ലോകം കണികണ്ടുണരുന്ന നന്മ...
മലയാളിയുടെ പ്രഭാതങ്ങൾ ഇന്ന് മിൽമയിലൂടെയാണ്. ആറരക്കോടി ജനങ്ങളുടെ ഹൃദയത്തിൽ "കേരളം കണി കണ്ടുണരുന്ന നന്മ"യായി പതിഞ്ഞ മിൽമ, ഇന്ന് ലോകം കണികണ്ടുണരുന്ന നന്മയിലേക്കുള്ള ജൈത്രയാത്രയിലാണ്. ഒരു പാൽവിതരണ സഹകരണ സംഘം എന്നതിലുപരി, കോർപറേറ്റ് വമ്പന്മാരെപ്പോലും വിസ്മയിപ്പിക്കുന്ന പ്രൊഫഷണലിസത്തോടെ അന്താരാഷ്ട്ര വിപണിയിൽ തലയുയർത്തി നിൽക്കുന്ന ഒന്നാംകിട ബ്രാൻഡായി മിൽമ മാറിക്കഴിഞ്ഞു. ഗുണനിലവാരത്തിലുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനവും, കർഷകരോടുള്ള അചഞ്ചലമായ കരുതലും കൈമുതലാക്കി മിൽമ നടത്തുന്ന ഈ കുതിപ്പ്, കേരളത്തിന്റെ വാണിജ്യ ചരിത്രത്തിലെ സമാനതകളില്ലാത്ത സുവർണാധ്യായമാണ്.
മാറ്റങ്ങളുടെ അമരക്കാരൻ
"വെളുപ്പിന് നാലുമണിക്ക് പശുത്തൊഴുത്തിൽ വിളക്കുമായിറങ്ങുന്ന ലക്ഷക്കണക്കിന് അമ്മമാരുടെയും കർഷകരുടെയും വിയർപ്പാണ് മിൽമ. ആ കർഷകന്റെ അധ്വാനത്തിന് അർഹമായ വില തിരിച്ചുനൽകുക, അതോടൊപ്പം കേരളത്തിലെ കുഞ്ഞുങ്ങൾക്കും കുടുംബങ്ങൾക്കും മായമില്ലാത്ത ശുദ്ധമായ പാൽ എത്തിക്കുക. ഇതാണ് നമ്മുടെ ഒരേയൊരു ലക്ഷ്യം."-മിൽമ ചെയർമാൻ കെ.എസ്. മണിയുടെ ഈ വാക്കുകൾ മതി, മിൽമയുടെ ആത്മാവ് തൊട്ടറിയാൻ. കഴിഞ്ഞ എട്ടു വർഷമായി മിൽമയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിൽ ചെയർമാൻ കെ.എസ്. മണിയും ഭരണസമിതിയും വഹിക്കുന്ന പങ്ക് എടുത്തുപറയേണ്ടതാണ്.
മിൽമ ചെയർമാൻ കെ.എസ്. മണി
ചെയർമാന്റെ മികച്ച സേവനങ്ങളെ മാനിച്ച് ഇന്ത്യൻ ഡയറി അസോസിയേഷൻ 'മികച്ച ഡയറി പ്രൊഫഷണൽ അവാർഡ്' നൽകി ആദരിച്ചിരുന്നു. കാലം മാറുമ്പോൾ വിപണിയുടെ അഭിരുചികളും മാറുന്നുവെന്ന് തിരിച്ചറിഞ്ഞ ചെയർമാനും എം.ഡിയും ചേർന്ന് നടപ്പിലാക്കിയ ചരിത്രപരമായ ചുവടുവെപ്പായിരുന്നു 'റീ-പൊസിഷനിങ് മിൽമ'. തെക്ക്, മധ്യ, വടക്കൻ കേരളങ്ങളിൽ വ്യത്യസ്ത ശൈലികളിൽ വിറ്റഴിക്കപ്പെട്ടിരുന്ന ഉൽപ്പന്നങ്ങളെല്ലാം ഒരൊറ്റ കുടക്കീഴിൽ ഏകീകൃത നിലവാരത്തിലേക്ക് കൊണ്ടുവന്നു. പാക്കിംഗിലെ ആകർഷകമായ മാറ്റം, കൃത്യമായ ഡാമേജ് റീപ്ലേസ്മെന്റ് പോളിസി, നൂതനമായ ഡിജിറ്റൽ സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നിവയിലൂടെ മിൽമ പുത്തൻ ഊർജത്തോടെ വിപണിയിൽ പുനർജനിച്ചു.
ചായ മുതൽ റെഡി ടു ഈറ്റ് വരെ
ഓരോ തലമുറയുടെയും രുചിയും ആവശ്യങ്ങളും കൃത്യമായി അറിഞ്ഞാണ് ഇന്ന് മിൽമയുടെ യാത്ര. പാൽ, നെയ്യ് എന്നതിൽ നിന്ന് മാറി, 4 പ്രധാന സെഗ്‌മെന്റുകളിലായി വിപുലമായ ഉൽപ്പന്ന നിരയാണിപ്പോൾ വിപണിയിലുള്ളത്. 'റെഡി-ടു-ഈറ്റ്' വിഭവങ്ങളായി വെജിറ്റബിൾ ബിരിയാണി, പനീർ ബട്ടർ മസാല, പാൽപായസം, ഇൻസ്റ്റന്റ് ചപ്പാത്തി, ബട്ടർ പൊറോട്ട, ബട്ടൂര, ഇടിയപ്പം, ഉപ്പുമാവ് എന്നിവയെല്ലാം പുതിയ തലമുറയുടെ തീൻമേശകളിൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു.
ലോകോത്തര നിലവാരത്തിലുള്ള പ്രീമിയം ഡാർക്ക് ചോക്ലേറ്റുകൾ, നെയ്യ് ബിസ്കറ്റുകൾ, ബട്ടർ കുക്കീസ്, കുട്ടികൾക്കായുള്ള സിപ്പ്-അപ്പ്, പേഡ, സ്വാദിഷ്ടമായ ഐസ്ക്രീമുകൾ എന്നിവയ്ക്ക് വിപണിയിൽ ആവശ്യക്കാരേറെ. ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നവർക്കായി ഷുഗർ ഫ്രീ പേഡയും ഐസ്ക്രീമുകളും, പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആയുർവേദ ഗുണങ്ങളുള്ള 'ഗോൾഡൻ മിൽക്കും' പൗഡറുമുണ്ട്.
ലാഭത്തിന്റെ 99.2 ശതമാനവും കർഷകന്
കോർപറേറ്റ് കമ്പനികൾ ലാഭവിഹിതം പെരുപ്പിക്കാൻ മത്സരിക്കുമ്പോൾ മിൽമയിൽ നടപ്പാക്കുന്നത് പുതിയൊരു സാമ്പത്തിക ശാസ്ത്രമാണ്. 2023-24 സാമ്പത്തിക വർഷത്തിൽ 4,346 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവ് നേടിയ മിൽമ, സംസ്ഥാനതലത്തിൽ അതിന്റെ ലാഭത്തിന്റെ 92.5 ശതമാനവും തിരികെ നൽകുന്നത് താഴെത്തട്ടിലുള്ള ക്ഷീരകർഷകർക്കാണ്. മലബാർ മേഖല യൂണിയനിൽ മാത്രം തങ്ങൾക്ക് ലഭിച്ച അറ്റാദായത്തിന്റെ 99.2 ശതമാനവും അധിക പാൽവിലയായും കാലിത്തീറ്റ സബ്സിഡിയായും കർഷകന്റെ അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിച്ച് മിൽമ വിസ്മയം തീർത്തു. പാൽ വിൽപനയിലൂടെ ലഭിക്കുന്ന ഓരോ 100 രൂപയിലും 84 രൂപയിലധികവും നേരിട്ട് എത്തുന്നത് ഗ്രാമങ്ങളിലെ പാവപ്പെട്ട കർഷകന്റെ കൈകളിലേക്കാണ്. ഇന്ത്യയിൽ തന്നെ കർഷകന് ഏറ്റവും ഉയർന്ന പാൽവില നൽകുന്ന പ്രസ്ഥാനമാണ് മിൽമ.
ക്ഷീരമേഖലയിലെ സിംഹഭാഗവും സ്ത്രീകളാണെന്ന തിരിച്ചറിവിൽ ഈ വർഷം മാത്രം 126 കാരുണ്യ-ക്ഷേമ പദ്ധതികളാണ് മിൽമ നടപ്പാക്കുന്നത്. അർബുദ-വൃക്ക രോഗികളായ കർഷകർക്കുള്ള സഹായം മുതൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വരെയുള്ള കൈത്താങ്ങുകൾ ഇതിൽ ഉൾപ്പെടുന്നു.
കടൽ കടന്ന മലയാളപ്പെരുമ
കേരളത്തിന്റെ അതിരുകൾക്കപ്പുറം മിൽമയുടെ പ്രശസ്തി ഇന്ന് ലോകരാജ്യങ്ങളിലേക്ക് ചിറകുവിരിച്ചിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ, നെതർലാൻഡ്സ്, ന്യൂസിലാൻഡ്, മലേഷ്യ, സിംഗപ്പൂർ, മൗറീഷ്യസ്, ശ്രീലങ്ക, മാലിദ്വീപ്, ലക്ഷദ്വീപ് തുടങ്ങിയ നാടുകളിലെല്ലാം മിൽമയുടെ ഉൽപ്പന്നങ്ങൾ ഇന്ന് അഭിമാനത്തോടെ വിറ്റഴിക്കപ്പെടുന്നു. ലുലു ഗ്രൂപ്പുമായുള്ള അന്താരാഷ്ട്ര വിപണന പങ്കാളിത്തത്തിന് പുറമെ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിലൂടെ മിനിറ്റുകൾക്കകം ഉപഭോക്താവിന്റെ വീട്ടുപടിക്കൽ മിൽമ എത്തുന്നതും ഈ ആഗോള കുതിപ്പിന് കരുത്തേകുന്നു.
ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ല
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഗുണനിലവാരമില്ലാത്ത പാലുകളുടെ വെല്ലുവിളികളെ മിൽമ നേരിടുന്നത് "ഗുണനിലവാരത്തിൽ ഒരിഞ്ചുപോലും പിന്നോട്ടില്ല" എന്ന ഉറച്ച നിലപാടിലൂടെയാണ്. ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും മികച്ച പാൽ മലബാർ മിൽമയുടേതാണെന്ന മൃഗസംരക്ഷണ വകുപ്പിന്റെസാക്ഷ്യപത്രം ഇതിനുള്ള ഏറ്റവും വലിയ അംഗീകാരമാണ്. ഓണക്കാലത്ത് മലബാറിൽ മാത്രം പാലിന്റെ ആവശ്യം 8 ലക്ഷത്തിൽ നിന്ന് 30 ലക്ഷം ലിറ്ററായി ഉയരുമ്പോൾ, ഉയർന്ന വിലയ്ക്ക് പാൽ വാങ്ങി കോടികളുടെ നഷ്ടം സഹിച്ചും ജനങ്ങൾക്ക് മുടങ്ങാതെ എത്തിക്കുന്നത് അവർക്കുള്ള ഈ ആത്മാർത്ഥമായ കടപ്പാട് കൊണ്ടാണ്. ഈ വർഷത്തെ വിറ്റുവരവ് 5000 കോടിയിലെത്തി നിൽക്കുകയാണ്.
കേരളത്തിൽ പാൽ മിച്ചം വരുമ്പോൾ എന്തുചെയ്യുമെന്ന പതിറ്റാണ്ടുകളുടെ ആശങ്കക്ക് പരിഹാരമാണ് മലപ്പുറം മൂർക്കനാട് ഉയർന്ന അത്യാധുനിക പാൽപ്പൊടി ഫാക്ടറി. പ്രതിദിനം ഒരു ലക്ഷം ലിറ്റർ പാൽ സംസ്കരിച്ച് 10 ടൺ പാൽപ്പൊടി നിർമിക്കാൻ ശേഷിയുള്ള ഫാക്ടറിയിലൂടെ ഭാവിയിൽ ബേബി ഫുഡ് ഉൾപ്പെടെയുള്ള പുതിയ സാധ്യതകളിലേക്കാണ് വാതിൽ തുറക്കുന്നത്. ഇതോടൊപ്പം ഗ്രാമീണ ക്ഷീരസംഘങ്ങൾക്ക് ആധുനിക പാൽ പരിശോധനാ ഉപകരണങ്ങളും ബൾക്ക് മിൽക്ക് കൂളറുകളും നൽകി അവയെ അന്താരാഷ്ട്ര ISO സർട്ടിഫിക്കേഷനിലേക്ക് കൈപിടിച്ചുയർത്താനും മിൽമയ്ക്ക് സാധിച്ചു.
മിൽമ വെറുമൊരു ബ്രാൻഡല്ല; അതൊരു ജനതയുടെ ആത്മാവാണ്. നാട്ടിൻപുറത്തെ തൊഴുത്തിൽ നിന്ന് ആരംഭിച്ച് ലോകത്തിന്റെ വിപണിസാധ്യതകളെ ഒന്നടങ്കം കീഴടക്കുന്ന മിൽമയുടെ ഈ പ്രയാണം ഇന്ത്യയിലെ ബിസിനസ്സ് ലോകത്തിന് തന്നെ വലിയൊരു പാഠപുസ്തകമാണ്. കർഷകന്റെ വിയർപ്പിന് കാവൽ നിന്നുക്കൊണ്ട് ഈ വിപ്ലവം ലോകമാകെ പടരുമ്പോൾ ഓരോ മലയാളിക്കും അഭിമാനത്തോടെ നെഞ്ചുവിരിച്ചു പറയാം: "ഇത് നമ്മുടെ സ്വന്തം മിൽമ,'ലോകം' കണി കണ്ടുണരുന്ന നന്മ!"
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.