ഇനി വാട്സ്ആപ്പിലൂടെ വൈദ്യുതി, ഗ്യാസ് ബില്ലുകളും അടയ്ക്കാം

ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് പ്രതിദിന ഗാർഹിക ബില്ലുകൾ ആപ്പിലൂടെ നേരിട്ട് അടയ്ക്കുന്നതിനുള്ള ബിൽ പേയ്മെന്‍റ് ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ഘട്ടം ഘട്ടമായി ലഭ്യമാക്കി വരികയാണെന്നും വരും ആഴ്ചകളിൽ എല്ലാ ആക്റ്റീവ് ആൻഡ്രോയിഡ്, ഐ.ഒ.എസ് ഉപഭോക്താക്കൾക്കും ഇത് ലഭ്യമാകുമെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. മെറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ സാമ്പത്തിക സേവനങ്ങൾ വിപുലീകരിക്കുന്നതിന്‍റെയും ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്‍റ് മേഖലയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്‍റെയും ഭാഗമായാണ് ഈ പുതിയ തുടക്കം.

ഭാരത് ബിൽ പേയ്‌മെന്‍റ് സിസ്റ്റത്തിന്‍റെ ശൃംഖലയിലാണ് വാട്സ്ആപ്പ് ബിൽ പേയ്‌മെന്‍റ് സേവനം പ്രവർത്തിക്കുന്നത്. ഇതുവഴി 30 വിഭാഗങ്ങളിലായി ഏകദേശം 22,722 ബില്ലർമാരുടെ സേവനങ്ങൾ ലഭ്യമാകും. വൈദ്യുതി, ഗ്യാസ്, കുടിവെള്ളം, ഫാസ്ടാഗ് , ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ, വായ്പ തിരിച്ചടവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വാട്സ്ആപ്പ് ഹോം സ്ക്രീനിന്‍റെ മുകളിലുള്ള ഐക്കണിൽ ടാപ്പ് ചെയ്തുകൊണ്ട് ഉപഭോക്താക്കൾക്ക് ഈ സേവനം ഉപയോഗിക്കാം. കഴിഞ്ഞതും ഇനി വരാനിരിക്കുന്നതുമായ ബില്ലുകൾ കാണാനും ഒരു ബില്ലറിന് കീഴിൽ ഒന്നിലധികം അക്കൗണ്ടുകൾ മാനേജ് ചെയ്യാനും യു.പി.ഐ (UPI), ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ എന്നിവ ഉൾപ്പെടെ തങ്ങൾക്ക് താല്പര്യമുള്ള പേയ്‌മെന്‍റ് രീതി ഉപയോഗിച്ച് തുക അടയ്ക്കാനും ഇതിലൂടെ സാധിക്കും.

ഇന്ത്യയിൽ വാട്സ്ആപ്പ് പേയ്‌മെന്‍റ് സേവനങ്ങളുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ ബിൽ പേയ്‌മെന്റ് ഫീച്ചർ ആരംഭിച്ചിരിക്കുന്നത്. 2024 ജൂണിൽ രേഖപ്പെടുത്തിയ 3.7 കോടി (37 million) ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോൾ 2026 ജൂണിൽ വാട്സ്ആപ്പ് പേ വഴി 15 കോടി ഇടപാടുകളാണ് നടന്നത്. അതായത് നാലിരട്ടിയിലധികം വർധന. 

Tags:    
News Summary - You can now pay electricity and gas bills via WhatsApp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.