വ്യാപാരം ചെയ്യുന്ന കമ്പനിക സാമ്പത്തിക പാദഫലം റിപ്പോർട്ട് ചെയ്യുന്നത് പോലെയായിരിക്കും സംയുക്ത അക്കൗണ്ട് സ്റ്റേറ്റ്മെന്റ് തയാറാക്കുക. ഉപഭോക്താക്കൾക്ക് സാമ്പത്തിക ഇടപാടുകൾ കൃത്യമായി മനസ്സിലാക്കാനും അതിനനുസരിച്ച് ഭാവി തീരുമാനങ്ങളെടുക്കാനും സംയുക്ത അക്കൗണ്ട് സ്റ്റേറ്റ്മെന്റ് സഹായിക്കുമെന്നാണ് സെബിയുടെ പ്രതീക്ഷ. അതേസമയം, സംയുക്ത അക്കൗണ്ട് സ്റ്റേറ്റ്മെന്റ് തിരഞ്ഞെടുക്കാൻ ആരെയും നിർബന്ധിക്കില്ലെന്നും സാമ്പത്തിക ഇടപാട് ഡാറ്റ വ്യത്യസ്ത റഗുലേറ്റർമാർ തമ്മിൽ പങ്കുവെക്കണമോയെന്ന കാര്യത്തിൽ ഉപഭോക്താക്കൾക്ക് സ്വയം തീരുമാനിക്കാമെന്നും സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.