ന്യൂഡൽഹി: കേന്ദ്ര മന്ത്രി നിർമല സീതാരാമന്‍റെ അധ്യക്ഷതയിൽ ജി.എസ്.ടി കൗൺസിൽ യോഗം സെപ്തംബർ 12ന് ചേരും. വ്യാപാരികളും വ്യവസായികളും നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കുക, നികുതി റീഫണ്ടുകൾ വേഗത്തിലാക്കുക തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ പ്രധാന ചർച്ചയാകും. രാജ്യത്തെ മൊബൈൽ ഫോണുകളുടെ വില കുത്തനെ കുറഞ്ഞേക്കുമെന്നതാണ് യോഗത്തിന്‍റെ പ്രധാന ആകർഷണം. 25000 രൂപവരെയുള്ള ഫോണുകളുടെ ജിഎസ്ടി 5 ശതമാനം വരെ കുറച്ചേക്കും. നിലവിൽ മൊബൈൽ ഫോണുകളുടെ ജിഎസ്.ടി 18 ശതമാനമാണ്.
മൊബൈൽ ഫോൺ വിപണിയിലെ മാന്ദ്യം ഒഴിവാക്കാനും, രാജ്യത്തെ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലക്ക് കൂടുതൽ കരുത്ത് പകരാനും ഈ ഇളവ് സഹായകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. നിരക്ക് ഇളവ് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായാൽ സ്മാർട്ട്ഫോണുകൾ സാധാരണക്കാർക്ക് കൂടുതൽ ലഭ്യമാകും. ആഗോള പ്രതിസന്ധികളെ തുടർന്ന് മെമ്മറി ചിപ്പുകളുടെ വില കുത്തനെ കൂടിയതിന്‍റെ പശ്ചാത്തലത്തിൽ മൊബൈൽ കമ്പനികൾ ഫോണുകളുടെ വില കൂട്ടിയിരുന്നു. ജി.എസ്.ടി കൗൺസിൽ യോഗത്തിന്‍റെ ഭാഗമായി നിരക്കിൽ ഇളവ് വരികയാണെങ്കിൽ കമ്പനികൾക്കും സാധാരണക്കാർക്കും അത് ഒരുപോലെ ആശ്വാസമാകും.
പല മേഖലകളിലും ഉൽപ്പന്നങ്ങളുടെ നിർമ്മാണച്ചെലവിനേക്കാൾ ഉയർന്ന നികുതി അസംസ്കൃത വസ്തുക്കൾക്ക് ഈടാക്കുന്ന ഇൻവേർട്ടഡ് ഡ്യൂട്ടി ഘടന മൂലമുള്ള പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കൗൺസിൽ ലക്ഷ്യമിടുന്നുണ്ട്. നികുതി ഘടനയിലെ സങ്കീർണ്ണതകൾ ഒഴിവാക്കി ബിസിനസ്സ് സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് ജി.എസ്.ടി കൗൺസിലിന്റെ പ്രധാന ലക്ഷ്യമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു. നികുതി നിയമങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതോടെ വ്യാപാരികൾക്ക് അനുയോജ്യമായ രീതിയിൽ ജി.എസ്.ടി നടപടിക്രമങ്ങൾ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.