ന്യൂഡല്‍ഹി: യു.പി.ഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആര്‍) പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ധനമന്ത്രാലയം. ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പവും അനാവശ്യ ഭീതിയും സൃഷ്ടിക്കും. യു.പി.ഐ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയെന്നതാണ് സർക്കാർ നയമെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
നേരത്തെ 3,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് പുനഃസ്ഥാപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്-യു.പി.ഐ വഴി പണം സ്വീകരിക്കുന്നതിന് വ്യാപാരികള്‍ ബാങ്കുകള്‍ക്കും യു.പി.ഐ സേവനദാതാക്കള്‍ക്കും നെറ്റ്‌വര്‍ക്ക് ദാതാക്കൾക്കും നല്‍കേണ്ട തുകയാണ് എം.ഡി.ആർ. 2020 മുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ യു.പി.ഐ ഇടപാടുകള്‍ക്ക് എം.ഡി.ആര്‍ ഈടാക്കുന്നില്ല. ഇതിന് പുറമെ 2,000 രൂപക്ക് താഴെയുള്ള ഇടപാടുകള്‍ക്ക് 0.15 ശതമാനം ഇന്‍സെന്റീവും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. 2024-25 ബജറ്റില്‍ 1,500 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനായി മാറ്റിവെച്ചത്.
ഇടപാടുകൾ കുത്തനെ ഉയർന്നതിന് പിന്നാലെ, യു.പി.ഐ സംവിധാനം സജ്ജമാക്കുന്നതിനായി വൻ തുക ചെലവഴിക്കേണ്ടി വരുന്നതായി സേവനദാതാക്കൾ സർക്കാറിനെ അറിയിച്ചിരുന്നു. 20 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള വ്യാപാരികളില്‍നിന്ന് 0.3 ശതമാനം എം.ഡി.ആര്‍ ഈടാക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ, സ്വീകരിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ ഫീസ് ഈടാക്കിയാൽ മതിയെന്നാണ് സർക്കാർ നിലപാട്. രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളിൽ 80 ശതമാനവും യു.പി.ഐ മുഖേനയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.