ഇന്ത്യയുടെ പുനരുപയോഗ ഊർജ മേഖല ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഊർജ മേഖലയിൽ സൗരോർജം ഒന്നാമതായി തന്നെ തുടരുമെങ്കിലും ഇനി ഇന്ത്യയുടെ അടുത്ത പുനരുപയോഗ ഊർജ കുതിച്ചുചാട്ടം ബാറ്ററികളിലും ട്രാൻസ്മിഷനിലുമാകാമാകാം എന്നാണ് നിരീക്ഷണം. 2030 വരെ ഊർജോൽപ്പാദനത്തിൽ സൗരോർജം തന്നെയായിരിക്കും മുൻപന്തിയിലുണ്ടാവുക. എന്നാൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിക്കാനും വിതരണം ചെയ്യാനും നിയന്ത്രിക്കാനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലായിരിക്കും അടുത്ത ഘട്ടത്തിലെ വളർച്ചയെന്ന് "ഇന്ത്യൻ റിന്യൂവബിൾ എനർജി സെക്ടർ 2026–2030" എന്ന ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
2026 ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം, ഇന്ത്യക്ക് 300.51 ഗിഗാവാട്ട് (GW) ഫോസിൽ ഇതര ഊർജ ശേഷിയുണ്ട്. ഇതിൽ 291.73 ഗിഗാവാട്ട് പുനരുപയോഗ ഊർജമാണ്. 164.59 ഗിഗാവാട്ട് ശേഷിയുള്ള സൗരോർജമാണ് ഇതിൽ പ്രധാനം, കാറ്റിൽ നിന്നുള്ള ഊർജ ശേഷി 58.14 ഗിഗാവാട്ടാണ്. 2030 വരെ ഇന്ത്യയുടെ പുനരുപയോഗ ഊർജ വികസനത്തിൽ സൗരോർജം തന്നെയാകും മുന്നിലെന്നാണ് റിപ്പോർട്ട് പ്രതീക്ഷിക്കുന്നത്. 2026 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ 14.33 ഗിഗാവാട്ട് സൗരോർജ ശേഷിയാണ് ഇന്ത്യ കൂട്ടിച്ചേർത്തു, ഇതോടെ മൊത്തം സൗരോർജ ശേഷി 164.59 ഗിഗാവാട്ടായി.
അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ (IEA) കണക്കുകൂട്ടലുകൾ പ്രകാരം, 2030 വരെ ഇന്ത്യൻ സൗരോർജ ഉൽപ്പാദനം പ്രതിവർഷം 24% നിരക്കിൽ വളരും. സാങ്കേതികവിദ്യാ ചെലവുകൾ കുറയുന്നത്, വലിയ തോതിലുള്ള ലേലങ്ങൾ, വർധിച്ചുവരുന്ന വാണിജ്യ-വ്യാവസായിക ആവശ്യങ്ങൾ, റൂഫ്‌ടോപ്പ് സോളാറുകളുടെ ഉപയോഗം, സർക്കാർ ഇൻസെന്റീവുകൾ, ആഭ്യന്തര നിർമാണം എന്നിവയാണ് ഇതിന് സഹായിക്കുന്നത്.
എന്നാൽ, സൗരോർജ രംഗത്തെ അതിവേഗ വളർച്ച അടിസ്ഥാന സൗകര്യ മേഖലയിൽ പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. പകൽ സമയത്ത് മാത്രമാണ് സൗരോർജ ഉൽപ്പാദനം സാധ്യമാകുന്നത്. എന്നാൽ വൈദ്യുതിയുടെ ആവശ്യം വൈകുന്നേരങ്ങളിലും രാത്രിയിലും തുടരുന്നു. പുനരുപയോഗ ഊർജം ആവശ്യമുള്ള സമയത്തും സ്ഥലത്തും ലഭ്യമാക്കാൻ സ്റ്റോറേജും (സംഭരണം) ഗ്രിഡ് അടിസ്ഥാന സൗകര്യങ്ങളും അത്യന്താപേക്ഷിതമാകുന്നത് ഇതുകൊണ്ടാണ്.
ഇന്ത്യയുടെ അടുത്ത പുനരുപയോഗ ഊർജ കുതിപ്പിൽ ഊർജ സംഭരണ (Energy Storage) മേഖല വലിയ നേട്ടം കൊയ്യും. റിപ്പോർട്ട് ബാറ്ററി സ്റ്റോറേജിന് ഫൈവ്-സ്റ്റാർ റേറ്റിങ് നൽകുന്നു, സൗരോർജത്തിനും ട്രാൻസ്മിഷൻ അടിസ്ഥാന സൗകര്യങ്ങൾക്കുമൊപ്പം ഏറ്റവും മികച്ച നിക്ഷേപ മേഖലയായി ഇതിനെ വിലയിരുത്തുന്നു.
ലിഥിയം-അയൺ ബാറ്ററികൾ, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങൾ, പമ്പ്ഡ്-സ്റ്റോറേജ് ഹൈഡ്രോ, ഫ്ലോ ബാറ്ററികൾ, പുതിയ ലോങ്-ഡ്യൂറേഷൻ സ്റ്റോറേജ് സാങ്കേതികവിദ്യകൾ എന്നിവ ഭാവിയിൽ വലിയ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്‍റെ അടിസ്ഥാന മാതൃക ലളിതമാണ്. പകൽ സമയത്തെ സൗരോർജം ഉപയോഗിച്ച് ബാറ്ററികൾ ചാർജ് ചെയ്യാം, തുടർന്ന് വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയങ്ങളിൽ അവ ഉപയോഗിക്കാം. പരമ്പരാഗത പുനരുപയോഗ ഊർജ ഉൽപ്പാദന വിപണിയേക്കാൾ വേഗത്തിൽ ഇന്ത്യയിലെ സ്റ്റോറേജ് വിപണി വളരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
വൈദ്യുതി സംഭരണം സമയത്തിന്റെ പ്രശ്നം പരിഹരിക്കുമ്പോൾ, ട്രാൻസ്മിഷൻ (വൈദ്യുതി വിതരണം) സ്ഥലത്തിന്‍റെ പ്രശ്നമാണ് പരിഹരിക്കുന്നത്. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഉപഭോക്താക്കളിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ സാമ്പത്തിക മൂല്യം സൃഷ്ടിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട്, ട്രാൻസ്മിഷൻ മേഖലയെ ഒരു നിർണായക വെല്ലുവിളിയായും ഒപ്പം വലിയ അവസരമായുമാണ് കാണുന്നത്.
സൗരോർജ മേഖലയുടെ അതിവേഗ വികസനത്തിനൊപ്പം പിടിച്ചുനിൽക്കാൻ ട്രാൻസ്മിഷൻ അടിസ്ഥാന സൗകര്യങ്ങൾക്ക് കഴിയാത്തതിനാൽ പല പുനരുപയോഗ ഊർജ പദ്ധതികൾക്കും ഇതിനകം തന്നെ തടസങ്ങൾ നേരിട്ടിട്ടുണ്ട്. ഇത് ട്രാൻസ്മിഷൻ ലൈനുകൾ, സബ്‌സ്റ്റേഷനുകൾ, ഗ്രിഡ് ഓട്ടോമേഷൻ, സ്മാർട്ട് ഗ്രിഡുകൾ തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു.
ഇന്ത്യയുടെ ഹരിത ഊർജ അടിസ്ഥാന സൗകര്യ വികസനത്തിന് ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. 2030ഓടെ 500 ഗിഗാവാട്ട് എന്ന ലക്ഷ്യത്തിലെത്താൻ നിലവിലുള്ള 300.5 ഗിഗാവാട്ടിന് പുറമേ ഏകദേശം 199.5 ഗിഗാവാട്ട് അധിക ശേഷി കൂടി രാജ്യത്തിന് ആവശ്യമാണ്. ഇത് വിതരണ കമ്പനികൾക്കും ബാറ്ററി നിർമാതാക്കൾക്കും വലിയ അവസരങ്ങൾ നൽകുന്നു. അതേസമയം, വ്യവസായവൽക്കരണം, നഗരവൽക്കരണം, ഡാറ്റാ സെന്‍ററുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ കാരണം 2030 വരെ വൈദ്യുതി ഉപയോഗം പ്രതിവർഷം ഏകദേശം 6.4% നിരക്കിൽ വളരുമെന്നാണ് പ്രവചനം.
ഇന്ത്യയുടെ പുനരുപയോഗ ഊർജ മാറ്റം കേവലം പുതിയ വൈദ്യുതി ഉൽപ്പാദന ശേഷി കൂട്ടിച്ചേർക്കുന്നതിനപ്പുറത്തേക്ക് വളരുകയാണെന്ന് റിപ്പോർട്ട് വാദിക്കുന്നു. പുതിയ ഘട്ടത്തെ "ജനറേഷൻ + സ്റ്റോറേജ് + ട്രാൻസ്മിഷൻ + മാനുഫാക്ചറിംഗ് + ഡിജിറ്റൽ ഗ്രിഡ് + ഗ്രീൻ മോളിക്യൂൾസ്" എന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.
നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, ഇന്ത്യയുടെ പുനരുപയോഗ ഊർജ മേഖലക്ക് റിപ്പോർട്ട് 8.8/10 എന്ന മികച്ച റേറ്റിങ് നൽകുന്നു. ഇന്ത്യയുടെ അടുത്ത പുനരുപയോഗ ഊർജ മുന്നേറ്റം കൂടുതൽ ഹരിത വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങില്ല, ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഫലപ്രദമായി ഉപയോഗിക്കുന്നതിന് ആവശ്യമായ ബാറ്ററികൾ, ട്രാൻസ്മിഷൻ നെറ്റ്‌വർക്കുകൾ, ഗ്രിഡ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിർമിക്കുന്നതിലാകും ഭാവിയിലെ ശ്രദ്ധ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.