കൊച്ചി: രാജ്യത്തെ സമുദ്രോൽപന്ന കയറ്റുമതി മേഖലക്ക് പുത്തനുണര്‍വേകി യൂറോപ്യന്‍ യൂനിയനിലേക്ക് (ഇ.യു) ഇന്ത്യയില്‍നിന്നുള്ള സമുദ്രോൽപന്നങ്ങള് കയറ്റുമതി ചെയ്യാൻ 102 പുതിയ ഫിഷറീസ് സ്ഥാപനങ്ങള്‍ക്കുകൂടി ഇ.യു അംഗീകാരം നല്കി. അമേരിക്കന്‍ തീരുവയടക്കം വെല്ലുവിളികൾ മറികടന്ന് യൂറോപ്യന്‍ വിപണിയില്‍ ശക്തമായി ചുവടുറപ്പിക്കാന്‍ ഇത് ഇന്ത്യയെ സഹായിക്കും. ഇതോടെ, ഇ.യു അംഗീകാരമുള്ള ഇന്ത്യന്‍ സമുദ്രോൽപന്ന കയറ്റുമതി സ്ഥാപനങ്ങളുടെ എണ്ണം 538ല്‍നിന്ന് 604 ആകും.
കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ ഇ.യു പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം. സമുദ്രോൽപന്ന ഉൽപാദനംമുതല് വിപണനംവരെ എല്ലാ ഘട്ടങ്ങളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്താനുള്ള സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെയും (എം.പി.ഇ.ഡി.എ) എക്സ്പോര്‍ട്ട് ഇന്സ്പെക്ഷന് കൗണ്‍സിലിന്റെയും (ഇ.ഐ.സി) ശ്രമങ്ങളും ഇതിനുപിന്നിലുണ്ടെന്ന് എം.പി.ഇ.ഡി.എ ചെയര്മാന് ഡി.വി. സ്വാമി പറഞ്ഞു.
2024-25 കാലയളവില്‍ 62,408.45 കോടി രൂപയുടെ 16,98,170 മെട്രിക് ടണ്‍ സമുദ്രോൽപന്നങ്ങളാണ് കയറ്റുമതി ചെയ്തത്. യു.എസ്.എയും ചൈനയുമാണ് ഇന്ത്യയില്‍നിന്നുള്ള സമുദ്രോൽപന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാര്‍. ഈ കാലയളവില്‍ അളവിലും മൂല്യത്തിലും മുന്നിട്ടുനിന്നത് ശീതീകരിച്ച ചെമ്മീനാണ്. ഇന്ത്യയില്‍നിന്നുള്ള സമുദ്രോൽപന്ന കയറ്റുമതിയില്‍ മൂന്നാമത്തെ വലിയ വിപണിയാണ് യൂറോപ്യന്‍ യൂനിയന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.