സ്വകാര്യവൽക്കരണ നീക്കത്തിൽ വ്യക്തത തേടി ഐ.എസ്.ആർ.ഒ ജീവനക്കാരുടെ സംഘടനകൾ; ചെയർമാന് കത്തയച്ചു

ന്യൂഡല്‍ഹി: ബഹിരാകാശ മേഖല സ്വകാര്യ കമ്പനികൾക്കായി തുറന്നുകൊടുത്ത് ആറ് വർഷത്തിന് ശേഷം ഐ.എ.സ്.ആർ.ഒയുടെ നിർമാണ, പ്രവർത്തന ചുമതലകൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറാനുള്ള നീക്കത്തിൽ ഔദ്യോഗിക വിശദീകരണം തേടി ആയിരക്കണക്കിന് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഒമ്പത് സംഘടനകൾ. ഐ.എസ്.ആർ.ഒ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ വി. നാരായണന് അയച്ച കത്തിൽ സർക്കാറിന്‍റെ സ്വകാര്യവൽക്കരണ നയം, ഐ.എസ്.ആർ.ഒ‍യുടെ ഭാവിയിലെ പങ്ക്, നിലവിലെ ജീവനക്കാരെയും ഭാവിയിലെ നിയമനങ്ങളെയും ഇത് എങ്ങനെ ബാധിക്കും എന്നീ കാര്യങ്ങളിലാണ് സംഘടനകൾ വ്യക്തത തേടിയിരിക്കുന്നത്.

വിവിധ ഐ.എസ്.ആർ.ഒ‍യുടെ കേന്ദ്രങ്ങളിൽ നിന്നുള്ള ജീവനക്കാരുടെ സംഘടനകൾ ഈ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷൻ, ഷാർ എംപ്ലോയീസ് അസോസിയേഷൻ, ഇസാക് (ISAC) എംപ്ലോയീസ് അസോസിയേഷൻ, ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷൻ-എൽ.പി.എസ്.സി (LPSC), ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷൻ-ബി.ബി.യു (BBU), എൻ.ആർ.എസ്.എ (NRSA) എംപ്ലോയീസ് യൂണിയൻ, സ്പേസ് എംപ്ലോയീസ് അസോസിയേഷൻ-ബി.ബി.യു, ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷൻ-ഐ.പി.ആർ.സി (IPRC), സാക് (SAC) എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ ചെയർമാൻ പവൻ കുമാർ ഗോയങ്ക അടുത്തിടെ ഒരു പരിപാടിയിൽ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് സംഘടനകൾ കത്തയച്ചത്. "ക്രമേണ, ഐ.എസ്.ആർ.ഒ വിക്ഷേപണ വാഹനങ്ങളൊന്നും നിർമിക്കില്ല. അതെല്ലാം സ്വകാര്യ മേഖലയോ പൊതുമേഖലാ സ്ഥാപനങ്ങളോ ആയിരിക്കും ചെയ്യുക," എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ച് ഈ മാറ്റം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നും, ഇത് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിലേക്കും എൽ.വി.എം 3യിലേക്കും വ്യാപിച്ചേക്കാമെന്നും അവർ ചൂണ്ടിക്കാട്ടി.

ഈ വിക്ഷേപണ വാഹനങ്ങളുടെ നിർമാണം കൈമാറാൻ ഉദ്ദേശിക്കുന്നതായുള്ള റിപ്പോർട്ടുകൾ, പതിവ് ഉപഗ്രഹ നിർമാണം ഐ.എസ്.ആർ.ഒയിൽ നിന്ന് മാറ്റുന്നത്, കുലശേഖരപട്ടണത്തെ സ്പേസ് ലോഞ്ച് കോംപ്ലക്സ് ഉൾപ്പെടെയുള്ള പുതിയ വിക്ഷേപണ അടിസ്ഥാന സൗകര്യങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് തുറന്നുകൊടുക്കുന്നത് എന്നിവയെക്കുറിച്ചുള്ള ആശങ്കകളും അവർ ഉന്നയിച്ചു.ഐ.എസ്.ആർ.ഒ ഇതിനകം തന്നെ 120ലോളം സാങ്കേതികവിദ്യകൾ സ്വകാര്യ മേഖലക്ക് കൈമാറിയ കാര്യവും കത്തിൽ പരാമർശിച്ചിട്ടുണ്ട്.

"ഈ പ്രസ്താവനകൾക്ക് ദേശീയ തലത്തിൽ വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. എന്നാൽ, അംഗീകൃത നയം, അതിന്റെ നിയമപരവും ഭരണപരവുമായ അടിസ്ഥാനം, ഘട്ടം ഘട്ടമായുള്ള മാറ്റങ്ങൾ, നിലവിലെ ജീവനക്കാർക്കും ഭാവിയിലെ നിയമനങ്ങൾക്കും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്നിവ വിശദീകരിച്ചുകൊണ്ട് ബഹിരാകാശ വകുപ്പിൽ നിന്ന് ജീവനക്കാർക്ക് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല," കത്തിൽ പറയുന്നു.

വിക്ഷേപണ വാഹനങ്ങളുടെയും ഉപഗ്രഹങ്ങളുടെയും നിർമാണത്തിൽ നിന്ന് ഐ.എസ്.ആർ.ഒ പിന്മാറാനുള്ള സാധ്യത ജീവനക്കാരിലും അവരുടെ കുടുംബങ്ങളിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സംഘടനകൾ വ്യക്തമാക്കി. ഇത്തരം ഒരു നീക്കം ഗവേഷണത്തിന് ശേഷമുള്ള പരീക്ഷണങ്ങളെ ബാധിക്കുകയും സ്ഥാപനത്തിനുള്ളിലെ ജോലികൾ കുറയ്ക്കുകയും അനുവദിക്കപ്പെട്ട ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയോ മരവിപ്പിക്കുകയോ ചെയ്യുമെന്നും സാങ്കേതിക, ശാസ്ത്ര, ഭരണ, സ്റ്റോർ, പർച്ചേസ്, ഗുണനിലവാര, സുരക്ഷാ, വ്യവസായ കേഡറുകളിലെ സ്ഥാനക്കയറ്റങ്ങൾക്കും നൈപുണ്യ വികസനത്തിനുമുള്ള അവസരങ്ങൾ ഇല്ലാതാക്കുമെന്നും കത്തിൽ പറഞ്ഞു.

വ്യക്തമായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് സ്വകാര്യ പങ്കാളിത്തത്തെയോ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് വഴിയുള്ള നിയമാനുസൃതമായ വാണിജ്യവൽക്കരണത്തെയോ തങ്ങൾ എതിർക്കുന്നില്ലെന്ന് ജീവനക്കാരുടെ സംഘടനകൾ പറഞ്ഞു. "സ്വകാര്യ പങ്കാളിത്തം പ്രാപ്തമാക്കുന്നതിനും ഐ.എസ്.ആർഒയുടെ സ്വന്തം നിർമാണ ശേഷി ഇല്ലാതാക്കുന്നതിനും ഇടയിൽ വ്യക്തമായ അതിർവരമ്പ് വരയ്ക്കുന്ന ഔദ്യോഗിക ഡി.ഒ.എസ് (DoS) നയരേഖ ഇല്ലാത്തതാണ് ആശങ്കക്ക് കാരണം," കത്തിൽ കൂട്ടിച്ചേർത്തു.

ഗോയങ്കയുടെ പരാമർശങ്ങൾ സർക്കാറിന്‍റെ നയത്തെയാണോ പ്രതിനിധീകരിക്കുന്നതെന്നും പി.എസ്.എൽ.വി, എൽ.വി.എം3, എസ്.എസ്.എൽ.വി എന്നിവയുടെയും അവയുടെ ഭാവി തലമുറ വാഹനങ്ങളുടെയും രൂപകൽപ്പന, വികസനം, നിർമാണം, സംയോജനം, പരിശോധന, വിക്ഷേപണം എന്നിവയുടെ ഉത്തരവാദിത്തം ഐ.എസ്.ആർ.ഒക്ക് തന്നെയായിരിക്കുമോ എന്നും സംഘടനകൾ കത്തിൽ ചോദിച്ചു.

Tags:    
News Summary - ISRO employee unions seek clarity on the privatization move

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.