ജീവിതത്തിലെ പ്രതീക്ഷകൾ നഷ്ടമായി, ജയിലിൽ മരിക്കുകയാണ് നല്ലത്; ജഡ്ജിയോട് നരേഷ് ഗോയൽ

മുംബൈ: ജീവിതത്തിലെ പ്രതീക്ഷകൾ നഷ്ടമായെന്ന് ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയൽ. നിലവിലെ സാഹചര്യത്തിൽ ജീവിക്കുന്നതിനേക്കാൾ ജയിലിൽ മരിക്കുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക കോടതിയിലായിരുന്നു കാനറ ബാങ്കിൽ നിന്നും 538 കോടി തട്ടിയെടുത്ത കേസിലെ പ്രതിയായ നരേഷ് ഗോയലിന്റെ വികാരപ്രകടനം. പ്രത്യേക കോടതി ജഡ്ജി എം.ജി ദേശ്പാണ്ഡ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് നരേഷ് ഗോയൽ ഇക്കാര്യങ്ങൾ പറഞ്ഞത്.

കഴിഞ്ഞ ദിവസം കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ തന്നെ വ്യക്തിപരമായി കേൾക്കണമെന്ന് ഗോയൽ കോടതിയോട് അഭ്യർഥിക്കുകയായിരുന്നു. ജഡ്ജി ഗോയലിന്റെ അഭ്യർഥന അംഗീകരിക്കുകയും ചെയ്തു. തുടർന്ന് സംസാരിച്ച ഗോയൽ തന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കോടതിയെ അറിയിച്ചു. തന്റെ ഭാര്യ അർബുദം ബാധിച്ച് ചികിത്സയിലാണെന്നും ഗോയൽ കോടതിയെ അറിയിച്ചു.

തനിക്ക് കാലുകൾ മടക്കാൻ സാധിക്കുന്നില്ലെന്നും കടുത്ത വേദന അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂത്രമൊഴിക്കുമ്പോഴും വേദന അനുഭവപ്പെടുന്നുണ്ട്. മൂത്രത്തിലൂടെ രക്തവും വരുന്നുണ്ട്. ശരീരം മുഴുവൻ വിറക്കുകയാണ്. ഇനിയും ജെ.ജെ ഹോസ്പിറ്റലിലേക്ക് തനിക്ക് പോകേണ്ട. ജയിലിലെ സഹതടവുകാരോടൊപ്പമുള്ള ആശുപത്രിയിലേക്കുള്ള യാത്ര ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഡോക്ടറെ കാണാൻ ദീർഘനേരം കാത്തുനിൽക്കേണ്ടി വരുന്നതും പ്രയാസകരമാണെന്ന് അദ്ദേഹം പറഞ്ഞു.

നരേഷ് ഗോയൽ പറഞ്ഞ കാര്യങ്ങൾ കുറിച്ചിട്ടുണ്ടെന്ന അറിയിച്ച ജഡ്ജി അദ്ദേഹത്തിന്റെ ചികിത്സക്ക് വേണ്ട ഏർപ്പാടുകൾ ചെയ്യുമെന്നും വ്യക്തമാക്കി. ഗോയലിന്റെ അഭിഭാഷകനോട് അദ്ദേഹത്തിന്റെ ചികിത്സയെ സംബന്ധിക്കുന്ന വിവരങ്ങൾ നൽകാനും ജഡ്ജി നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ഗോയലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇനി ജനുവരി 16നായിരിക്കും പരിഗണിക്കുക. ഗോയലിന്റെ ജാമ്യപേക്ഷയിൽ മറുപടി നൽകാൻ കോടതി ഇ.ഡിയോട് ആവശ്യപ്പെട്ടിരുന്നു. ഇ.ഡി ഇക്കാര്യത്തിൽ മറുപടി നൽകിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാവും ജാമ്യാപേക്ഷയിൽ അന്തിമ തീരുമാനമെടുക്കുക.

Tags:    
News Summary - "No Hope, Better To Die In Jail": Naresh Goyal To Court With Folded Hands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.