ഇന്ത്യക്കാരെ എ.ഐ താഴിട്ട് പൂട്ടും; ടാറ്റ ഗ്രൂപ്പുമായി വൻ പദ്ധതിക്ക് ഓപൺഎഐ

മുംബൈ: ഇന്ത്യയിൽ കോടിക്കണക്കിന് രൂപയുടെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് (എ.​ഐ) പദ്ധതിയുമായി ചാറ്റ്ജിപിടി ഉടമയായ ഓപൺഎഐ. വ്യവസായ പ്രമുഖരായ ടാറ്റ ഗ്രൂപ്പിന്റെ സഹായത്തോടെയാണ് പദ്ധതികൾ തുടങ്ങുക. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കയറ്റുമതിക്കാരായ ടാറ്റ കൺസൾട്ടൻസി സർവിസസുമായി (ടി.സി.എസ്) ഓപൺ​എഐ ചർച്ച തുടങ്ങിയതായാണ് വിവരം. ഡാറ്റ സെന്ററുകളടക്കം എ.ഐ അടിസ്ഥാന സൗകര്യം വികസിപ്പിക്കുക, എ.ഐ നടപ്പാക്കാൻ കമ്പനികളെ സഹായിക്കുക തുടങ്ങിയ പദ്ധതികളാണ് ആലോചനയിലുള്ളത്.

അതിവേഗം വളരുന്ന എഐ വിപണിയുടെ വാതിൽ തുറന്നുകിട്ടാൻ ടാറ്റ ഗ്രൂപ്പുമായുള്ള സഹകരണം ഓപൺഎഐക്ക് സഹായകമാവും. എ.ഐ അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ്, ഒറാക്കിൾ തുടങ്ങിയ കമ്പനികളുമായി ചേർന്ന് തുടങ്ങി സ്റ്റാർഗേറ്റ് സംരംഭത്തിന് ഇന്ത്യയിൽ ഒരു പങ്കാളിയെ തേടുകയാണ് ഓപൺഎഐ. ടി.സി.എസിനെ സംബന്ധിച്ച് ലോകത്തെ ഏറ്റവും വലിയ ​എ.ഐ സർവിസ് കമ്പനിയാകുകയെന്ന സ്വപ്നം യാഥാർഥ്യമാക്കാനും കഴിയും. യു.എസിന് ശേഷം ചാറ്റ്ജിപിടിക്ക് ഏറ്റവും അധികം ഉപഭോക്താക്കളുള്ളത് ഇന്ത്യയിലാണ്. രാജ്യത്തെ വളർച്ച സാധ്യത മുന്നിൽ കണ്ട് ചാറ്റ്ജിപിടിയുടെ പ്രീമിയം സേവനം ഒരു വർഷത്തേക്ക് സൗജന്യമായി നൽകിയിരിക്കുകയാണ് ഓപൺഎഐ.

കേന്ദ്ര സർക്കാറുമായി സഹകരിച്ച് സ്റ്റാർഗേറ്റ് ഇന്ത്യ പദ്ധതി തുടങ്ങാൻ നേരത്തെ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസുമായും ഓപൺഎഐ ചർച്ച നടത്തിയിരുന്നു. എന്നാൽ, പരാജയപ്പെട്ടതോടെയാണ് ടാറ്റ ഗ്രൂപ്പിനെ സമീപിച്ചത്. നിലവിൽ ഗൂഗിളുമായും ​ഫേസ്ബുക് ഉടമകളായ മെറ്റയുമായും സഹകരിച്ച് ഭീമൻ എ.ഐ പദ്ധതികൾക്ക് റിലയൻസ് തയാറെടുക്കുന്നുണ്ട്. ഗുജറാത്തിലെ ജാംനഗറിൽ ഒരു ജിഗ വാട്ട് ഡാറ്റ സെന്ററും എ.ഐ സേവന സൗകര്യങ്ങളുമാണ് റിലയൻസ് ഒരുക്കുന്നത്. ​

ഒരു ലക്ഷം കോടി ഡോളർ മൂല്യമുള്ള എഐ സ്റ്റാർട്ട്അപാണ് യു.എസിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ ഓപൺഎഐ. 500 മെഗ വാട്ട് ശേഷിയുള്ള ടി.സി.എസിന്റെ ഡാറ്റ സെന്ററിൽ ഓപൺഎഐയുടെ എ.ഐ മാതൃക നടപ്പാക്കാനും ടി.സി.എസിന്റെ അനുബന്ധ കമ്പനിയായ ഹൈപർ​ വോട്ടിന് പരിശീലനം നൽകാനുമുള്ള കരാറിന് വേണ്ടിയാണ് ചർച്ച നടക്കുന്നത്.

എ.ഐ ഡാറ്റ സെന്റുകൾ നിർമിക്കാനും പ്രവർത്തിപ്പിക്കാനും എ.ഐ കമ്പ്യൂട്ട്, ക്ലൗഡ് സേവനങ്ങൾ നൽകാനും ഈ വർഷം ഒക്ടോബറിലാണ് ഹൈപർ​ വോട്ട് എന്ന കമ്പനി ടി.സി.എസ് തുടങ്ങിയത്.

മാത്രമല്ല, ടി.സി.എസും ഓപൺഎഐയും ചേർന്ന് റീട്ടെയിൽ, കൺസ്യൂമർ ഗുഡ്സ്, സാമ്പത്തികം, നിർമാണം തുടങ്ങിയ മേഖലയിലെ വൻകിട കമ്പനികളിൽ ചാറ്റ്ജിപിടിയുടെ വിപുലമായ എ.ഐ മാതൃക നടപ്പാക്കാനും പദ്ധതിയുണ്ട്.

Tags:    
News Summary - OpenAI tries to partner with TATA group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.