കോവിഡ് അവസരമാക്കി മലയാളി സ്റ്റാര്‍ട്ട്അപ്പ്

നാടും നഗരവും നിശ്ചലമാക്കിയ കോവിഡ് ഒന്നാം തരംഗത്തിലെ ലോക്ക്ഡൗണ്‍. ഒഴിവാക്കാനാകാത്ത സാഹചര്യത്തിലല്ലാതെ വീടിനു പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥ. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും ഉയര്‍ന്ന വിലയ്ക്കാണ് കോവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ പോലും വില്‍ക്കുന്നത്. അഞ്ചു രൂപയുടെ മാസ്‌കിന് 25 രൂപ, 100 മില്ലി സാനിട്ടൈസറിന് 160 രൂപ. അങ്ങനെ ഓരോ ഉത്പന്നത്തിനും വില തോന്നുംപോലെ.

ദുരന്തകാലത്ത് കൊള്ളലാഭം കൊയ്യുന്ന ഈ കച്ചവട വിപണിയെ പൊളിച്ചെഴുതാന്‍ മൂന്നു യുവാക്കള്‍ മുന്നിട്ടിറങ്ങി. കൊച്ചി സ്വദേശി ജിജി ഫിലിപ്പും സുഹൃത്തുക്കൾ അഭിലാഷ് വിജയനും ഹബീബ് റഹ്മാനും. കോവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ആവശ്യക്കാരിലെത്തിക്കുകയായിരുന്നു ലക്ഷ്യം. അവിടെ നിന്നായിരുന്നു ഡയഗണ്‍കാര്‍ട്ട് (diaguncart.com) എന്ന ഇ-കൊമേഴ്‌സ് സ്ഥാപനത്തിന്റെ തുടക്കം.

സ്വന്തമായൊരു സംരംഭം

സ്വന്തമായി ഒരു സംരംഭം തുടങ്ങുക മൂവരുടേയും സ്വപ്നമായിരുന്നു. കോവിഡാനന്തരം വിപണിയില്‍ സംഭവിക്കാവുന്ന മാറ്റങ്ങളേക്കുറിച്ചും സ്റ്റാര്‍ട്ട്അപ്പുകളുടെ സാധ്യതകളേക്കുറിച്ചും നിരന്തരം ചര്‍ച്ച ചെയ്യുമായിരുന്നു. മാസ്‌കും സാനിട്ടൈസറും വാങ്ങാന്‍ കടയില്‍ ചെന്നപ്പോള്‍ തനിക്കുണ്ടായ അനുഭവം കൂട്ടുകാരുമായി പങ്കുവച്ചിരുന്നു. തുടര്‍ന്നുണ്ടായ ചര്‍ച്ചകളില്‍ നിന്നാണ് കുറഞ്ഞ വിലയ്ക്ക് അവ ആവശ്യക്കാർക്കെത്തിക്കാനുള്ള ശ്രമം നടത്താൻ തീരുമാനിച്ചതെന്ന് ഡയഗണ്‍കാര്‍ട്ട് സിഇഒയും കോ-ഫൗണ്ടറുമായി ജിജി ഫിലിപ്പ് പറഞ്ഞു.

ഡല്‍ഹിയില്‍ നിന്ന് പതിനഞ്ച് ഇനം കോവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ വാങ്ങി. അതൊരു ചെറിയ സൈറ്റില്‍ പ്രദര്‍ശിപ്പിച്ചു. ഫേസ്ബുക്കില്‍ സൈറ്റിന്റെ ലിങ്ക് ഉള്‍പ്പെടെ പ്രമോട്ട് ചെയ്തു. വിലക്കുറവായിരുന്നു മുഖ്യ ആകര്‍ഷണം. പ്രതീക്ഷിച്ചതിലുമേറെ സ്വീകാര്യത ഈ ശ്രമത്തിന് ലഭിച്ചു. കേരളത്തിന് പുറത്തുനിന്നുപോലും ആവശ്യക്കാരെത്തി. ഉത്പന്നം ഓര്‍ഡര്‍ ചെയ്യാനായി വിളിക്കുന്നവര്‍ വില കേള്‍ക്കുമ്പോള്‍ പണം മുന്‍കൂറായി തരാന്‍ പോലും തയാറായിരുന്നെന്ന് ഡയഗൺകാർട്ട് കോ-ഫൗണ്ടറും സിഎഫ്ഒയുമായ ഹബീബ് റഹ്‌മാൻ പറയുന്നു.

വളര്‍ച്ചയുടെ ആദ്യപടി

കാര്യമായ മൂലധന നിക്ഷേപമോ മുന്നൊരുക്കമോ ഇല്ലാതെ തുടങ്ങിയ ശ്രമം വിജയം കണ്ടതോടെ അതിനെ വിപുലമാക്കാന്‍ തീരുമാനിച്ചു. ഡയഗണ്‍കാര്‍ട്ട് എന്ന നിലയിലേക്കുള്ള വളര്‍ച്ചയുടെ തുടക്കം അവിടെ നിന്നാണ്. സാധാരണ ഇ-കൊമേഴ്‌സ് സൈറ്റ് ഉണ്ടാക്കി പ്രവര്‍ത്തന സജ്ജമാക്കിയെടുക്കാന്‍ ഒരു വര്‍ഷത്തോളം കാത്തിരിപ്പും പണച്ചെലവും ആവശ്യമാണ്. അതിനു നിൽക്കാതെ ഓപ്പണ്‍ സോഴ്‌സിലായിരുന്നു സൈറ്റ് നിര്‍മിച്ചത്. രണ്ട് ദിവസം കൊണ്ട് സൈറ്റ് പ്രവര്‍ത്തന സജ്ജമായി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിര്‍ച്വല്‍ ഓഫീസും ക്രമീകരിച്ചു.

സ്പീഡ് പോസ്റ്റും ഡി.റ്റി.ഡി.സിയും മറ്റ് കൊറിയര്‍ കമ്പനികളുമായി സഹകരിച്ച് ഉത്പന്നങ്ങള്‍ കസ്റ്റമേഴ്‌സില്‍ എത്തിക്കാനുള്ള വിതരണ ശൃംഖല ഒരുക്കി. ആദ്യഘട്ടം നാല്‍പതോളം പ്രൊഡക്ടുകൾ സൈറ്റില്‍ ലിസ്റ്റ് ചെയ്തു. ഒരു ലക്ഷം രൂപയായിരുന്നു അടിസ്ഥാന മൂലധനം.

കേരളത്തിലെവിടേയും മൂന്ന് രൂപക്ക് മാസ്‌ക്

സൈറ്റ് ലോഞ്ചിനൊപ്പം ഒരു കാമ്പയിനും കമ്പനി ആരംഭിച്ചു, 'മൂന്ന് രൂപയ്ക്ക് കേരളത്തിലെവിടേയും മാസ്‌ക്'. ഡയഗണ്‍കാര്‍ട്ടിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായി ഈ കാമ്പയിന്‍ മാറി. അന്നത്തെ കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ഡയഗണ്‍കാര്‍ട്ട് ജനങ്ങള്‍ക്കായി തുറന്നു. പത്രങ്ങൾ കാമ്പയിന് മികച്ച പ്രചാരണം നൽകി. 24 മണിക്കൂറിനുള്ളില്‍ ഉത്പന്നം വീട്ടിലെത്തുമെന്നതും ഡയഗണ്‍കാര്‍ട്ടിനെ ജനകീയമാക്കി. സൈറ്റില്‍ സന്ദർശകർ വർധിച്ചു തുടങ്ങി. ഉപഭോക്താക്കളുടെ മികച്ച പിന്തുണ ലഭിച്ചതോടെ കൂടുതല്‍ ഉത്പന്നങ്ങള്‍ സൈറ്റില്‍ ഉള്‍പ്പെടുത്തി. ഓണത്തോടനുബന്ധിച്ച് ഇറക്കിയ ഓണക്കിറ്റും സ്വീകാര്യത നേടി. മാര്‍ക്കറ്റിനേയും ഉപഭോക്താക്കളേയും വ്യക്തമായി പഠിക്കുകയായിരുന്നു ഒരു വര്‍ഷക്കാലം. ഈ മേഖലയിലെ ഉയര്‍ച്ച താഴ്ചകളെ വ്യക്തമായി മനസിലാക്കാന്‍ ഇക്കാലയളവില്‍ സാധിച്ചു - ഡയഗൺകാർട്ട് സിടിഒയും കോ ഫൗണ്ടറുമായ അഭിലാഷ് വിജയൻ പറഞ്ഞു.

ഉത്പന്നങ്ങളുടെ എണ്ണം ഇപ്പോൾ ആയിരം കടന്നു. അര ലക്ഷത്തിലധികം സംതൃപ്തരായ ഉപഭോക്താക്കളുമായി 10 കോടിയുടെ വാര്‍ഷിക വിറ്റുവരവാണ് കമ്പനി ആദ്യ വര്‍ഷം നേടിയത്. വിദേശ വിമാന കമ്പനികളായ ഇത്തിഹാദ്, എമിറേറ്റ്‌സ് എന്നിവയ്ക്ക് ഇന്ത്യയില്‍ കോവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതും ഡയഗണ്‍കാര്‍ട്ടാണ്.

വിശ്വാസ്യത

ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുക എന്നതാണ് ഏതൊരു ഇ-കൊമേഴ്‌സ് സ്ഥാപനവും നേരിടുന്ന പ്രഥമമായ വെല്ലുവിളി. കൊച്ചി കേന്ദ്രീകരിച്ചുള്ള ഓഫീസ് അഡ്രസ്സും സമയ ബന്ധിതമായ വിതരണവും കൃത്യതയും കമ്പനിയേക്കുറിച്ചുള്ള വിശ്വാസ്യത വര്‍ധിപ്പിച്ചു. വില്‍പ്പനാനന്തര സേവനങ്ങളിലെ കാര്യക്ഷമതയും ഉപഭോക്താക്കളുടെ മതിപ്പിന് കാരണമായി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ കസ്റ്റമര്‍ സര്‍വ്വീസ് സെന്ററിന്റെ സേവനം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു എന്നതും സ്വീകാര്യത വർധിപ്പിച്ചു.

വളര്‍ച്ചയുടെ പുതിയ ഘട്ടം

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 100-200 കോടിയുടെ വില്‍പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒപ്പം രണ്ടായിരത്തിലധികം തൊഴിലവരസങ്ങളും സൃഷ്ടിക്കും. 'ഇലക്ട്രോണിക് ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും ഉള്‍പ്പെടെ കൂടുതല്‍ പ്രൊഡക്ടുകള്‍ കസ്റ്റമേഴ്‌സിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഏത് ഉത്പന്നവും സൈറ്റില്‍ നിന്നു വാങ്ങാം. വിലക്കുറവ്, ഗുണനിലവാരം, വില്പനാനന്തര സേവനം എന്നിവക്കാണ് മുന്‍ഗണന നല്‍കുന്നത്. ക്വാളിറ്റിയാണ് ഡയഗണ്‍കാര്‍ട്ടിന്റെ മുഖമുദ്ര.

കൂടുതല്‍ പ്രൊഡക്ടുകള്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം 24 മണിക്കൂറിനുള്ളിൽ പ്രൊഡക്ട് കസ്റ്റമേഴിസിലെത്തുമെന്ന് ഉറപ്പു വരുത്തും വിധം സ്വന്തം വിതരണ ശൃംഖലയും യാഥാര്‍ഥ്യമാകും. ഇതിനായ് സെന്‍ട്രല്‍ വെയര്‍ഹൗസുകളും ഏരിയ വെയര്‍ഹൗസുകളും മൈക്രോ വെയര്‍ഹൗസുകളും ക്രമീകരിക്കും. ലോക്കല്‍ റെപ്രസന്റേറ്റിവ്മാരിലൂടെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ ഭാഗത്തു നിന്ന് ചിന്തിക്കുന്ന സംരംഭകരുടെ ദീര്‍ഘവീക്ഷണവും ആസൂത്രണവുമാണ് കോവിഡ് പ്രതിസന്ധിക്കിടയിലും കമ്പനിയെ വിജയത്തിലെത്തിച്ചത്.

ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും അരങ്ങ് വാഴുന്ന കേരള മാര്‍ക്കറ്റില്‍ മലയാളികള്‍ രൂപം നല്‍കിയ ഡയഗണ്‍കാര്‍ട്ട് ജനങ്ങളുടെ വിശ്വാസവും അംഗീകാരവും നേടി ഇ-കൊമേഴ്‌സ് രംഗത്ത് ചുവടുറപ്പിച്ചിരിക്കുകയാണ്. പ്രതിസന്ധികളും സംഘര്‍ഷങ്ങളുമാണ് ഒരു നേതാവിനെ സൃഷ്ടിക്കുന്നതെന്ന് പറയുന്നതു പോലെ അനിശ്ചിതത്വം നിറഞ്ഞ മാര്‍ക്കറ്റ് സാഹചര്യമാണ് ഒരു സംരംഭകനെ ചലഞ്ച് ചെയ്യുന്നതും വിജയത്തിലെത്തിക്കുന്നതും. കോവിഡ് പ്രതിസന്ധികളെ അവസരമാക്കി മാറ്റിയ ഡയഗണ്‍കാര്‍ട്ട് അതിന് അടിവരയിടുന്നു.

Tags:    
News Summary - Malayalee startup DiaGun Cart utilised Covid Opportunity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.