കോട്ടയം: ഇടവേളക്ക് ശേഷം വീണ്ടും 200 രൂപ കടന്ന് റബർ വില! റബർഷീറ്റിന് കിലോക്ക് 204 രൂപ വരെ ബുധനാഴ്ച കർഷകർക്ക് ലഭിച്ചു. 200 രൂപക്ക് മുകളിൽ ഷീറ്റ് എടുക്കുന്നുണ്ടെന്ന് റബർ വ്യാപാര കേന്ദ്രങ്ങളും അറിയിച്ചു. ഗോഡൗണുകളിലേക്ക് കിലോക്ക് 204 രൂപ നിരക്കിലാണ് ബുധനാഴ്ച റബർഷീറ്റ് എടുത്തത്.
വില ഇനിയും കൂടുമെന്നാണ് കരുതുന്നത്. റബർ ഷീറ്റിനേക്കാൾ ഉയർന്ന വിലയാണ് ലാറ്റക്സിന്. 215 - 220 രൂപ വരെ ലഭിക്കുന്നുണ്ട്. വില കൂടിയതോടെ കോട്ടയത്ത് വെട്ടാതെ കിടന്ന 40 ശതമാനത്തോളം റബർതോട്ടങ്ങൾ വെട്ടിത്തുടങ്ങിയതായും കർഷകർ പറയുന്നു. കാട്ടുമൃഗങ്ങളുടെ ശല്യം കൂടുതലുള്ള ചില മലയോര മേഖലകൾ ഒഴിച്ചുനിർത്തിയാൽ മറ്റിടങ്ങളിൽ മഴക്കാല ടാപ്പിങ് ആരംഭിച്ചിട്ടുണ്ട്. ജൂൺ അവസാനത്തോടെ ഷീറ്റിന് കിലോക്ക് 230 രൂപ വരെ ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് കർഷകർ കൂട്ടിച്ചേർത്തു. വലിയ പ്രതീക്ഷയോടെ മിക്ക തോട്ടങ്ങളിലും മഴമറകളും ഇട്ടുതുടങ്ങി.
കഴിഞ്ഞവർഷം ഓണത്തിനടുത്ത സമയങ്ങളിൽ റബർ വില 200 രൂപ കടന്നിരുന്നു. എന്നാൽ ആഗോള വിപണിയിലുണ്ടായ തകർച്ച വീണ്ടും വില 170 ലെത്തിച്ചു. പിന്നീടത് 180 ൽ എത്തിയെങ്കിലും അതിനുശേഷം കൂടിയില്ല. ആഗോള വിപണയിലുൾപ്പെടെ റബറിന്റെ ആവശ്യം ഉയരുകയാണ്. ഇറക്കുമതി കുറഞ്ഞതിനാൽ കൂടുതൽ വില നൽകി റബറെടുക്കാൻ കമ്പനികൾ നിർബന്ധിതരാകുന്ന സാഹചര്യമുണ്ടെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.