ജയറാം രമേശ്
‘അഞ്ച് കുടുംബങ്ങളുടെ സമ്പത്ത് 400% വർധിച്ചു, സാധാരണക്കാരുടെ കടബാധ്യത റെക്കോർഡ് ഉയരത്തിൽ’; ജിഡിപി കണക്ക് യഥാർഥ ചിത്രം വ്യക്തമാക്കുന്നില്ലെന്ന് ജയറാം രമേശ്
ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള പുതിയ ജിഡിപി കണക്കുകൾ സമ്പദ്‌വ്യവസ്ഥയുടെ യഥാർഥ ചിത്രം വ്യക്തമാക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഉപഭോക്തൃ ആത്മവിശ്വാസത്തിലെ ഇടിവ്, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, വിദ്യാഭ്യാസം നേടിയവരിലെ തൊഴിലില്ലായ്മ, കുടുംബങ്ങളുടെ വർധിച്ച കടബാധ്യത എന്നിവ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കേന്ദ്രസർക്കാരിനെ വിമർശിച്ചത്.
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ അഞ്ച് കുടുംബങ്ങളുടെ സമ്പത്ത് 400 ശതമാനം വർധിച്ചപ്പോൾ ശമ്പളജീവനക്കാരുടെ യഥാർഥ വേതനം കുറഞ്ഞതായും കുടുംബങ്ങളുടെ സമ്പാദ്യനിരക്ക് താഴ്ന്നതായും കടബാധ്യത റെക്കോർഡ് ഉയരത്തിലെത്തിയതായും അദ്ദേഹം പറഞ്ഞു.
2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യ 7.8 ശതമാനം ജിഡിപി വളർച്ച രേഖപ്പെടുത്തിയതായി തിങ്കളാഴ്ച പുറത്തുവന്ന ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയത്.
ജി.ഡി.പി വളർച്ച ഉയർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും സ്വകാര്യ നിക്ഷേപ മേഖലയിലെ മന്ദഗതി അതിൽ പ്രതിഫലിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര, വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം ദുർബലമാണ്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഉപഭോക്തൃ ആത്മവിശ്വാസം. 2025 നവംബർ മുതൽ ഇത് തുടർച്ചയായി ഇടിയുകയാണെന്നും രമേശ് ചൂണ്ടിക്കാട്ടി.
കുടുംബങ്ങളുടെ ദൈനംദിന ചെലവിനെ ബാധിക്കുന്ന അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വിദ്യാഭ്യാസം നേടിയവരിലെ തൊഴിലില്ലായ്മയും ആശങ്കാജനകമായ നിലയിലാണ്. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി തുടരുന്നതും സമ്പദ്‌വ്യവസ്ഥക്ക് തിരിച്ചടിയാണ്. ഏതാനും വൻകിട വ്യവസായ ഗ്രൂപ്പുകൾക്ക് പ്രധാന മേഖലകളിൽ ലഭിക്കുന്ന അമിത സ്വാധീനം ദോഷകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.
ജിഡിപി വളർച്ചയുടെ പേരിൽ കേന്ദ്രസർക്കാർ നടത്തുന്ന ആഘോഷം യാഥാർഥ്യത്തെ അവഗണിക്കുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം ‘അകാല ആഘോഷം’ മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, ജിഡിപി വളർച്ചയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ നേട്ടമായാണ് വിശേഷിപ്പിച്ചത്. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ 7.8 ശതമാനം വളർച്ച ഇന്ത്യയുടെ കരുത്താണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും എണ്ണവിലയിലെ ആഘാതവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും മറികടന്നാണ് രാജ്യം ഈ വളർച്ച കൈവരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.