മുംബൈ: വില കുറച്ച് ആകർഷകമായ ഇ.എം.ഐ ഓഫറുകൾ നൽകി ഇരുചക്ര വാഹന യാത്രക്കാരെ കൊണ്ട് കാർ വാങ്ങിപ്പിക്കാനുള്ള പദ്ധതിയുമായി രാജ്യത്തെ ഏറ്റവും വലിയ യാത്ര വാഹന നിർമാതാക്കളായ മാരുതി സുസുകി. ആൾട്ടോ, എസ്-പ്രസോ തുടങ്ങിയ ചെറിയ കാറുകളുടെ വിൽപന കുത്തനെ ഇടിഞ്ഞതോടെയാണ് കമ്പനി പുതിയ തന്ത്രവുമായി രംഗത്തെത്തിയത്. ഈ സാമ്പത്തിക വർഷം 2.20 ലക്ഷം മുതൽ 2.50 ലക്ഷം മിനി കാറുകൾ വിൽക്കാനാണ് മാരുതിയുടെ ലക്ഷ്യം. 2020 സാമ്പത്തിക വർഷം കമ്പനി കൈവരിച്ച 2.47 ലക്ഷം എന്ന സംഖ്യയാണ് റെക്കോർഡ് വിൽപന.
സ്പോട്സ് യൂട്ടിലിറ്റി വെഹിക്കിൾ അതായത് എസ്.യു.വി വാഹനങ്ങളുടെ ഡിമാൻഡ് വർധിച്ചതും വായു മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ കടുപ്പിച്ചതുമാണ് മിനി കാറുകൾക്ക് തിരിച്ചടിയായത്. അഞ്ച് വർഷം മുമ്പ് മിനി കാർ വിപണിയിൽ 51 ശതമാനം നിയന്ത്രണം മാരുതിക്കായിരുന്നു. എന്നാൽ, വിപണി പങ്കാളിത്തം 40.9 ശതമാനത്തിലേക്ക് ഇടിഞ്ഞു.
ജി.എസ്.ടി വെട്ടിക്കുറച്ചത് മിനി കാറുകളുടെ വിൽപനക്ക് ഊർജം പകരുമെന്നാണ് മാരുതിയുടെ പ്രതീക്ഷ. ജി.എസ്.ടി പുതുക്കിയതോടെ വിലയിൽ 11 മുതൽ 13 ശതമാനം വരെ കുറവാണുണ്ടായത്. മാത്രമല്ല, നവരാത്രി ആഘോഷ ഭാഗമായി ഇരുചക്ര വാഹനയാത്രക്കാരെ ആകർഷിക്കാൻ 1999 രൂപയുടെ ഇ.എം.ഐ വായ്പ പദ്ധതിയും മാരുതി പ്രഖ്യാപിച്ചിട്ടുണ്ട്.
1999 രൂപയുടെ ഇ.എം.ഐ വായ്പ പദ്ധതിക്ക് വൻ പ്രതികരണമാണ് ലഭിക്കുന്നതെന്നും കാർ വാങ്ങാൻ മടിച്ച ഇരുചക്ര വാഹന യാത്രക്കാർ മാരുതിയുടെ ഷോറൂം സന്ദർശിക്കാൻ തുടങ്ങിയെന്നും മുതിർന്ന എക്സികുട്ടിവ് ഓഫിസർ പാർതോ ബാനർജി പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒക്ടോബറിൽ ആൾട്ടോ കാറിന് 60 ശതമാനത്തോളം അധിക ബുക്കിങ് ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വില ഗണ്യമായി കുറഞ്ഞത് മാരുതിയുടെ മിനി കാർ വിൽപന വർധിപ്പിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധരും സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ 1000 പേർക്ക് 36 കാർ എന്നത് ആഗോളതലത്തിലെ കണക്കുകളെ അപേക്ഷിച്ച് വളരെ കുറവാണ്. അതുകൊണ്ട് കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഇരുചാക്ര വാഹന യാത്രക്കാർക്ക്, കുറഞ്ഞ വിലയും ചെറിയ ഇ.എം.ഐയും ഉത്തേജനം പകരുമെന്ന് എസ്&പി ഗ്ലോബൽ മൊബിലിറ്റി ഡയറക്ടർ പുനീത് ഗുപ്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.