റബർ സബ്‌സിഡി 180 രുപയാക്കി ഉത്തരവായി; ഏപ്രിൽ ഒന്ന് മുതൽ തുക ലഭ്യമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ റബർ ഉൽപാദന ബോണസ്‌ 180 രൂപയാക്കി ഉയർത്തി ഉത്തരവിറക്കിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. റബർ സബ്‌സിഡി ഉയർത്തുമെന്ന്‌ ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സ്വാഭാവിക റബറിന്‌ വിലയിടഞ്ഞ സാഹചര്യത്തിലാണ്‌ സംസ്ഥാന സർക്കാർ റബർ ഉൽപാദന ഇൻസെന്റീവ്‌ പദ്ധതി നടപ്പാക്കിയത്‌.

വിപണി വിലയിൽ കുറവു വരുന്ന തുക സർക്കാർ സബ്‌സിഡിയായി അനുവദിക്കുന്നു. 2021 ഏപ്രിലിൽ ഒരു കിലോഗ്രാം സ്വാഭാവിക റബറിന്‌ 170 രൂപ വില ഉറപ്പാക്കുന്ന നിലയിൽ സബ്‌സിഡി തുക ഉയർത്തിയിരുന്നു. 2024 ഏപ്രിൽ ഒന്നു മുതൽ കിലോഗ്രാമിന്‌ 180 രൂപയായി വർധിപ്പിക്കുമെന്നാണ്‌ ബജറ്റിൽ പ്രഖ്യാപിച്ചത്‌. അത്‌ നടപ്പാക്കിയാണ്‌ സർക്കാർ ഉത്തരവിറക്കിയത്‌.

അന്തർദേശീയ വിപണിയിൽ വില ഉയരുമ്പോഴും രാജ്യത്ത്‌ റബർ വില തകർച്ചക്ക് കാരണമാകുന്ന നയ സമീപനമാണ്‌ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌. ഈ സാഹചര്യത്തിലും, എല്ലാ സാമ്പത്തിക പ്രയാസങ്ങളും മാറ്റിവച്ച്‌ റബർ കർഷകരെ പരമാവധി സഹായിക്കുന്ന നിലപാടാണ്‌ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

റബർ സബ്‌സിഡിക്ക് 24.48 കോടി അനുവദിച്ചു

സംസ്ഥാനത്തെ റബർ കർഷകർക്ക്‌ ഉൽപാദന ബോണസായി 24.48 കോടി രുപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. ഇതോടെ റബർ ബോർഡ്‌ അംഗീകരിച്ച പട്ടികയിലുള്ള മുഴുവൻ പേർക്കും സബ്‌സിഡി ബാങ്ക്‌ അക്കൗണ്ടിലെത്തും.

ഒന്നര ലക്ഷത്തിലേറെ ചെറുകിട, നാമമാത്ര റബർ കർഷകർക്കാണ്‌ ആനുകൂല്യം ലഭിക്കുക. റബർ ബോർഡ്‌ അംഗീകരിക്കുന്ന കർഷകരുടെ പട്ടിക അനുസരിച്ചാണ്‌ സംസ്ഥാന സർക്കാരിന്റെ സബ്‌സിഡി നൽകുന്നത്‌. ഈ വർഷം റബർ ബോർഡ്‌ അംഗീകരിച്ച മുഴുവൻ പേർക്കും സബ്‌സിസി ലഭ്യമാക്കിയെന്നും ധനകാര്യ മന്ത്രിയുടെ ഓഫീസ്‌ വാർത്താകുറിപ്പിൽ അറിയിച്ചു. 

Tags:    
News Summary - Rubber subsidy increased to Rs 180; The amount will be available from April 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.